ഡോ വി ശിവദാസനും ജോണ്‍ ബ്രിട്ടാസും രാജ്യസഭാ സ്ഥാനാര്‍ഥികള്‍

0
83

സിപിഐ എം സംസ്ഥാന കമ്മറ്റി അംഗം ഡോ വി ശിവദാസനും കൈരളി ന്യൂസ് എംഡി ജോണ്‍ ബ്രിട്ടാസും എല്‍ഡിഎഫ് പ്രതിനിധികളായി രാജ്യസഭയിലേക്ക് മത്സരിക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. ഇടത് സര്‍ക്കാര്‍ കഴിഞ്ഞ 5 വര്‍ഷം നടത്തിയ മികച്ച ഭരണത്തിന് വലിയ ജനകീയ അംഗീകാരം ലഭിക്കുമെന്നാണ് പൊതുവെ മുന്നണിയോഗം വിലയിരുത്തിയതെന്നും വിജയരാഘവന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് കാലത്ത് കേരളത്തിന്റെ പൊതുപുരോഗതി ലക്ഷ്യമാക്കി സര്‍ക്കാര്‍ നടത്തിയ നല്ല പ്രവര്‍ത്തനത്തോട് നിഷേധാത്മക സമീപനം യുഡിഎഫ് സ്വീകരിച്ചു. മുഖ്യമന്ത്രിക്കെതിരെ വ്യക്തിപരമായ ആക്ഷേപം നടത്തി. ജനം അത് നിരാകരിക്കും. യുഡിഎഫ് നടത്തുന്ന തെറ്റായ പ്രചരണത്തിന്റെ തുടര്‍ച്ച ബിജെപി നടത്തുന്നതാണ് തെരഞ്ഞെടുപ്പ് കാലത്ത് പൊതുവെ കണ്ട പ്രവണത. തെരഞ്ഞെടുപ്പിന് ശേഷവും പ്രതിപക്ഷ നേതാവ് തരംതാണ പ്രസ്താവന നടത്തുകയാണ്. ഇതിന്റെ അനുരണനം തന്നെയാണ് വി മുരളീധരനില്‍ നിന്നും ഉണ്ടാകുന്നത്.

മുഖ്യമന്ത്രിയെ വ്യക്തിപരമായി തേജോവധം ചെയ്യുന്ന രീതി പ്രതിപക്ഷ നേതാവും കേന്ദ്ര മന്ത്രിയും തുടരുകയാണ്. ഇവരൊക്കെ വഹിക്കുന്ന സ്ഥാനത്തിന്റെ ഗൗരവം പ്രസ്താവനകളില്‍ നിഴലിക്കുന്നില്ല. കോവിഡ് പ്രതിരോധ പ്രവര്‍ത്തനം ജനകീയമാക്കാന്‍ പ്രവര്‍ത്തകര്‍ ഇടപെടണമെന്നും കൂടുതല്‍ വാക്‌സിന്‍ കേരളത്തിന് അനുവദിക്കണമെന്ന് ഇടതുപക്ഷ മുന്നണി ആവശ്യപ്പെടുകയാണെന്നും വിജയരാഘവന്‍ വിശദീകരിച്ചു.

മാധ്യമരംഗത്തെ പ്രതിനിധികളെ രാജ്യസഭയലേക്ക് മുമ്പും അയക്കുകയുണ്ടായി. അവര്‍ മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്. അതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരം തീരുമാനമെടുത്തതെന്ന് സ്ഥാനാര്‍ഥികളുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് അദ്ദേഹം മറുപടി നല്‍കി.എല്ലാ കേഡര്‍മാരേയും വിലയിരുത്തി അതില്‍ നിന്നും രണ്ട് പേരെ ചുമതലപ്പെടുത്തി. അവരുടെ കഴിവും കരുത്തും അടക്കം പാര്‍ട്ടി പരിശോധിച്ചാണ് രാജ്യസഭയുലേക്ക് അയക്കുന്നതെന്നും വിജയരാഘവന്‍ വ്യക്തമാക്കി.