കൊവിഡ് വ്യാപനം രൂക്ഷം ; കുംഭമേള നാളെ അവസാനിക്കുമെന്ന് സംഘാടകര്‍

0
71

കൊവിഡിന്‍റെ രണ്ടാം തരംഗം രാജ്യത്ത് രൂക്ഷമായിക്കൊണ്ടിരിക്കുന്നതിനിടെ കൊവിഡ് സ്ഥിതികള്‍ അതീവ ഗുരുതരമായ ഉത്തര്‍പ്രദേശില്‍ നടക്കുന്ന കുംഭമേള നാളെ അവസാനിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

ലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന കുംഭമേള കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് നടക്കുന്നതെന്ന് വ്യാപകമായ അഭിപ്രായമുണ്ടായിരുന്നു.

ഇതിനിടയില്‍ കുംഭമേളയില്‍ പങ്കെടുക്കുന്നവര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകകൂടി ചെയ്തതോടെ കാര്യങ്ങള്‍ കൂടുതല്‍ ഗൗരവതരമായി. 14 ലക്ഷത്തിലധികം പേരാണ് കുംഭമേളയില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്നത്.

കുംഭമേളയില്‍ പങ്കെടുത്ത മൂവായിരത്തോളം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ഒരാള്‍ മരിക്കുകയും ചെയ്തതിന് പിന്നാലെയാണ് കുംഭമേള നാളെ അവസാനിപ്പിക്കാന്‍ സംഘാടകര്‍ തീരുമാനിച്ചത്. ഏപ്രില്‍ 30 വരെയായിരുന്നു കുംഭമേള നടക്കേണ്ടിയിരുന്നത്.

കുംഭമേളയിൽ കോവിഡ് പ്രോട്ടോകോളുകൾ പാലിക്കാത്തത് ചൂണ്ടി കാട്ടി രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചതിനെ തുടർന്നാണ് ചടങ്ങുകൾ അവസാനിപ്പിക്കുന്നത്. അതേസമയം ഏപ്രില്‍ 27 ലെ ചൈത്രപൂര്‍ണിമ ആഘോഷത്തിന്‍റെ കാര്യം സംസ്ഥാനത്തെ കൊവിഡ് സ്ഥിതി അവലോകനം ചെയ്ത ശേഷം തീരുമാനിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.