എട്ട്‌ വർഷം മുൻപുള്ള കേസുകൾക്ക് വരെ നഷ്‌ടപരിഹാരം നൽകി കെഎസ്ആർടിസി

0
84

1993 മുതൽവിവിധ കാലഘട്ടങ്ങളിൽകെഎസ്ആർടിസി അപകടത്തിൽപ്പെട്ടവർക്കുള്ള നഷ്‌ടപരിഹാര ഇനത്തിൽ മുടങ്ങിക്കിടന്ന തുക വിതരണം ചെയ്‌ത്‌ തുടങ്ങി. കെഎസ്ആർടിസിയുടെ പ്രത്യേക പാക്കേജിന്റെ ഭാഗമായി നടപ്പിലാക്കിയ അദാലത്ത് വഴിയാണ് 121 കേസുകളിലെ 88,80,990 രൂപ വിതരണം ചെയ്‌തത്.

വർഷങ്ങളായി കെഎസ്ആർടിസി അപകടത്തിൽപ്പെടുന്നവർക്ക് കോടതികൾ വിധിക്കുന്ന നഷ്ടപരിഹാര തുക കെഎസ്ആർടിസിയുടെ സാമ്പത്തിക പ്രതിസന്ധി കാരണം നൽകാൻ കഴിഞ്ഞിരുന്നില്ല. ആ ഇനത്തിൽ 1179 കേസുകളിലായി 62 കോടി രൂപയോളം നൽകാൻ ഉണ്ടായിരുന്നു. ഇത് കൂടിക്കൂടി വരവെ വേഗത്തിൽ കൊടുത്ത് തീർക്കുന്നതിന് വേണ്ടിയാണ് പദ്ധതി ആവിഷ്‌കരിച്ചത്.

1997 ജനുവരി 17 ൽ ഉത്തരവ് ആയ 1993 ൽ ഫയൽ ചെയ്ത OP(MV)733/1993 കേസിന് വരെ നഷ്ടപരിഹാരം നൽകിയിട്ടുണ്ട്. കഴിഞ്ഞ ഏപ്രിൽ 10 ന് നാഷണൽ ലോ അദാലത്ത് ദിനത്തിന്റെ ഭാഗമായി ഹൈക്കോടതിയുടെ ലീഗൽ അതോറിറ്റിയുമായി ചേർന്ന് നടപ്പിലാക്കിയ പലിശ രഹിത സെറ്റിൽമെന്റിൽ പങ്കെടുത്ത 121 പേർക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിച്ചു.

പലിശ രഹിത പദ്ധതിയിൽ ചേരുന്നവർക്ക് 15 ദിവസത്തിനകം തുക ലഭിക്കുമെന്ന പ്രത്യേകതയും ഉണ്ട്. 5 ലക്ഷം രൂപയ്ക്ക് താഴെ നഷ്ടപരിഹാരം ലഭിക്കേണ്ടവർപലിശ രഹിത സെറ്റിൽമെന്റിന് താൽപര്യമുണ്ടെങ്കിൽ അതാത് യൂണിറ്റുകളിൽ അപേക്ഷ നൽകിയാൽ മുൻഗണനാ ക്രമം അനുസരിച്ച് നഷ്ടപരിഹാരം നൽകുമെന്ന് സിഎംഡി ബിജുപ്രഭാകർ ഐഎഎസ് അറിയിച്ചു.