അഭിമന്യു കൊലപാതകം: പ്രതികളില്‍ പ്രധാനി സജ് ജിത്ത് സജീവ ആര്‍എസ്എസ് പ്രവര്‍ത്തകന്‍; ചിത്രങ്ങള്‍ പുറത്ത്

0
96
കൊലപാതകിയെന്ന് സംശയിക്കുന്ന സജ് ജിത്ത് ആര്‍എസ്എസ് ക്യാമ്പില്‍ പരിശീലനത്തില്‍

വള്ളികുന്നത്ത് എസ്എഫ്ഐ പ്രവർത്തകനായ അഭിമന്യുവിന്റെ കൊലപാതകത്തിൽ പങ്കില്ലെന്ന് ആർഎസ്എസ് ആവർത്തിക്കുമ്പോൾ സംഭവത്തിൽ പ്രധാനിയെന്ന് സംശയിക്കുന്ന സജ് ജിത്ത് ആർഎസ്എസ് പരിശീലന ക്യാമ്പിൽ പങ്കെടുക്കുന്ന ചിത്രങ്ങൾ പുറത്തുവന്നു. ആർഎസ്എസ് ശാഖാ പരിശീലനത്തിൽ പങ്കെടുക്കുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നത്.

കൊലപാതകത്തിൽ ആർഎസ്എസിനെ രക്ഷിച്ചെടുക്കാൻ മാധ്യമങ്ങളും സംഘ്പരിവാറും ശ്രമം നടത്തുമ്പോഴാണ് പ്രതികളിലൊരാളുടെ ആർഎസ്എസ് ബന്ധം വ്യക്തമാക്കുന്ന ചിത്രങ്ങൾ പുറത്തുവന്നത്.
തങ്ങളുടേത്‌ സിപിഐ എം കുടുംബമാണെന്നും അഭിമന്യു സ്‌കൂളിൽ എസ്എഫ്ഐയുടെ സജീവ പ്രവർത്തകനുമാണെന്ന്‌ അച്‌ഛൻ അമ്പിളികുമാർ വ്യക്തമാക്കിയിരുന്നു.

പലപ്പോഴും ആർഎസ്എസ് പ്രവർത്തകർ തങ്ങളെ ഭീഷണിപ്പെടുത്തിയിരുന്നു. മുൻപ് ആർഎസ്എസ് പ്രവർത്തകർ തന്റെ വാഹനം തകർത്ത സംഭവത്തിലും വീടിന് നേരെ നടന്ന അക്രമത്തിലും പോലീസിൽ കേസ് നൽകിയിരുന്നു.ഈ വൈരാഗ്യമാണ് അഭിമന്യുവിനെ കൊലപെടുത്തിയതിന്‌ പിന്നിലെന്നും അമ്പിളി കുമാർ പറഞ്ഞു.

മൂത്തമകൻ അനന്തു ഡിവൈഎഫ്‌ഐ പ്രവർത്തകനാണ്. മകൻ അഭിമന്യു രാഷ്ട്രീയപ്രവർത്തകൻ ആണോ എന്നാണ് മാധ്യമങ്ങൾ തന്നോട് ചോദിച്ചത്. രാഷ്ട്രീയ പ്രവർത്തകൻ അല്ല എന്നും എസ്എഫ്‌ഐ പ്രവർത്തകൻ ആണ് എന്നുമാണ് താൻ പറഞ്ഞതെന്നും അഭിമന്യുവിന്റെ പിതാവ് അമ്പിളി കുമാർ പറഞ്ഞു. തങ്ങളുടേത്‌ പാരമ്പര്യ കമ്യൂണിസ്റ്റ് കുടുംബമാണെന്നും, കൊച്ചുമകൻ എസ് എഫ് ഐ പ്രവർത്തകനുമായതാണ് ആർ എസ് എസ് സംഘം അവനെ കൊല്ലാൻ കാരണമെന്ന് മുത്തച്ഛൻ ദിവാകരൻ പറഞ്ഞു.

വള്ളികുന്നം പടയണിവെട്ടം ക്ഷേത്രത്തിലെ വിഷു ഉത്സവ ദിനമായ ബുധനാഴ്ച രാത്രി 9.30 ന് ആണ് നാടിനെ നടുക്കിയ അരുംകൊല നടന്നത്. ക്ഷേത്രവളപ്പിന് കിഴക്കുള്ള മൈതാനത്തുവച്ച് അഭിമന്യുവിന്റെ വയറിന്റെ ഇടതുഭാഗത്ത് കുത്തുകയായിരുന്നു. നാല് സെന്റീമീറ്റർ വ്യാസത്തിൽ വയറിൽ കത്തി ആഴ്ന്നിറങ്ങി.

ബുധനാഴ്ച വൈകിട്ട് നാലോടെ ഒരുസംഘമാളുകൾ ക്ഷേത്രപരിസരത്തെ കടകൾക്ക് പിന്നിൽ മാരകായുധങ്ങൾ ഒളിപ്പിച്ച് വച്ചതായി ദൃക്സാക്ഷികൾ പറയുന്നു. കൊലപാതകത്തിന് മണിക്കൂറുകൾക്ക് മുമ്പ് ക്ഷേത്രപരിസരത്ത് അക്രമം വല്ലതും നടന്നോയെന്ന് ചിലർ വിളിച്ചന്വേഷിച്ചതായി പൊലീസ് പറഞ്ഞു. ആർഎസ്എസ് ക്രിമിനൽ സംഘവുമായി ബന്ധമുള്ള, കാപ്പ ചുമത്തി ജില്ലയിൽനിന്ന് പുറത്താക്കിയ ചിലർ സമീപ ദിവസങ്ങളിൽ പ്രദേശത്തുണ്ടായിരുന്നതായും പറയപ്പെടുന്നു.

സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. കേസുമായി ബന്ധപ്പെട്ട് ആരെയും ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. കുത്തിയത് ഒരാളാണെങ്കിലും നാലോ അഞ്ചോ പേരടങ്ങുന്ന സംഘമാണ് കൃത്യത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം. ആർഎസുഎസുകാരായ പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായും അറിയുന്നു.

 

ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ജി ജയദേവ്, ചെങ്ങന്നൂർ ഡിവൈഎസ്പി ആർ ജോസ്, അഡീഷണൽ എസ്പി നസീം മാവേലിക്കര സിഐ പ്രൈജു, വള്ളികുന്നം സിഐ മിഥുൻ, നൂറനാട് സിഐ ഷിബുകുമാർ, കുറത്തികാട് സിഐ സാബു, വെൺമണി സി ഐ ഷിഹാബുദ്ദീൻ, ചെങ്ങന്നൂർ സിഐ ബിജുകുമാർ എന്നിവരാണ് അന്വേഷണ സംഘത്തിൽ. ഇവർക്ക് പുറമേ ഷാഡോ പൊലീസ് സംഘവും സൈബർ സെൽ സംഘവും അന്വേഷണത്തിനുണ്ട്.