കേരളത്തില്‍ വ്യാപനതോത് കൂടിയ വൈറസ്

0
66

കോവിഡിന്റെ രണ്ടാം തരംഗത്തിൽ സംസ്ഥാനത്ത്‌ പടരുന്നത് രോഗവ്യാപനതോത്‌ ഏറിയ വൈറസാണെന്ന്‌‌ പഠനം. വൈറസുകളുടെ ​ജനിതകശ്രേണി പഠനത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ആദ്യം ബ്രിട്ടനിലും പിന്നീട്‌ അമേരിക്കയും ഇന്ത്യയുമടക്കം വിവിധ രാജ്യങ്ങളിലും ജനിതകമാറ്റം സംഭവിച്ച വൈറസിനെ തിരിച്ചറിഞ്ഞിട്ടുണ്ട്.

സമാനമായി കേരളത്തിലും വൈറസിന് തനതായ ജനിതകമാറ്റം സംഭവിച്ചെന്നാണ് കണ്ടെത്തല്‍. കേരളത്തിലെ ജനിതകമാറ്റം സംഭവിച്ച വൈറസുകളുടെ വംശാവലി ഉപവിഭാഗം എ2എ ആണെന്ന പ്രാഥമിക നി​ഗമനത്തിലാണ് ​ഗവേഷകര്‍. രോഗവ്യാപന സാധ്യത കൂടുതലുള്ള വിഭാ​ഗമാണിത്.

കോഴിക്കോട് മെഡിക്കൽ കോളേജിന്റെ സഹായത്തോടെ ഡൽഹി സിഎസ്ഐആറിന്റെ കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആൻഡ്‌ ഇന്റഗ്രേറ്റീവ് ബയോളജി, അക്കാദമി ഓഫ് സയന്റിഫിക് ആൻഡ്‌ ഇന്നവേറ്റീവ് റിസർച്ച് എന്നിവ സംയുക്തമായാണ് കേരളത്തിലെ ജനിതകമാറ്റം സംഭവിച്ച വൈറസുകളെക്കുറിച്ച് പഠിച്ചത്. വിവിധ ജില്ലകളിൽനിന്ന് ശേഖരിച്ച‌ 179 വൈറസുകളുടെ ജനിതക ശ്രേണീകരണമാണ്‌ പഠനത്തിൽ നടത്തിയത്‌.

മറ്റ് രാജ്യങ്ങളില്‍ നിന്നും ജനിതകമാറ്റം സംഭവിച്ച വൈറസ് മൂലം രോ​ഗികളായവര്‍ കേരളത്തിലും എത്തിയിട്ടുണ്ട്. എന്നാൽ വിദേശ വംശാവലിയിൽപ്പെട്ട ഇത്തരം രോഗാണുക്കളുമായി കേരളത്തിലെ വൈറസുകള്‍ക്ക് സാമ്യം കണ്ടെത്താനായിട്ടില്ല.