തിരുവനന്തപുരം പള്ളിപ്പുറത്ത് സ്വർണവ്യാപാരിയെ ആക്രമിച്ച് 100 പവൻ സ്വർണം കവർന്ന സംഭവത്തിൽ അഞ്ച് പ്രതികൾ കസ്റ്റഡിയിൽ. പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനവും കസ്റ്റഡിയിലെടുത്തു എന്നതാണ് വിവരം. പ്രതികളെ കിളിമാനൂർ സ്റ്റേഷനിലെത്തിച്ചു. വിവരം പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
പ്രതികൾ രണ്ട് വാഹനത്തിലാണ് സഞ്ചരിച്ചിരുന്നത്. ഈ വാഹനങ്ങൾ ഉപയോഗിച്ചാണ് ഇവർ രത്നവ്യാപാരിയുടെ വാഹനം തടഞ്ഞുനിർത്തിയത്. ഇതിൽ ഒരു വാഹനം പൊലീസ് കണ്ടെടുത്തതായും വിവരമുണ്ട്. ഇവരെ പ്രാഥമികമായി ചോദ്യം ചെയ്തതിൽ ചില നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ട്.
പ്രാദേശികമായി ഗൂഡാലോചന നടത്തിയതിനു ശേഷമായിരുന്നു കവർച്ച. സമ്പത്തുമായി ബന്ധപ്പെട്ട ചിലരും കവർച്ചാസംഘത്തിൽ ഉണ്ടായിരുന്നു എന്നാണ് സൂചന. കവർച്ചാ സമയത്ത് ഉണ്ടായിരുന്നത് 8 പേർ ആയിരുന്നു എന്നാണ് സമ്പത്ത് നൽകിയ മൊഴി. ആക്രമിക്കാൻ 6 പേരും വാഹനത്തിൽ രണ്ടു പേരും ഉണ്ടായിരുന്നു എന്തായിരുന്നു മൊഴി. എന്നാൽ, ഇതിനു പിന്നിൽ മറ്റു ചിലർ കൂടി ഉണ്ടെന്ന് പൊലീസ് കണക്കുകൂട്ടുന്നു.
കുറച്ച് ദിവസങ്ങൾക്കു മുൻപായിരുന്നു സംഭവം. വൈകുന്നേരം ഏഴര മണിയോടെ വാഹനം തടഞ്ഞുനിർത്തി വണ്ടിയിൽ ഉണ്ടായിരുന്നവരെ ആക്രമിച്ചും മുളകുപൊടി എറിഞ്ഞും കവർച്ചക്കാർ 100 പവൻ സ്വർണം തട്ടിയെടുക്കുകയായിരുന്നു.
ജനുവരി 20 ന് തമിഴ്‌നാട് തക്കലയിൽ വച്ചും സമാനമായ കവർച്ച നടന്നിരുന്നുവെന്നും സമ്പത്ത് പറഞ്ഞു. അന്ന് സ്വർണ്ണം വിറ്റ് കിട്ടിയ 70 ലക്ഷം രൂപ നഷ്ടമായി. സമ്പത്തിന്റെ പഴയ ഡ്രൈവറും സുഹൃത്തുക്കളും ചേർന്നായിരുന്നു അന്ന് കവർച്ച നടത്തിയത്.ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ തമിഴ്‌നാട്ടിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു.