മംഗളൂരു ബോട്ടപകടം; കാണാതായ ഒമ്പത് പേർക്കായി തെരച്ചിൽ തുടരും

0
73

മംഗളൂരു ബോട്ടപകടത്തിൽ കാണാതായ ഒമ്പത് പേർക്കായി ഇന്നും തെരച്ചിൽ തുടരും. അപകട കാരണം മീൻപിടുത്ത ബോട്ട് കപ്പൽ ചാലിലേക്ക് നിയന്ത്രണം വിട്ട് കയറിപ്പോയതുകൊണ്ടെന്ന് കോസ്റ്റൽ പൊലീസ്. ബോട്ടിലെ സ്രാങ്ക് ഉറങ്ങിപ്പോയതായി സംശയം. കപ്പലിന് പുറകിൽ ബോട്ട് അങ്ങോട്ട് പോയി ഇടിക്കുകയായിരുന്നു. രക്ഷപ്പെട്ടവരുടെ മൊഴി പ്രകാരമാണ് നിഗമനമെന്ന് കോസ്റ്റൽ പൊലീസ് അറിയിച്ചു.

ഇന്നലെ പുലർച്ചെ 2.30ന് മംഗലപുരത്ത് നിന്ന് 60 നോട്ടിക്കൽ മൈൽ അകലെയായിരുന്നു ബോട്ടപകടം. ബേപ്പൂരിൽ നിന്ന് മത്സ്യബന്ധനത്തിന് പുറപ്പെട്ട ബോട്ട് മംഗലപുരം പുറംകടലിൽ വിദേശ കപ്പലിലിടിച്ച് തകർന്ന് മൂന്ന് പേരാണ് മരിച്ചത്. അപകടത്തിൽ നിന്ന് രക്ഷപ്പെട്ട രണ്ട് പേരെ മംഗളൂരു വെൻലോക്ക് ആശുപത്രിയിലേക്ക് മാറ്റി.

കോസ്റ്റ്ഗാർഡിന്റെ കപ്പലിലാണ് രക്ഷപ്പെട്ടവരെയും മരിച്ച മൂന്ന് പേരുടെ മൃതദേഹങ്ങളും മംഗലാപുരത്താണ് എത്തിച്ചത്. അപകടത്തിൽപ്പെട്ടവരിൽ ഏഴ് പേർ തമിഴ്‌നാട്ടുകാരും മറ്റുളളവർ ബംഗാൾ, ഒഡീഷ സ്വദേശുകളുമാണ്. മരിച്ചവരിൽ രണ്ട് പേർ തമിഴ്നാട് സ്വദേശികളും ഒരാൾ പശ്ചിമ ബംഗാൾ സ്വദേശിയുമാണ്.

ഞായറാഴ്ച രാത്രി ബേപ്പൂരിൽ നിന്ന് മൽസ്യബന്ധനത്തിനായി മംഗലാപുരം തീരത്തേക്ക് പോയ ഐഎഫ്ബി റബ്ബ എന്ന ബോട്ടാണ് വിദേശ കപ്പലുമായി കൂട്ടിയിടിച്ച് തകർന്നത്. ബേപ്പൂർ സ്വദേശി ജാഫറിന്റെ ഉടമസ്ഥതയിലുളള ബോട്ടാണിത്. അപകടത്തിൽ ബോട്ട് പൂർണമായും തകർന്നു.

സിങ്കപ്പൂരിൽ നിന്നുളള എപിഎൽ ലീ ഹാർവേ എന്ന ചരക്ക് കപ്പലുമായാണ് ബോട്ട് കൂട്ടിയിടിച്ചത്. കടലിൽ തെറിച്ചുവീണ ബംഗാൾ സ്വദേശി സുനിൽ ദാസ്, തമിഴ്‌നാട് സ്വദേശി വേൽമുരുകൻ എന്നിവരെ കപ്പലിലുണ്ടായിരുന്നവർ രക്ഷിച്ചു. കപ്പലിലുളളവർ നൽകിയ വിവരമനുസരിച്ച് മംഗലാപുരത്ത് നിന്ന് കോസ്റ്റ് ഗാർഡ് സംഘം സ്ഥലത്തെത്തി നടത്തിയ തെരച്ചിലിലാണ് മൂന്ന് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്