ഐ.എസ്.ആര്‍.ഒ ചാരക്കേസ് : മുദ്രവച്ച കവറിലെ റിപ്പോര്‍ട്ട് സുപ്രീം കോടതി നാളെ പരിഗണിക്കും

0
69

ഐ.എസ്.ആര്‍.ഓ ചാരക്കേസില്‍ നമ്പി നാരായണനെതിരെ ഗൂഢാലോചന നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ സ്വീകരിക്കേണ്ട നടപടിയെ സംബന്ധിച്ച റിപ്പോര്‍ട്ട് സുപ്രീം കോടതി നാളെ പരിഗണിക്കും. കേസില്‍ കക്ഷി ചേരാനായി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ അപേക്ഷയിലും നാളെ സുപ്രീം കോടതി തീരുമാനം എടുക്കും.

ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി, കൃഷ്ണ മുരാരി എന്നിവര്‍ അടങ്ങിയ സുപ്രീം കോടതി ബെഞ്ചാണ് ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ നമ്പി നാരായണനെതിരെ ഗൂഢാലോചന നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ സ്വീകരിക്കേണ്ട നടപടിയെ സംബന്ധിച്ച റിപ്പോര്‍ട്ട് പരിഗണിക്കുന്നത്. മുദ്രവച്ച കവറിലാണ് ജസ്റ്റിസ് ഡി കെ ജയിന്‍ അധ്യക്ഷനായ സമിതി റിപ്പോര്‍ട്ട് സുപ്രീം കോടതിക്ക് കൈമാറിയിരുന്നത്.

നിയമസഭാ തെരെഞ്ഞെടുപ്പ് പ്രചാരണത്തിനായി തിരുവനന്തപുരത്ത് നടത്തിയ പ്രസംഗത്തില്‍ ഐ.എസ്.ആര്‍.ഒ ചാരക്കേസ് പ്രധാനമന്ത്രി നരേന്ദ്ര മോദി പരാമര്‍ശിച്ചിരുന്നു, കോണ്‍ഗ്രസിലെ എ, ഐ ഗ്രൂപ്പ് തര്‍ക്കത്തിന്റെ പേരിലാണ് നമ്പി നാരായണനെന്ന ശാസ്ത്രജ്ഞന്റെ ശാസ്ത്രജീവിതം പരിപൂര്‍ണമായി അവസാനിച്ചത് എന്നായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം.

2018 സെപ്റ്റംബറിലാണ് ഐ.എസ്.ആര്‍.ഒ ചാരക്കേസിന് പിന്നിലെ ഗൂഡാലോചനയെക്കുറിച്ച് അന്വേഷിക്കാന്‍ ജസ്റ്റിസ് ഡി കെ ജയിന്‍ അധ്യക്ഷനായ സമിതിക്ക് സുപ്രീം കോടതി രൂപം നല്‍കിയത്.

കേന്ദ്ര ആഭ്യന്തര വകുപ്പിലെ മുന്‍ അഡീഷണല്‍ സെക്രട്ടറി ബി കെ പ്രസാദ്, കേരളത്തിലെ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി വി എസ് സെന്തില്‍ എന്നിവരാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പ്രതിനിധികളായി സമിതിയില്‍ ഉള്ളത്. 2020 ഡിസംബര്‍ 14,15 തീയതികളില്‍ ജസ്റ്റിസ് ജയിന്റെ അധ്യക്ഷതയിലുള്ള സമിതി തിരുവനന്തപുരത്ത് തെളിവെടുപ്പ് നടത്തിയിരുന്നു. നമ്പി നാരായണന്റെ ഭാഗം സമിതി വിശദമായി കേട്ടിരുന്നു.