കോവിഡ് വാക്‌സിൻ കേരളം ഫലപ്രദമായി ഉപയോഗിക്കുന്നു: കേന്ദ്ര ആരോഗ്യ- കുടുംബക്ഷേമ മന്ത്രാലയം

0
107

കോവിഡ് വാക്‌സിൻ ഫലപ്രദമായി ഉപയോഗിക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് കേന്ദ്ര ആരോഗ്യ- കുടുംബക്ഷേമ മന്ത്രാലയം. കേരളത്തിൽ പാഴായി പോകുന്ന വാക്‌സിന്റെ നിരക്ക് പൂജ്യമാണെന്നും മന്ത്രാലയം വ്യക്തമാക്കി. ലഭ്യമാകുന്ന കോവിഡ് വാക്സിൻ സംസ്ഥാനങ്ങൾ ശരിയായി ഉപയോഗിക്കുന്നില്ലെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ വിമർശിച്ചു.

സംസ്ഥാനങ്ങൾക്ക് ലഭിച്ച കോവിഡ് 19 വാക്സിൻ ഡോസുകളുടെ എണ്ണം 13.10 കോടി ആണെന്നും പാഴാക്കൽ ഉൾപ്പെടെ മൊത്തം ഉപഭോഗം 11.43 കോടി ആണെന്നും രാജേഷ് ഭൂഷൺ പറഞ്ഞു. 1.67 കോടിയിലധികം ഡോസുകൾ നിലവിൽ സംസ്ഥാനങ്ങൾക്ക് ലഭ്യമാണ്. 2.01 കോടി ഡോസുകൾ സപ്ലൈ ചെയ്യാൻ തയ്യാറായിരിക്കുകയാണ്.

കോവിഡ് വാക്സിൻ കുറയുന്നതല്ല രാജ്യത്തെ പ്രശ്നമെന്നും സംസ്ഥാനങ്ങൾ ഇത് ദുരുപയോഗം ചെയ്യുന്നതാണ് പ്രശ്നമെന്നും മന്ത്രാലയം പറഞ്ഞു. അതേസമയം ചെറിയ സംസ്ഥാനങ്ങളിൽ 8-9 ദിവസത്തിനുള്ളിൽ വാക്സിൻ ലഭിക്കുമെന്ന് സർക്കാർ അറിയിച്ചു.

‘ഇതുവരെ ഞങ്ങൾ 13,10,90,000 ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നൽകിയിട്ടുണ്ട്. ഒരു വശത്ത് വാക്സിൻ പാഴാക്കാതെ ഉപയോഗിക്കുന്ന കേരളം പോലുള്ള സംസ്ഥാനം നമുക്ക് മുന്നിലുണ്ട്. മറുവശത്ത് നിരവധി സംസ്ഥാനങ്ങൾ വാക്സിൻ 8-9ശതമാനം വരെ പാഴാക്കുന്നു’; രാജേഷ് ഭൂഷൺ പറഞ്ഞു.

മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഡൽഹി, ഹരിയാന, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ ഗുരുതരമായ സ്ഥിതിവിശേഷമാണെന്നും അദ്ദേഹം വ്യക്തമാക്കി