ജനങ്ങള്‍ ഒത്തുകൂടുന്ന രാജ്യത്തെ ഏറ്റവും വലിയ ആഘോഷമായ കുംഭമേളയില്‍ പങ്കെടുത്ത ആയിരത്തോളം പേര്‍ക്ക് കൊവിഡ്. ഗംഗയില്‍ സ്‌നാനം ചെയ്യാന്‍ ഹരിദ്വാറിലെ ഹര്‍ കി പൈരിയില്‍ ഒത്തുകൂടിയത് ആയിരക്കണക്കിന് ഭക്തരാണ്. ഇതോടെ കൊവിഡ് വ്യാപനം സംസ്ഥാനത്ത് രൂക്ഷമായി.
ഏപ്രില്‍ 10 നും 13 നും ഇടയില്‍ കുംഭമേളയില്‍ പങ്കെടുത്ത 1,086 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കപ്പെടാതെ കൃത്യമായ മാസ്‌കോ ശാരീരിക അകലമോ ഇല്ലാതെയാണ് കുംഭമേളയില്‍ ജനം ഒഴുകുന്നത്.തിങ്കളാഴ്ച (ഏപ്രില്‍ 12) ന് 30 ലക്ഷത്തിലധികം ഭക്തര്‍ രണ്ടാമതായി നടക്കുന്ന വിശുദ്ധ സ്‌നാന ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് സൂചന.
ഹരിദ്വാര്‍, ഡെറാഡൂണ്‍, പൗരി, തെഹ്രി എന്നീ നഗരങ്ങളുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് മാത്രമായി 387 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ ഒത്തുകൂടുന്ന മേളയാണ് ഹരിദ്വാറിലെ കുംഭമേള. നിലവിലെ മൂന്ന് മേളയില്‍ ദിവസേന ഒരു ദശലക്ഷം മുതല്‍ അഞ്ച് ദശലക്ഷം വരെ ആളുകള്‍ എത്തിച്ചേരുമെന്ന് കണക്കാക്കപ്പെടുന്നു.
മൊത്തത്തില്‍, മേളയില്‍ 100 മുതല്‍ 150 ദശലക്ഷം ആളുകള്‍ പങ്കെടുക്കുമെന്നാണ് സൂചന.ഏപ്രില്‍ 11 നും ഏപ്രില്‍ 13 നും ഇടയില്‍ മേള നടക്കുന്ന പ്രദേശത്ത് 961 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ഹരിദ്വാര്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ് കെ വമാ അറിയിച്ചു. ചൊവ്വാഴ്ച സംസ്ഥാനത്ത് 13 മരണങ്ങളോടൊപ്പം 1,925 പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തതായി ഉത്തരാഖണ്ഡ് ആരോഗ്യവകുപ്പ് അറിയിച്ചു. 775 പേര്‍ക്ക് ഡെറാഡൂണ്‍ ജില്ലയിലും, 594 പേര്‍ക്ക് ഹരിദ്വാറിലും, 217 പേര്‍ക്ക് നൈനിറ്റാലിലും 172 കേസുകള്‍ ഉദാം സിംഗ് നഗറിലും സ്ഥിരീകരിച്ചു.
കൊവിഡ് വ്യാപനത്തില്‍ ഏറെ മുന്നിലാണ് ഈ നാല് ജില്ലകളും.
കൊവിഡ് രണ്ടാം തരംഗത്തില്‍ രാജ്യം വിറങ്ങലിച്ചു നില്‍ക്കുമ്പോഴാണ് കുംഭമേള നടക്കുന്നത് എന്നതും ആശങ്കാജനകമാണ്. 184,372 പുതിയ കേസുകളാണ് രാജ്യത്ത് പുതുതായി സ്ഥിരീകരിച്ചത്. 13,873,825 ആളുകള്‍ക്ക് രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചു.
രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ കണക്കാണിത്. ഈ വര്‍ഷം ജനുവരി എട്ടിന് 3.09 ലക്ഷം കേസുകള്‍ രജിസ്റ്റര്‍ ചെയ്ത യുഎസ് മാത്രമാണ് ഒരു ദിവസം കൊണ്ട് ലോകത്ത് കൂടുതല്‍ കൊവിഡ് കേസുകള്‍ രേഖപ്പെടുത്തിയ ഏക രാജ്യം.