കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ റഷ്യൻ നിർമ്മിത സ്പുടിനിക് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് ഇന്ത്യ അന്തിമ അനുമതി നൽകി. മെയ് ആദ്യവാരം മുതൽ വാക്സീൻ രാജ്യത്ത് വിതരണത്തിന് തയ്യാറാകും. വിദഗ്ധ സമിതി ഇന്നലെ വാക്സിന് അനുമതി നൽകിയിരുന്നു. പിന്നാലെ ഇന്ന് ഡിസിജിഐയും അനുമതി നൽകി. ഇതോടെ സ്പുട്നിക്കിന് അംഗീകാരം നൽകുന്ന അറുപതാമത് രാജ്യമായി ഇന്ത്യ.
രാജ്യത്ത് വിതരണാനുമതി ലഭിക്കുന്ന മൂന്നാമത്തെ കൊവിഡ് വാക്സിനാണ് സ്പുട്നിക്. 91.6% ഫലപ്രാപ്തിയാണ് ഈ വാക്സീനുള്ളത്. 18 വയസിന് മുകളിലുള്ളവർക്ക് മുതൽ വാക്സീൻ ലഭ്യമാക്കാനാണ് തീരുമാനം.
അതിനിടെ ഇന്ത്യയിലേതടക്കം കൊവിഡ് രോഗത്തിന്റെ വ്യാപനത്തിൽ ലോകാരോഗ്യ സംഘടന ആശങ്കയറിയിച്ചു. പൊതുജനാരോഗ്യം വലിയ വെല്ലുവിളി നേരിടുകയാണെന്നും മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ആവശ്യപ്പെട്ടു.