കേരളത്തില്‍ ഇന്നും പരക്കെ മഴയ്ക്ക് സാധ്യത ; കാറ്റും ഇടിമിന്നലും ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

0
61

കേരളത്തിൽ ഇന്നും ഇടിമിന്നലിനും കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്. മലയോര ജില്ലയായ വയനാട്ടിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പതിനാറാം തിയതി വരെ ആറ് ജില്ലകളിൽ ശക്തമായ മഴ ലഭിക്കുമെന്നാണ് കണക്കുകൂട്ടുന്നത്.

ഒറ്റപ്പെട്ടയിടങ്ങളിൽ 115.5 മില്ലിമീറ്റർ വരെ ശക്തമായ മഴ പെയ്യാനാണ് സാധ്യത. ഏപ്രിൽ 16 വരെ 30 – 40 കി.മി. വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. അതേസമയം, കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മൽത്സ്യബന്ധനത്തിന് തടസ്സമില്ല.

തെക്കൻ തമിഴ്നാടിന് മുകളിൽ രൂപപ്പെട്ട ചക്രവാത ചുഴിയുടെ സ്വാധീനം കാരണമാണ് പരക്കെയുള്ള വേനൽമഴ. ഇടിമിന്നലിനെതിരെ പ്രത്യേകം ജാഗ്രത വേണമെന്ന് മുന്നറിയിപ്പുണ്ട്. ഇന്നലെ തിരുവനന്തപുരം, കക്കയം, തെന്മല എന്നിവിടങ്ങളിലാണ് ഇന്നലെ ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. തിരുവനന്തപുരത്ത് ഇന്നലെ വൈകിട്ട് ഏഴര വരെ 58.5 മില്ലിമീറ്റർ മഴ ലഭിച്ചു.