ആത്മവിശുദ്ധിയുടെ വാഗ്ദാനവുമായി റമസാന് ഇന്നു തുടക്കം

0
82

വ്രതദിനങ്ങളുടെ റമസാന് ഇന്നു തുടക്കം. ആത്മവിശുദ്ധിയുടെയും സഹനത്തിന്റെയും പുണ്യമാസം വിശ്വാസികൾക്കു നൽകുന്നത് പ്രാർഥനയുടെ ദിനങ്ങൾ. പ്രഭാതം മുതൽ പ്രദോഷം വരെ അന്നപാനീയങ്ങൾ വെടിഞ്ഞ് സ്രഷ്ടാവിലേക്ക് കൂടുതലായി അടുക്കുന്ന നാളുകൾ.

ഇന്നലെ കാപ്പാട്, വെള്ളയിൽ എന്നിവിടങ്ങളിൽ മാസപ്പിറവി ദൃശ്യമായതോടെയാണ് ഇന്നു റമസാൻ ഒന്നായിരിക്കുമെന്ന് വിവിധ ഖാസിമാർ ഉറപ്പിച്ചത്. കേരളത്തോടൊപ്പം യുഎഇ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ എന്നീ ഗൾഫ് രാജ്യങ്ങളിലും ഇന്നാണു വ്രതാരംഭം.

ഇന്നലെ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ ഒമാനിൽ വ്രതാരംഭം ബുധനാഴ്ചയായിരിക്കും. തമിഴ്നാട്, ഡൽഹി, ബെംഗളൂരു, മുംബൈ എന്നിവിടങ്ങളിലും റമസാൻ 1 ബുധനാഴ്ചയായിരിക്കും.

മാസപ്പിറവി ദൃശ്യമായതായി അറിയിപ്പു വന്നതോടെ പള്ളികളിലും മുസ്‌ലിം ഭവനങ്ങളിലും തറാവീഹ് നമസ്കാരത്തിനും തുടക്കമായി. കഴിഞ്ഞ വർഷത്തെ പോലെ കോവിഡ് മാനദണ്ഡം പാലിച്ചാണ് പള്ളികളിൽ ആരാധനാ കർമങ്ങൾ നടത്തുക.