ലോകായുക്ത റിപ്പോര്‍ട്ട് ‌: ജലീലിന്റെ ഹര്‍ജി വിധിപറയാനായി മാറ്റി

0
83

സംസ്ഥാന ന്യൂനപക്ഷ വികസന കോര്‍പറേഷനിലെ നിയമനം സംബന്ധിച്ച ലോകായുക്ത വിധിക്കെതിരെ കെ ടി ജലീല്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി. ജസ്റ്റിസുമാരായ പി ബി സുരേഷ് കുമാറും കെ ബാബുവും അടങ്ങുന്ന ഡിവിഷന്‍ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

ലോകായുക്തയുടെ നടപടികളില്‍ ക്രമവിരുദ്ധത ഉണ്ടെന്നും കേസ് സ്വീകരിക്കണമോ എന്ന പ്രാഥമിക പരിശോധന നടന്ന ദിവസം തന്നെ അന്തിമ വാദവും നടത്തിയെന്ന് ജലീല്‍ ചൂണ്ടിക്കാട്ടി. പരാതിയില്‍ ലോകായുക്ത പ്രാഥമിക അന്യേഷണമോ, അന്തിമ അന്വേഷണമോ നടത്തിയിട്ടില്ലന്നും ജലീല്‍ ബോധിപ്പിച്ചു.

അന്വേഷണം സ്വന്തമായി നടത്താന്‍ ലോകായുക്തയ്ക്ക് അധികാരം ഉണ്ടെന്ന് കോടതി വാദത്തിനിടെ പരാമര്‍ശിച്ചു. ലോകായുക്തയുടെ റിപ്പോര്‍ട്ട് സ്വീകരിക്കാന്‍ മുഖ്യമന്ത്രി ബാധ്യസ്ഥന്‍ അല്ലെന്നും വേണമെങ്കില്‍ സ്വീകരിക്കാതിരിക്കാമെന്നും ജലീല്‍ വ്യക്തമാക്കി.

ലോകായുക്തയുടെ നടപടികള്‍ നിയമവിരുദ്ധമായിരുന്നെന്നും അന്വേഷണം പോലും നടന്നില്ലെന്നും ഹര്‍ജിക്കാരന് വാദം പറയാന്‍ അവസരം ലഭിച്ചിട്ടില്ലന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ലോകായുക്ത നിയമത്തിലെ വ്യവസ്ഥ പാലിക്കാതെയാണ് ഉത്തരവെന്ന് ആരോപിച്ചാണ് ജലീല്‍ ഹൈക്കോടതിയെ സമീപിച്ചത്.