ജലീൽ പൊതു ജീവിതത്തിന്റെ മാന്യത ഉയർത്തിപ്പിടിച്ചയാൾ ; ധാർമ്മികമായ സമീപനം – എ. വിജയരാഘവൻ

0
72

ധാർമ്മികത ഉയർത്തിപ്പിടിച്ച സമീപനമാണ് കെ.ടി ജലീലിന്റെ ഭാഗത്തു നിന്നുണ്ടായതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. കെ.ടി ജലീൽ മന്ത്രി സ്ഥാനം രാജിവെച്ചതുമായി ബന്ധപ്പെട്ട വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജിയെ തീർച്ചയായും സ്വാഗതം ചെയ്യേണ്ടതുണ്ട്. അദ്ദേഹം പൊതു ജീവിതത്തിന്റെ മാന്യത എപ്പോഴും ഉയർത്തിപ്പിടിക്കാൻ ശ്രമിച്ചയാളാണ്. ലോകായുക്ത വിധി വന്ന പശ്ചാത്തലത്തിൽ ഇപ്പോൾ സ്വീകരിച്ച നടപടി സ്വാഗതാർഹമാണെന്നും വിജയരാഘവൻ പറഞ്ഞു.”തെറ്റ് ചെയ്തു എന്ന് ഇവിടെ ആരും അംഗീകരിക്കില്ല.യുഡിഎഫിൽ നിന്ന് വ്യത്യസ്തമാണ് എൽഡിഎഫ്.

പാമോലിനിൽ ഉമ്മൻചാണ്ടിക്കെതിരായ പരാമർശമുണ്ടായിട്ടും അദ്ദേഹം രാജിവെച്ചില്ല. കെ. ബാബുവിനെതിരേ വിജിലൻസ് കോടതിയിൽ പരാമർശം വന്നതാണ്. അദ്ദേഹത്തിന്റെ രാജിക്കത്ത് ഉമ്മൻചാണ്ടി പോക്കറ്റിലിട്ട് നടക്കുകയാണ് ചെയ്തത്”, വിജയരാഘവൻ പറഞ്ഞു.

അദ്ദേഹം അദ്ദേഹത്തിന്റ വ്യക്തിത്വത്തെ ഉയർത്തിപ്പിടിക്കുന്ന തീരുമാനമെടുത്തു. അതിനെ സ്വാഗതം ചെയ്യുകയാണ് വേണ്ടത്. ഹൈക്കോടതിയല്ല, സുപ്രീംകോടതിയല്ല ലോകായുക്ത. നിയമപരമായ കാര്യങ്ങൾ പരിശോധിച്ച് തീരുമാനമെടുക്കും എന്നാണ് പാർട്ടി മുമ്പ് പറഞ്ഞതെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനുത്തരമായി എ. വിജയരാഘവൻ പറഞ്ഞു.