അനധികൃത സ്വത്ത് സമ്പാദനത്തില്‍ കെ എം ഷാജിക്കെതിരെ വിജിലന്‍സ് കേസ് ; കണ്ണൂരിലെയും കോ‍ഴിക്കോട്ടെയും വീടുകളില്‍ റെയ്ഡ്

0
82

മുസ്ലീം ലീഗ് നേതാവും അഴീക്കോട് എംഎൽഎയുമായ കെ എം ഷാജിയുടെ വീടുകളിൽ വിജിലൻസ് റെയ്‌ഡ് നടത്തുന്നു. കോഴിക്കോട്ടെയും കണ്ണൂരിലെയും വീടുകളിലാണ് റെയ്‌ഡ് നടക്കുന്നത്. അനധികൃത സ്വത്ത് സമ്പാദന കേസിൽ കെ എം ഷാജിക്കെതിരെ വിജിലൻസ് കേസെടുത്തിട്ടുണ്ട്. ഇന്നു രാവിലെ മുതലാണ് റെയ്‌ഡ് ആരംഭിച്ചത്. ഒരേസമയം കണ്ണൂരിലെയും കോഴിക്കോട്ടെയും വീടുകളിൽ റെയ്‌ഡ് നടക്കുകയാണ്.

അഴിക്കോട്ടെയും കോഴിക്കോട്ടെയും വീടുകള്‍ ഭാര്യ ആശയുടെ പേരിലാണ് രജിസ്റ്റ് ചെയ്‌തിരിക്കുന്നത്. വീട് നിര്‍മാണവുമായി ബന്ധപ്പെട്ട സാമ്പത്തിക സ്രോതസുകളെ കുറിച്ചും വിജിലൻസ് പരിശോധിക്കുന്നുണ്ട്. നേരത്തെ ഇ ഡിയും ഇതുസംബന്ധിച്ച വിവരങ്ങൾ ശേഖരിച്ചിരുന്നു.

അഴീക്കോട് മണ്ഡലത്തിലെ സ്‌കൂളിന് പ്ലസ്‌ടു അനുവദിക്കുന്നതിന് 25 ലക്ഷം രൂപ കെ.എം. ഷാജി കൈപ്പറ്റിയെന്ന് കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പത്മനാഭന്‍ വിജിലന്‍സിന് പരാതി നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് വിജിലൻസ് കെ എം ഷാജിക്കെതിരെ കേസെടുത്തത്. നേരത്തെ കെ എം ഷാജിയുടെ സാമ്പത്തികസ്രോതസ്സ് കണ്ടെത്താന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തിയിരുന്നു.