സംഘപരിവാർ ആക്രമണത്തെതുടർന്ന് നിർത്തിവച്ച സിനിമാ ചിത്രീകരണം കോങ്ങാട് തൃപ്പലമുണ്ടയിൽ ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ സംരക്ഷണയിൽ വീണ്ടും തുടങ്ങി. ‘നീയാം തണൽ’ എന്ന സിനിമയുടെ ചിത്രീകരണമാണ് ഞായറാഴ്‌ച പുനരാരംഭിച്ചത്.
കഴിഞ്ഞദിവസം കടമ്പഴിപ്പുറം വായില്യാംകുന്ന് ക്ഷേത്രപരിസരത്തെ ചിത്രീകരണം സംഘപരിവാറുകാർ തടസ്സപ്പെടുത്തിയിരുന്നു. ചിത്രീകരണ സാമഗ്രികളും തകർത്തു. രാഷ്‌ട്രീയപാർടികളുടെ കൊടിയും രണ്ടു മതസ്ഥർ പ്രണയിക്കുന്ന രംഗം ചിത്രീകരിച്ചതുമാണ് ആർഎസ്‌എസുകാരെ പ്രകോപിപ്പിച്ചത്.
ചുവന്ന കൊടി കണ്ടതോടെ ഹാലിളകിയ ആർഎസ്എസ് സംഘം ആസൂത്രിതമായി ആക്രമിക്കുകയായിരുന്നു. അഭിനയിക്കാൻ വന്ന എട്ടുവയസുകാരിക്കും പരിക്കേറ്റിരുന്നു. അക്രമികളിൽ അഞ്ചുപേരെ ശ്രീകൃഷ്‌ണപുരം പൊലീസ് ശനിയാഴ്‌ച അറസ്‌റ്റ് ചെയ്‌തു.
സിനിമയിലെ കഥാപാത്രങ്ങളുടെ വേഷവും സൈറ്റിലെ കൊടിതോരണങ്ങളും മറ്റും ചൂണ്ടിക്കാട്ടി വർഗീയത പ്രചരിപ്പിച്ചായിരുന്നു അക്രമം. ബിജു മേനോനും വിനീത് ശ്രീനിവാസനും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമ ആശിഷ്, സൽമാൻ, സിനു എന്നിവരാണ് സംവിധാനം ചെയ്യുന്നത്.
ഞായറാഴ്‌ച രാവിലെ മുതൽ വൈകിട്ടുവരെ ചിത്രീകരണം തുടർന്നു. ഡിവൈഎഫ്ഐ നേതാക്കളായ കെ കെ സുകുമാരൻ, ശ്യാമപ്രസാദ്, ശശി എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തകർ സംരക്ഷണമൊരുക്കി.