കേന്ദ്ര നയങ്ങൾ ബാങ്കുകളെ ആത്മഹത്യ മുനമ്പാക്കുന്നു; ഡിവൈഎഫ്‌ഐ നാളെ കനറാ ബാങ്ക്‌ ശാഖകൾക്ക്‌ മുന്നിൽ ധർണ നടത്തും

0
80

പൊതുമേഖലാ ബാങ്കുകൾ ആത്മഹത്യാ മുനമ്പാക്കുന്ന കേന്ദ്ര നയങ്ങൾ തിരുത്തണമെന്നാവശ്യപ്പെട്ട്‌ നാളെ ജില്ലാകേന്ദ്രങ്ങളിലെ കനറാ ബാങ്ക് ശാഖകൾക്ക് മുന്നിൽ ഡിവൈഎഫ്‌ഐ ധർണ്ണ സംഘടിപ്പിക്കും.

കേന്ദ്ര സർക്കാരിന്റെ നയങ്ങൾ മൂലം പൊതുമേഖലാ ബാങ്കുകൾ ആത്മഹത്യാ മുനമ്പുകളായി മാറുകയാണ്. ബാങ്കിങ് മേഖലയിലെ സ്വകാര്യവൽക്കരണവും ചൂഷണവുമാണ് ഇത്തരം ദുരന്തങ്ങൾക്ക് വഴിവെക്കുന്നത്. ആത്മഹത്യ ചെയ്‌ത കൂത്തുപറമ്പിലെ തൊക്കിലങ്ങാടി ശാഖ മാനേജർ, കെ എസ് സ്വപ്ന‌ ഇത്തരം നയങ്ങളുടെ ഇരയാണ്.

ബാങ്കിങ് മേഖലയിൽ തുടർന്നുവരുന്ന കേന്ദ്രസർക്കാരിന്റെ നയങ്ങൾ അടിയന്തിരമായി തിരുത്തണം. ഈ മുദ്രാവാക്യമുയർത്തി ചൊവ്വാഴ്‌ച രാവിലെ ജില്ലാ കേന്ദ്രങ്ങളിലെ കനറാ ബാങ്ക് ശാഖകൾക്ക് മുന്നിൽ ധർണ്ണ സംഘടിപ്പിക്കുമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവനയിൽ അറിയിച്ചു.

കനറാ-സിൻഡിക്കറ്റ് ബാങ്കുമായുള്ള ലയനത്തിന് ശേഷം രാജ്യവ്യാപകമായി ശാഖകൾ പൂട്ടുകയാണ്. അശാസ്ത്രീയമായ ബാങ്കിങ് പരിഷ്‌കാരങ്ങൾ ജീവനക്കാരുടെ ജോലി ഇരട്ടിയാക്കുകയാണ്. ജീവനക്കാരും ഇടപാടുകാരും നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ അധികൃതർ തയ്യാറാകുന്നുമില്ല.

പിടിച്ചുനിൽക്കാനാകാതെ ചിലർ ജോലി ഉപേക്ഷിക്കുകയും ചിലർ ജീവിതംതന്നെ ഉപേക്ഷിക്കുകയും ചെയ്യുന്നു. തൃശൂർ മണ്ണുത്തി സ്വദേശിയുമായ കെ.എസ്. സ്വപ്ന ജോലി ചെയ്‌തിരുന്ന ശാഖയും പൂട്ടാൻ തീരുമാനിച്ചതിൽ ഉൾപ്പെടും എന്നത് ഞെട്ടിക്കുന്നതാണ്. ബാങ്ക് മാനേജ്‌മെന്റിന്റെ കടുത്ത സമ്മർദ്ദത്തെതുടർന്നാണ് ഈ ആത്മഹത്യ. സ്വപ്ന ജോലി ചെയ്‌തിരുന്ന കൂത്തുപറമ്പിലെ തൊക്കിലങ്ങാടി ശാഖയ്ക്ക് മുന്നിലാണ് കണ്ണൂരിലെ ധർണ്ണ സംഘടിപ്പിക്കുന്നത്.

കേന്ദ്രസർക്കാരിന്റെ ബാങ്കിങ് നയം പ്രതിലോമകരമാണ്. സ്വകാര്യവൽക്കരണം, ലയനം, നിയമന നിരോധനം തുടങ്ങി നിരവധി പ്രശ്‌നങ്ങൾ നിലനിൽക്കുന്നു. കൂടുതൽ ബാങ്കുകളുടെ സ്വകാര്യവൽക്കരണത്തിലേക്കാണ് കേന്ദ്രസർക്കാർ നീങ്ങുന്നതെന്ന് വ്യക്തമാണ്.

ബാങ്ക് ഓഫ് മഹാരാഷ്ട്രയും ഇന്ത്യൻ ഓവർസീസ് ബാങ്കും ഉൾപ്പെടെയുള്ള പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവൽക്കരണവുമായി ബന്ധപ്പെട്ടുള്ള യോഗം അടുത്ത ആഴ്ച ചേരുമെന്നത് ബാങ്കിങ് മേഖലയോടുള്ള വെല്ലുവിളിയാണ്. 2 പൊതുമേഖലാ ബാങ്കുകൾ സ്വകാര്യവൽക്കരിക്കുമെന്ന ബജറ്റ് പ്രഖ്യാപനവുമായി മുന്നോട്ടുപോകുന്ന മോദി സർക്കാർ ജീവനക്കാരെ കൈവിടുകയാണ്.

ചൂഷണത്തിന് വഴിവെക്കുന്ന കേന്ദ്രസർക്കാർ നടപടികളാണ് ജീവനക്കാരുടെ ജീവിതത്തെ ഇല്ലായ്മ ചെയ്യുന്നത്. പൊതുമേഖലാസ്ഥാപനങ്ങളായ ബാങ്കുകൾ ലയിപ്പിക്കുകയും ഓഹരി വിറ്റ് സ്വകാര്യവൽക്കരിക്കുകയുമാണ്. ജീവനക്കാരുടെ എണ്ണവും വൻതോതിൽ വെട്ടിക്കുറക്കുന്നു.

സേവനങ്ങൾ വെട്ടിക്കുറച്ച് ബാങ്കിങ് ഇതര കച്ചവടങ്ങളുടെ ടാർഗറ്റുകൾക്കായി ജീവനക്കാരെ പിഴിയുകയാണ്. നിരവധി അഭ്യസ്ത വിദ്യരായ യുവതി യുവാക്കളാണ് ബാങ്കിങ് മേഖലയിൽ ജോലി ചെയ്യുന്നത്. കോർപ്പറേറ്റുകൾക്കനുകൂലമായി ബാങ്കിങ് മേഖലയിൽ സ്വകാര്യവൽക്കരണം നടപ്പിലാക്കി ജീവനക്കാരെ കുരുതികൊടുക്കുകയാണ് കേന്ദ്രസർക്കാർ.

സ്വന്തം തൊഴിലിനും ജീവിതത്തിനും നിലനിൽപ്പില്ലാതാകുമ്പോൾ ജീവനക്കാരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന ഇത്തരം ജനവിരുദ്ധ നയങ്ങൾക്കെതിരെ ജനങ്ങൾക്കിടയിൽനിന്നും ശക്തമായ പ്രതിഷേധം ഉയർന്നുവരണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.