രണ്ട് മണിക്കൂര്‍ വരെയുളള ആഭ്യന്തര വിമാനയാത്രകളില്‍ ഇനി ഭക്ഷണം വിളമ്പില്ല ; തീരുമാനം കൊവിഡ്‌ വ്യാപനം മുന്‍നിര്‍ത്തി

0
134

രണ്ട് മണിക്കൂര്‍ വരെ ദൈര്‍ഘ്യമുളള ആഭ്യന്തര വിമാനയാത്രകളില്‍ ഇനി വിമാനത്തിനുളളില്‍ യാത്രക്കാര്‍ക്ക് ഭക്ഷണം നല്‍കില്ല. കൊവിഡ്‌ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വ്യോമയാന മന്ത്രാലയം പുറത്തിറക്കിയ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളിലാണ് ഇക്കാര്യം നിര്‍ദ്ദേശിച്ചിരിക്കുന്നത്. കൊവിഡ്‌ വ്യാപനത്തിനുളള സാദ്ധ്യത കുറയ്ക്കുകയാണ് നീക്കത്തിന്റെ ലക്ഷ്യമെന്ന് മന്ത്രാലയം വിശദീകരിക്കുന്നു.

രണ്ട് മണിക്കൂറില്‍ കൂടുതല്‍ സമയമെടുക്കുന്ന യാത്രകളില്‍ മുന്‍കൂട്ടി പായ്ക്ക് ചെയ്ത ഭക്ഷണം ഡിസ്‌പോസിബിള്‍ പ്ലേറ്റുകളില്‍ വിതരണം ചെയ്യാം. ഓരോ തവണയും ഭക്ഷണവും പാനീയങ്ങളും വിതരണം ചെയ്യുമ്ബോഴും ജീവനക്കാര്‍ പുതിയ ഗ്ലൗസുകള്‍ ഉള്‍പ്പെടെ ധരിക്കണം. വ്യാഴാഴ്ച മുതല്‍ പുതിയ നിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തില്‍ വരും.

ലോക്ഡൗണിന് ശേഷം മെയ് 25 മുതലാണ് ആഭ്യന്തര വിമാനസര്‍വ്വീസുകള്‍ രാജ്യത്ത് പുനരാരംഭിച്ചത്. തുടക്കത്തില്‍ യാത്രക്കാരുടെ എണ്ണം കുറവായിരുന്നെങ്കിലും നിലവില്‍ സ്ഥിതി മെച്ചപ്പെട്ടുവരികയായിരുന്നു. ഇതിനിടയിലാണ് രോഗവ്യാപനത്തിന്റെ രണ്ടാം തരംഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിലവില്‍ നാലായിരത്തിലധികം സര്‍വ്വീസുകളാണ് രാജ്യത്ത് ദിനംപ്രതി നടക്കുന്നത്.