യുഎസ്‌ പ്രസ്‌താവന മോഡി സർക്കാരിന്റെ മുഖത്തേറ്റ പ്രഹരം

0
69

സമുദ്രാതിർത്തി ലംഘിച്ച വിഷയത്തിൽ അമേരിക്കൻ നാവികസേനയുടെ ഏഴാം കപ്പൽപ്പടയുടെ പ്രസ്‌താവന മോഡിസർക്കാരിന്റെ മുഖത്തേറ്റ പ്രഹരം. ഇന്ത്യയുടെ സമുദ്രാതിർത്തിയിൽ ഇന്ത്യയുടെ പരമാധികാരം അംഗീകരിക്കില്ലെന്ന നിലപാടിലാണ്‌ അമേരിക്ക.

പ്രതിരോധമേഖലയിൽ അമേരിക്കയുടെ ‘സഖ്യകക്ഷി’യായി മാറിയ ഇന്ത്യയെ തുല്യരായി കാണാൻ തയ്യാറാകുന്നില്ല. നയതന്ത്രമേഖലയിലും ഇതിന്റെ പ്രത്യാഘാതം രൂക്ഷമാകും.

ലക്ഷദ്വീപിനു സമീപം ഇന്ത്യയുടെ പ്രത്യേക സാമ്പത്തിക മേഖലയിൽ മിസൈൽവേധ സംവിധാനമുള്ള യുഎസ്‌എസ്‌ ജോൺ പോൾ ജോൺസ്‌ കഴിഞ്ഞദിവസം കടന്നത്‌ മുൻകൂർ അറിയിക്കുക പോലും ചെയ്യാതെയാണ്‌. സമുദ്രയാനങ്ങളുടെ സഞ്ചാരം സംബന്ധിച്ച്‌ ഇന്ത്യയിൽ നിലവിലുള്ള നിയമത്തിന്റെ ലംഘനമാണിത്‌. ഇക്കാര്യം ഇന്ത്യ വളരെ മിതമായ ഭാഷയിൽ ചൂണ്ടിക്കാണിച്ചപ്പോൾ പ്രതികരണം വളരെ‌ രൂക്ഷമായായിരുന്നു‌.

‘ചൈനയെ വളയൽ’ പദ്ധതിയുടെ ഭാഗമായി അമേരിക്കയുടെ നേതൃത്വത്തിൽ രൂപീകരിച്ച ‘ക്വാഡ്‌’ സഖ്യത്തിൽ ഇന്ത്യ പൂർണ അംഗമായി മാറിയതിനു പിന്നാലെയാണ്‌ ഈ സംഭവം. ജപ്പാനും ഓസ്‌ട്രേലിയയുമാണ്‌ ക്വാഡിലെ മറ്റ്‌ അംഗങ്ങൾ. അമേരിക്കയുടെ സൈനിക താൽപ്പര്യങ്ങൾക്ക്‌ ഇന്ത്യയെ കരുവായി ഉപയോഗിക്കുകയും ഇന്ത്യയുടെ താൽപ്പര്യങ്ങളോട്‌ നിഷേധനിലപാട്‌ സ്വീകരിക്കുകയുമാണ്‌ അവർ. ഇന്ത്യയും ചൈനയുമായുണ്ടായ കിഴക്കൻ ലഡാക്ക്‌ വിഷയത്തിൽ വാചാലരായ അമേരിക്കയുടെ ഇരട്ടത്താപ്പുമാണ്‌ പുറത്തുവരുന്നത്‌.

പ്രതിരോധനീക്കങ്ങൾ പരസ്‌പരം അറിയിക്കാൻ ബാധ്യസ്ഥമായ കരാറുകൾ ഈയിടെ ഇന്ത്യയും അമേരിക്കയും തമ്മിൽ ഒപ്പിട്ടിരുന്നു. ഇത്രയും ഇഴചേർന്ന ബന്ധമുള്ളപ്പോഴും ഏഴാം കപ്പൽപ്പടയുടെ നീക്കം അറിയിക്കാതിരുന്നത്‌ ഇന്ത്യയെ ശിങ്കിടിയായി മാത്രമാണ്‌ കാണുന്ന അമേരിക്കൻ മനോഭാവത്തിന്റെ ബഹിർസ്‌ഫുരണമാണ്‌.