സിപിഐ എം പ്രവർത്തകൻ കരുമം തുളസി വധക്കേസ്‌: ആർഎസ്‌എസുകാർ കീഴടങ്ങി

0
103

സിപിഐ എം പ്രവർത്തകൻ കരുമം തുളസിയെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ അഞ്ച്‌ ആർഎസ്‌എസ്‌ -ബിജെപി പ്രവർത്തകർ കോടതിയിൽ കീഴടങ്ങി.

ബിജെപി നേമം മണ്ഡലം വൈസ്‌ പ്രസിഡന്റ്‌ മുരളീധരൻനായർ (ലംബൻ മുരളി), സുരേഷ്‌, മോഹനൻ, മധു, സദാശിവൻ എന്നിവരാണ്‌ കീഴടങ്ങിയത്‌. അപ്പീൽ ഹർജി ഹൈക്കോടതി തള്ളിയതിനെത്തുടർന്ന്‌ മൂന്നുമാസമായി ഒളിവിലായിരുന്നു. നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരാണ്‌ പ്രതികളെല്ലാം.

കരുമത്തെ സിപിഐ എം ബ്രാഞ്ച്‌ അംഗവും ഡിവൈഎഫ്ഐ യൂണിറ്റ്‌ സെക്രട്ടറിയുമായിരുന്നു കരുമം തുളസി. 1991 മാർച്ച്‌ 22നാണ്‌ ആർഎസ്‌എസ്‌ – ബിജെപി സംഘം വീട്‌ കയറി ആക്രമിച്ചത്‌. വീടിന്‌ നേരെ ബോംബെറിഞ്ഞ്‌ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചശേഷം വീട്ടിൽ കയറി തുളസിയെ തലങ്ങും വിലങ്ങും വെട്ടി.

ശരീരഭാഗങ്ങൾ വെട്ടേറ്റ്‌ അറ്റുതൂങ്ങിയ നിലയിലായിരുന്നു. മരിച്ചെന്ന്‌ കരുതിയാണ്‌ അക്രമികൾ കടന്നുകളഞ്ഞത്‌. തുളസിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആഴത്തിലുള്ള വെട്ടേറ്റ്‌ ശരീരം തളർന്നുപോയിരുന്നു. ആശുപത്രിയിൽ മികച്ച ചികിത്സ നൽകിയെങ്കിലും ജീവൻ മാത്രം‌ ബാക്കിയായി‌. ശരീരം തളർന്ന്‌ അനക്കമറ്റ്‌ 15 വർഷം വീട്ടിൽ കിടപ്പിലായിരുന്നു. 2006 ആഗസ്‌ത്‌ 26ന്‌ മരിച്ചു.

നേമം പൊലീസാണ്‌ കേസ്‌ അന്വേഷിച്ചത്‌. കേസിലെ പ്രതികളെ നെയ്യാറ്റിൻകര സെഷൻസ്‌ കോടതി ആറ്‌ വർഷം തടവിന്‌ ശിക്ഷിച്ചു. പ്രതികൾ ജില്ലാ കോടതിയിൽ അപ്പീൽ നൽകിയെങ്കിലും അപ്പീൽ തള്ളി. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയും അപ്പീൽ തള്ളി കീഴ്‌കോടതി വിധി അംഗീകരിച്ചു.

മൂന്ന്‌ മാസമായി ഒളിവിലായിരുന്ന ഇവർ വെള്ളിയാഴ്‌ച നെയ്യാറ്റിൻകര കോടതിയിലാണ്‌ കീഴടങ്ങി‌യത്‌. പ്രതികളെ നെയ്യാറ്റിൻകര സബ്‌ ജയിലിലേക്ക്‌ മാറ്റി. കേസിലെ പ്രതികൾ പ്രദേശത്ത്‌ നിരവധി സിപിഐ എം പ്രവർത്തകരെ ആക്രമിച്ച കേസുകളിൽ പ്രതികളാണ്‌. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കുമ്മനം രാജശേഖരനുവേണ്ടി പ്രതികൾ പ്രചാരണരംഗത്തു സജീവമായിരുന്നു.