നിലയ്ക്കാത്ത ഊര്‍ജപ്രവാഹവും കരുത്തുമാണ് ഇമ്പിച്ചി ബാവ

0
120

കേരളത്തിലെ മാർക്സിസ്റ്റ് പാർട്ടിയുടെ നേതാവും നിയമസഭാംഗവും സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രിയുമായിരുന്നു ഇ.കെ. ഇമ്പിച്ചി ബാവ (ജൂലൈ 17 1917- ഏപ്രിൽ 11 1995). വിദ്യാർത്ഥിപ്രസ്ഥാനത്തിലൂടെയാണ് ഇമ്പിച്ചിബാവ രാഷ്ട്രീയ രംഗത്തെത്തുന്നത്.കോഴിക്കോട്ടു വെച്ചു നടന്ന അഖില കേരള വിദ്യാർത്ഥി സമ്മേളനത്തിന്റെ സംഘാടനത്തിലൂടെ പി.കൃഷ്ണപിള്ളയുടെ ശ്രദ്ധപിടിച്ചു പറ്റി.

കൃഷ്ണപിള്ളയാണ് ഇമ്പിച്ചിബാവയെ രാഷ്ട്രീയത്തിലേക്ക് കൈപിടിച്ചു നടത്തുന്നത്.
മലബാറിൽ പാർട്ടി കെട്ടിപ്പടുക്കുന്നതിൽ പ്രധാനപ്പെട്ട പങ്കു വഹിച്ചു. സുഭാഷ് ചന്ദ്രബോസിന്റെ ഒരു ആരാധകനായിരുന്നു ഇമ്പിച്ചിബാവ. സ്വാതന്ത്ര്യ സമരത്തിൽ ഒരു സജീവപങ്കാളിയായിരുന്നു.

സി.പി.ഐ.എമ്മിന്റെ സ്ഥാപകനേതാക്കളിലൊരാളായി കണക്കാക്കപ്പെടുന്നു.1967 ലെ തിരഞ്ഞെടുപ്പിൽ വിജയിച്ച് ഇ.എം.എസ്സ് മന്ത്രിസഭയിൽ ഗതാഗതവകുപ്പു മന്ത്രിയായി. സി.പി.ഐ (എം) പാലക്കാട് ജില്ലാ സെക്രട്ടറിയായിരുന്നു. നിലമ്പൂർ കോവിലകം വക ഭൂമി കൈവശപ്പെടുത്തിക്കൊണ്ട് മിച്ച ഭൂമി സമരത്തിൽ സജീവ സാന്നിദ്ധ്യം വഹിച്ചു. അടിയന്തരാവസ്ഥക്കാലത്ത് ജയിലിലടക്കപ്പെട്ടിരുന്നു. 1995 ൽ ഇമ്പിച്ചിബാവ അന്തരിച്ചു.

ഇമ്പിച്ചി ബാവയുടെ ഓര്‍മ ദിനത്തില്‍ പി ശ്രീരാമകൃഷ്ണന്‍ ഫെയ്സ്ബുക്കില്‍ എ‍‍ഴുതിയ കുറിപ്പ്

സഖാവ് ഇമ്പിച്ചിബാവയ്ക്ക് സ്മരണാഞ്ജലി. എന്നും സ്നേഹാത്ഭുതങ്ങളോടെ നോക്കികാണുന്ന പ്രദേശമാണ് പൊന്നാനി. പുഴയും അഴിയും കടലും നീരേറ്റി വളർത്തിയ ബഹുവർണ്ണ സംസ്കാരം കൊണ്ട് മാത്രമല്ല, അവിടുത്തെ മനുഷ്യരെ കുറിച്ചോർത്തു കൂടിയാണത്.

പൊന്നാനി കർമ്മമണ്ഡലമായി തെരഞ്ഞെടുത്തപ്പോൾ എനിക്ക് മുമ്പേ അവിടെ സ്വയം അടയാളപ്പെടുത്തിയ മഹാരഥൻമാർ. തീർച്ചയായും അതിൽ ഏറ്റവും വലിയ മാതൃക സഖാവ് ഇ.കെ ഇമ്പിച്ചിബാവ തന്നെയായിരുന്നു.

നാട്ടിലെ ആവശ്യങ്ങളോടും പ്രശ്നങ്ങളോടും അപ്പോഴപ്പോൾ പ്രതികരിക്കുന്ന അദ്ദേഹത്തിന്റെ ശൈലി ഏതൊരു പൊതുപ്രവർത്തകനും അനുകരണീയമാണ്. പൊന്നാനി വ്യവസായ തുറമുഖമായിരുന്ന കാലത്ത് പത്തേമാരിയിലെ തൊഴിലാളുകളുടെ കൂലിക്കു വേണ്ടി നിലകൊണ്ട അതേ ഊർജ്ജസ്വലതയോടെ, പിന്നീട് വ്യവസായിക തുറമുഖമെന്ന പദവി നഷ്ടമായ പൊന്നാനിക്ക് മത്സ്യബന്ധനത്തിലൂടെ നവജീവൻ പകരാനും അദ്ദേഹത്തിനായി.

പൊന്നാനിയിൽ കെ.എസ്.ആർ.ടി സി ബസ് സ്റ്റാൻഡും ടിപ്പു സുൽത്താൻ റോഡും ഉന്നത വിദ്യാഭ്യാസത്തിനായി ഒരു കോളേജും താലൂക്ക് ആശുപത്രിയുൾപ്പെടെയുള്ള ആരോഗ്യ കേന്ദ്രങ്ങളുമടക്കം പൊന്നാനിയുടെ സർവതോമുഖമായ വികസനത്തിന് തന്നാലാവും വിധമുള്ളതെല്ലാം ചെയ്യാൻ കഴിഞ്ഞ ജനനായകനാണ് മുന്നിലുള്ള മാതൃക.

ആ മുൻഗാമിയുടെ വെളിച്ചത്തിൽ കുറേയൊക്കെ കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞുവെന്നതിൽ വലുതായ ചാരിതാർത്ഥ്യമുണ്ട്. 1995 ൽ അദ്ദേഹം നമ്മോട് വിട വാങ്ങുമ്പോൾ ഞാൻ ഡി വൈ എഫ് ഐ പെരുന്തൽമണ്ണ ബ്ലോക്ക് സെക്രട്ടറിയാണ്.
ഇന്ന് അദ്ദേഹത്തിന്റെ മണ്ണിൽ കാലൂന്നി നിന്ന് അദ്ദേഹത്തെ അനുസ്മരിക്കുമ്പോൾ നിലയ്ക്കാത്ത ഊർജ്ജ പ്രവാഹമായി അദ്ദേഹവും പ്രസ്ഥാനവും എന്നിൽ നിറയുന്നുണ്ട്.
ആ നിറവിനു മുന്നിൽ പ്രണമിക്കുന്നു.