കോവിഡിന് തടയിട്ട് ബ്രിട്ടന്‍ : ലോക്ക്ഡൗൺ ഇളവിന്റെ രണ്ടാംഘട്ടം നാളെ മുതല്‍

0
72

തിങ്കളാഴ്‌ച ലോക്ക്ഡൗൺ റോഡ്‌മാപ്പിന്റെ രണ്ടാം ഘട്ടത്തിലേക്ക് ബ്രിട്ടന്‍ നീങ്ങുമ്പോൾ പബ്ബുകൾ, ഹെയർഡ്രെസ്സറുകൾ, ഷോപ്പുകൾ, ജിമ്മുകൾ എന്നിവ വീണ്ടും പ്രവര്‍ത്തനമാരംഭിക്കും. യൂറോപ്പിലാകമാനം കോവിഡിന്റെ രണ്ടാംതരംഗം ആഞ്ഞടിക്കുമ്പോള്‍ ജര്‍മനിയും ഫ്രാന്‍സും അടക്കമുള്ള രാജ്യങ്ങള്‍ ലോക്ക്ഡൗൺ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്ന അവസരത്തിലാണ് ബ്രിട്ടന്‍ ലോക്ക്ഡൗൺ ഭേദിച്ചു ജനജീവിതം സാധാരണ ഗതിയിലേക്ക് കൊണ്ടുവരുന്നത് എന്നത് ശ്രദ്ധേയമാണ്.

കോവിഡിന്റെ തുടക്കം മുതല്‍ ഓക്സ്ഫോര്‍ഡ് യൂനിവേര്‍സിറ്റിക്ക് ഫണ്ട് നല്‍കി പ്രതിരോധത്തിനുള്ള വാക്സിന്‍ കണ്ടെത്തുന്നതുമുതല്‍, ഫുട്ബാള്‍ സ്റ്റെടിയങ്ങള്‍ , ആരാധനാലയങ്ങള്‍, തുടങ്ങി രാജ്യത്താകമാനം മാസ് വാക്‌സിനേഷന്‍ സെന്ററുകള്‍ ആരംഭിച്ചു കുത്തിവെപ്പ് പ്രതിരോധം ഫലപ്രദമായി നടപ്പാക്കുന്നതുവരെയുള്ള പ്രവര്‍ത്തനങ്ങളില്‍ മറ്റു യൂറോപ്യന്‍ രാജ്യങ്ങളേക്കാള്‍ ഏറെ മുന്നിലാണ് ബ്രിട്ടന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍.

18 വയസ്സിനു മുകളിലുള്ള ഏതാണ്ട് 70 % പേര്‍ക്ക് ഇതിനകം തന്നെ വാക്സിനേഷന്‍ നല്‍കിക്കഴിഞ്ഞു. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ആഴ്ചയില്‍ രണ്ടുതവണ സ്കൂളുകളില്‍ ടെസ്റ്റുകള്‍, അവരുടെ കുടംബത്തിലുള്ളവര്‍ക്ക് വീട്ടില്‍ തന്നെ ടെസ്റ്റ്‌ ചെയ്യുവാന്‍ കഴിയുന്ന സൌജന്യ ടെസ്റ്റിംഗ് കിറ്റുകള്‍ എല്ലാം സമയബന്ധിതമായി വിതരണം ചെയ്തു. ഇങ്ങനെ സമാനതകളില്ലാത്ത കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെയാണ് ബ്രിട്ടന്‍ ലോകത്തിനു തന്നെ മാതൃകയാകുന്ന തരത്തില്‍ കോവിഡില്‍ നിന്നുള്ള സ്വാതന്ത്ര്യം കൈവരിക്കുന്നത്.

ബ്രിട്ടനിലെ ലോക്ക്ഡൗണിന്റെ ഏറ്റവും വലിയ സവിശേഷത തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് നല്‍കിവരുന്ന ആനുകൂല്യങ്ങളാണ്. ഒരു വര്ഷം മുമ്പ് ലോക്ക്ഡൗൺ പ്രഖ്യാപിച്ച നാള്‍ മുതല്‍ ജോലി നഷ്ട്ടപ്പെട്ട എല്ലാവര്‍ക്കും, സ്വയം തൊഴില്‍ ചെയ്യുന്നവര്‍ ഉള്‍പ്പടെ ഉള്ളവര്‍ക്ക് അവരുടെ വരുമാനത്തിന്റെ 80% വരെ കൃത്യമായി മാസം തോറും സര്‍ക്കാര്‍ നല്‍കുന്നു എന്നതാണ്.

മ്യൂസിയങ്ങൾ, ഹോട്ടലുകൾ, ഫുട്ബാള്‍ മാച്ചുകള്‍, ഹോളിടെയസ് അടക്കമുള്ള വിദേശ യാത്രകള്‍ എന്നിവയ്ക്ക് ഇപ്പോഴും നിയന്ത്രണങ്ങള്‍ ഉണ്ട്. മേയ് 17 മുതലുള്ള മൂന്നാം ഘട്ടത്തില്‍ ഇത്തരം കായിക സേവന മേഖലകളും തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങും എന്നാണു പ്രതീക്ഷിക്കുന്നത്.