ഇഷ്ടമതം തെരഞ്ഞെടുക്കാം : കോടതി നിരീക്ഷണം ബിജെപി സര്‍ക്കാരുകള്‍ക്ക് തിരിച്ചടി

0
83

പ്രായപൂർത്തിയായ വ്യക്തിക്ക്‌ ഇഷ്ടമുള്ള മതം തെരഞ്ഞെടുക്കാമെന്ന സുപ്രീംകോടതി നിരീക്ഷണം ‘ലൗജിഹാദ്‌’ തടയാനെന്ന പേരിൽ ഭരണഘടനാവിരുദ്ധമായ നിയമങ്ങൾ പാസാക്കിയ ബിജെപി സർക്കാരുകൾക്ക്‌ തിരിച്ചടി. ബിജെപി ഭരിക്കുന്ന മധ്യപ്രദേശ്‌, ഉത്തർപ്രദേശ്‌, ഗുജറാത്ത്‌ സംസ്ഥാനങ്ങളിൽ ‘ലൗജിഹാദ്‌’ തടയാനെന്ന പേരിൽ നിയമങ്ങൾ പാസാക്കിയിരുന്നു.

വ്യത്യസ്‌ത മതങ്ങളിലുള്ള പ്രായപൂർത്തിയായവർ പ്രണയിക്കുന്നതും വിവാഹം ചെയ്യുന്നത്‌ പ്രശ്‌നമാക്കി വർഗീയ ധ്രുവീകരണം തീവ്രമാക്കുകയാണ്‌ ‘ലൗജിഹാദ്‌’ നിയമങ്ങളുടെ ഉദ്ദേശ്യം‌. ഉത്തർപ്രദേശിലും മധ്യപ്രദേശിലും ‘ലൗജിഹാദ്‌’ നിയമത്തിന്റെ പേരിൽ പൊലീസ്‌ ന്യൂനപക്ഷ വിഭാഗക്കാരെ ദ്രോഹിക്കുന്നുവെന്ന്‌ വ്യാപക പരാതിയുണ്ട്.

ജനങ്ങളെ ഭിന്നിപ്പിക്കുന്ന ‘ലൗജിഹാദ്‌’ പ്രചാരണത്തിനുള്ള മറുപടി കൂടിയാണ്‌ വെള്ളിയാഴ്‌ച സുപ്രീംകോടതിയിൽ നിന്നുണ്ടായത്‌. ‘പ്രായപൂർത്തിയായവർക്ക്‌ ഇഷ്ടമുള്ള മതം തെരഞ്ഞെടുക്കാൻ തടസ്സമില്ല’ –- എന്നാണ്‌ ജസ്‌റ്റിസ്‌ ആർ എഫ്‌ നരിമാൻ അധ്യക്ഷനായ ബെഞ്ച്‌ നിരീക്ഷിച്ചത്‌.

ബിജെപി നേതാവ്‌ അശ്വിനി ഉപാധ്യായയുടെ ഹർജി തള്ളിയായിരുന്നു ഇത്‌. വെറുപ്പിന്റെ പ്രത്യയശാസ്‌ത്രത്തിന്റെ അടിസ്ഥാനത്തിൽ ജനങ്ങളെ വിഭജിക്കാൻ ശ്രമിക്കുന്ന നിക്ഷിപ്‌തതാൽപ്പര്യക്കാർക്കുള്ള ശക്തമായ മുന്നറിയിപ്പാണ്‌ സുപ്രീംകോടതി നിരീക്ഷണമെന്ന്‌ അഡ്വ. കാളീശ്വരംരാജ്‌ പ്രതികരിച്ചു. ‘ഭരണഘടനയെ അട്ടിമറിക്കാനുള്ള നിയമനിർമാണങ്ങളാണ്‌‌ അടുത്തകാലത്ത്‌ നടക്കുന്നത്‌‌. പൗരത്വഭേദഗതി നിയമം തുല്യതയ്‌ക്കുള്ള അവകാശത്തിന്റെ ലംഘനമാണ്‌.

‘ലൗജിഹാദ്‌’ നിയമം മതേതരത്വത്തിന് വിരുദ്ധമാണ്‌. കാർഷികനിയമങ്ങൾ സാമൂഹ്യനീതിയുടെ നിഷേധമാണ്‌. ഭരണഘടനാതത്വങ്ങളെ അട്ടിമറിക്കാൻ നിയമനിർമാണങ്ങളെ ആയുധമാക്കുന്നത്‌ പതിവായിട്ടുണ്ട്‌. ഇല്ലാത്ത പ്രശ്‌നങ്ങൾ കുത്തിപ്പൊക്കി ജനങ്ങളെ വിഭജിക്കാനും പരസ്‌പരം ശത്രുക്കളാക്കാനുമുള്ള ശ്രമങ്ങൾ സജീവമാണ്‌. അതിനെതിരെ മതനിരപേക്ഷത ഉയർത്തിപ്പിടിച്ചുള്ള ശക്തമായ നിരീക്ഷണങ്ങളാണ്‌ കോടതിയിൽ‌ നിന്നുണ്ടായിട്ടുള്ളതെന്ന് കാളീശ്വരം രാജ്‌ ചൂണ്ടിക്കാണിച്ചു.