ബഹിരാകാശദൗത്യത്തിന് വനിതയെ പ്രഖ്യാപിച്ച് യു എ ഇ വീണ്ടും ചരിത്രം കുറിച്ചു. നൂറ അൽ മത്റൂശി, മുഹമ്മദ് അൽ മുല്ല എന്നിവരെയാണ് യു എ ഇ രണ്ടാമത്തെ ബഹിരാകാശയാത്രക്കായി പ്രഖ്യാപിച്ചത്. അറബ് ലോകത്ത് നിന്നുള്ള ആദ്യ വനിതാ ബഹിരാകാശ യാത്രികയാണ് നൂറ.
ബഹിരാകാശയാത്രികരുടെ രണ്ടാമത്തെ സംഘത്തിൽ ഇടം നേടാൻ മൽസരിച്ച് അവാസനഘട്ടത്തിലെത്തിയ അഞ്ച് വനിതകൾ, ഒമ്പത് പുരുഷൻമാർ എന്നിവരിൽ നിന്നാണ് നൂറ അൽ മത്റൂശി, മുഹമ്മദ് അൽ മുല്ല എന്നിവർ തെരഞ്ഞെടുക്കപ്പെട്ടത്. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ബഹിരാകാശയാത്രികരെ ട്വിറ്ററിലൂടെ പ്രഖ്യാപിക്കുകയായിരുന്നു.
യു എ ഇയുടെ ആദ്യ ബഹിരാകാശ യാത്രികൻ മേജർ ഹെസ്സ അൽ മൻസൂരി, ഡോ. സുൽത്താൻ അൽ നെയാദി എന്നിവരുടെ സംഘത്തിൽ ഇനി നൂറയും മുഹമ്മദ് അൽ മുല്ലയും ചേരും. വനിതയുൾപ്പെടുന്ന രണ്ടാം സംഘം ആകാശത്ത് ചരിത്രം കുറിക്കുന്ന നിമിഷത്തിനായി കൗണ്ട് ഡൗൺ ആരംഭിക്കുകയാണെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു.