രണ്ടാം തരംഗം മാരകം ; രാജ്യത്ത് ആദ്യമായി ഒറ്റദിവസം 1.31 ലക്ഷം രോ​ഗികള്‍

0
112

രാജ്യത്ത്‌ കോവിഡ്‌ രണ്ടാംഘട്ട വ്യാപനം അപകടകരമായ സാഹചര്യത്തില്‍. 24 മണിക്കൂറിൽ 1.31 ലക്ഷത്തിലേറെ രോ​ഗികള്‍, മരണം 780. ഇത്രയധികം രോ​ഗികള്‍ ഒരുദിവസമുണ്ടായത്‌ രാജ്യത്താദ്യം. രോ​ഗികള്‍ ലക്ഷം കടക്കുന്നത് തുടര്‍ച്ചയായ നാലാംദിനം. ചികിത്സയിലുള്ളവരുടെ എണ്ണം തുടർച്ചയായ 30-ാം ദിനവും കൂടി. നിലവിൽ 9,79,608 പേർ ചികിത്സയില്‍.

ചികിത്സയിലുള്ളവരുടെ എണ്ണം മൂന്ന് ലക്ഷത്തില്‍നിന്ന് ഒമ്പത് ലക്ഷമായത് വെറും 18 ദിവസത്തില്‍. കഴിഞ്ഞവർഷം ഒന്നാംഘട്ടത്തിൽ 59 ദിവസമെടുത്താണ്‌ ചികിത്സയിലുള്ളവരുടെ എണ്ണം മൂന്നിരട്ടിയായത്‌. ഈ മാസം 15 മുതൽ 20 വരെ രണ്ടാംഘട്ട വ്യാപനം അതിതീവ്രമാകുമെന്ന്‌‌ കാൺപുർ ഐഐടി ശാസ്‌ത്രജ്ഞർ വിലയിരുത്തി. ഏപ്രിൽ മധ്യത്തിൽ മൂർധന്യത്തിൽ എത്തും. മെയ്‌ അവസാനത്തോടെ കുറയുമെന്നുമാണ്‌ വിലയിരുത്തൽ.

24 മണിക്കൂറിൽ സ്ഥിരീകരിച്ച രോ​ഗികളിൽ പകുതിയിലേറെയും മഹാരാഷ്ട്രയില്‍ (56,286). ഛത്തീസ്‌ഗഢ് ‌(10,652), ഉത്തർപ്രദേശ് (8474‌), ഡൽഹി (7437), കർണാടകം (6570), മധ്യപ്രദേശ് (4324‌), തമിഴ്‌നാട് (4276‌), ഗുജറാത്ത് (4021), രാജസ്ഥാൻ (3526) എന്നിങ്ങനെ രോ​ഗികള്‍.

മഹാരാഷ്ട്രയിൽ വെള്ളിയാഴ്‌ച രാത്രി എട്ടുമുതൽ തിങ്കളാഴ്‌ച രാവിലെ ഏഴുവരെയുള്ള വാരാന്ത്യ അടച്ചുപൂട്ടലിന്‌ തുടക്കമായി. നാഗ്‌പുർ, പുണെ, മുംബൈ, നാസിക്‌‌ ആശുപത്രികളിൽ കിടക്കകൾക്കും വെന്റിലേറ്ററുകൾക്കും ഓക്‌സിജൻ സിലിണ്ടറുകൾക്കും മറ്റും കടുത്ത ക്ഷാമം

എല്ലാ സ്‌കൂളും അടച്ചിടണമെന്ന്‌ ഡൽഹി സർക്കാർ ഉത്തരവിറക്കി. എയിംസിൽ 20 ഡോക്ടർമാർ ഉൾപ്പെടെ 32 ആരോഗ്യപ്രവർത്തകർക്ക് കോവിഡ്‌. ഗംഗാറാം ആശുപത്രിയിലെ 37 ഡോക്ടർമാർക്കും കോവിഡ്

ഒരുമാസത്തിൽ 55,512 രോ​ഗികളും അഞ്ഞൂറോളം മരണവും റിപ്പോർട്ട്‌ ചെയ്‌ത ഛത്തീസ്‌ഗഢിലും കോവിഡ്‌ നിയന്ത്രണാതീതം

മാസ്‌ക് ധരിക്കാത്തവർക്ക്‌ 2000 രൂപ പിഴ ഈടാക്കാൻ ഒഡീഷ. കുറ്റം ആവർത്തിച്ചാല്‍ പിഴ 5000 രൂപ

ബിഹാറിൽ സ്‌കൂളുകൾ അടച്ചിടല്‍ ഉത്തരവ് ഒരാഴ്‌ചത്തേക്കുകൂടി നീട്ടി

ഒരു മാസത്തിനുള്ളിൽ ബംഗാളിൽ കോവിഡ്‌ ബാധിതരില്‍ 14 മടങ്ങ്‌ വർധന

ഹിമാചൽപ്രദേശിൽ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ 21 വരെ അടച്ചിടും.

യുപിയിലും ഗുജറാത്തിലും മൃതദേഹത്തിന് ടോക്കണ്‍

കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന ഉത്തർപ്രദേശിൽ മൃതദേഹം സംസ്കരിക്കാന്‍ ബന്ധുക്കള്‍ക്ക് ശ്മശാനത്തില്‍ കാത്തിരിക്കേണ്ടിവരുന്നത് പത്തുമണിക്കൂര്‍വരെ. വൈദ്യുതി ശ്മശാനങ്ങളില്‍ മൃതദേഹങ്ങള്‍ക്ക് ടോക്കണ്‍ ഏര്‍പ്പെടുത്തി. ലഖ്‌നൗവിലെ വൈദ്യുതിശ്മശാനങ്ങളിൽ ജീവനക്കാർ ജോലിചെയ്യുന്നത് 20 മണിക്കൂര്‍വരെ. ഗുജറാത്തിലെ സൂറത്തിലും സംസ്‌കാരത്തിന്‌ ടോക്കൺ ഏർപ്പെടുത്തി.

കോവിഡിന് ഇരയായവര്‍ക്ക് മാന്യമായി അന്ത്യോപചാരം അര്‍പ്പിക്കാന്‍പോലും ബന്ധുക്കള്‍ക്ക് കഴിയാത്ത സ്ഥിതിയാണ്. മൃതദേഹങ്ങളുമായി എത്തുന്നവർക്ക്‌ ആദ്യം ടോക്കൺ കൈമാറും. സംസ്‌കരിക്കാൻ അവസരം കാത്ത് ബന്ധുക്കൾ മൃതദേഹവുമായി ശ്മശാനത്തിന്‌ പുറത്ത്‌ കാത്തുനിൽക്കണം. രാവിലെ 9.30ന്‌ മരിച്ച ആളുടെ മൃതദേഹം സംസ്‌കരിക്കാൻ രാത്രി എട്ട്‌ വരെ കാത്തിരിക്കേണ്ടി വന്നവരുണ്ട്.

വൈദ്യുതി ശ്മശാനത്തിൽ ജോലി ചെയ്യുന്നവർക്ക്‌ ആവശ്യമായ സുരക്ഷാസജ്ജീകരണമില്ലെന്ന പരാതിയും വ്യാപകം. മാസ്‌കുകൾമാത്രം ധരിച്ചാണ്‌ അവർ ജോലി ചെയ്യുന്നത്‌. ലഖ്‌നൗവിലെ ബൈകുന്ദ്‌ദാം, ഗുലാലഘാട്ട് ശ്മശാനങ്ങളിൽ വൈദ്യുതി ഉപയോഗിച്ച്‌ മൃതദേഹങ്ങൾ സംസ്‌കരിക്കുന്ന രണ്ട്‌ യന്ത്രമുണ്ട്‌. ലഖ്‌നൗവിൽനിന്നും പരിസരപ്രദേശങ്ങളിൽനിന്നും ദിവസവും ശരാശരി 30 മൃതദേഹം എത്തിക്കുന്നു. ഒരു മൃതദേഹം സംസ്‌കരിക്കാൻ ഒരു മണിക്കൂറോളം വേണ്ടിവരുമെന്നാണ്‌ ജീവനക്കാർ പറയുന്നത്‌. കോവിഡ്‌ മാനദണ്ഡം പാലിക്കേണ്ടതിനാൽ ഇപ്പോൾ രണ്ടുമണിക്കൂർവരെ വേണ്ടിവരുന്നതായി ലഖ്‌നൗ കോർപറേഷൻ ചീഫ്‌ എൻജിനിയർ ആർ എൻ ത്രിപാഠി പ്രതികരിച്ചു.

‌യുപിയില്‍ രോ​ഗികളുടെ എണ്ണം ഒരാഴ്ചയായി ദിവസവും പതിനായിരത്തോളമാണ്‌. രോ​ഗവ്യാപനത്തിന്റെ ഒന്നാംഘട്ടത്തില്‍ പരമാവധി ഏഴായിരംവരെയായിരുന്നു. ലഖ്‌നൗ, പ്രയാ​ഗ് രാജ്, വാരാണസി, കാണ്‍പുര്‍ ജില്ലകളില്‍ സ്ഥിതി അതീവരൂക്ഷം. സ്ഥിതി വഷളാവുമ്പോഴും മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്‌ മറ്റ് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്നു.