കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ കേരളത്തിൽ സംഭവിച്ച ദുരന്തങ്ങൾ നേരിടുന്നതിൽ ഉണ്ടായ മികവ് ജനകീയാസൂത്രണത്തിന്റെ പ്രതിഫലനമാണെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്ക് പറഞ്ഞു. റിസർവ് ബാങ്കിന്റെ സംസ്ഥാനങ്ങളുടെ ധനസ്ഥിതിയെ കുറിച്ചുള്ള റിപ്പോർട്ടിൽ കോവിഡ് പ്രതിസന്ധി നേരിടുന്ന കാര്യത്തിൽ കേരളത്തിലെ പ്രാദേശിക ഭരണകൂടങ്ങൾ വഹിച്ച നിർണ്ണായകമായ പങ്കിനെ കുറിച്ച് പ്രത്യേകം എടുത്ത് പറയുന്നുണ്ട്.
അധികാര വികേന്ദ്രീകരണത്തിന്റെ കാര്യത്തിൽ ഏതു അളവുകോലിൽ കൂടി നോക്കിയാലും കേരളം ഏറെ മുന്നോട്ട് പോയിട്ടുണ്ട്. ‘കേരളത്തിൽ ജനകീയാസൂത്രണത്തിന്റെ 25 വർഷങ്ങൾ’ എന്ന വിഷയത്തെ അധികരിച്ച് ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷനും [ ഗിഫ്റ്റ്] കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷനും [ കില ] സംയുക്തമായി സംഘടിപ്പിച്ച അന്താരാഷ്ട്ര വർക്ഷോപ്പ് ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരോഗ്യം , വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ ജനകീയാസൂത്രണം വഴി വലിയ നേട്ടമുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. സ്ത്രീ ശാക്തീകരണത്തിന്റെ കാര്യത്തിലും സംസ്ഥാനത്ത് മികച്ച മുന്നേറ്റം കൈവരിക്കുന്നതിന് ജനകീയാസൂത്രണം വഴിയൊരുക്കിയിട്ടുണ്ട്.
ഈ മേഖലയിൽ നമ്മുടെ കുറവുകൾ എന്തൊക്കെ എന്ന വിഷയത്തിൽ ഇനി ചർച്ചകൾ മുന്നോട്ട് പോകേണ്ടതുണ്ട്. ജനങ്ങളും വിദഗ്ധരും ഒരുമിച്ച് നിന്ന് ഇതിനെ മുന്നോട്ട് നയിക്കേണ്ടതുണ്ട്. സംസ്ഥാനത്ത് സ്ഥല- ജല മാനേജ്‌മെന്റിന്റെ കാര്യത്തിൽ വലിയ പോരായ്മകൾ നിലവിലുണ്ട്. അഴിമതിയാണ് മറ്റൊരു പ്രധാന വിഷയം. ഇതിനെതിരെ അതിശക്തമായ നിലപാട് ആവശ്യമായി വരികയാണ്. അധികാര വികേന്ദ്രീകരണം ഒരിക്കലും അഴിമതിയുടെ വികേന്ദ്രീകരണമല്ല. ജനകീയാസൂത്രണം അഴിമതിയെ വലിയൊരളവോളം ഇല്ലാതാക്കിയിട്ടുണ്ട്. എന്നാൽ പൂർണ്ണമായും ഇല്ലാതായി എന്ന് പറയാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇതുവരെ ഉണ്ടാക്കിയ നേട്ടങ്ങൾ ഇനിയെങ്ങനെ മുന്നോട്ട് കൊണ്ടുപോകാം എന്നതാണ് ഇന്നത്തെ അവസ്ഥയിൽ ചിന്തനീയമായ കാര്യം. ജനകീയാസൂത്രണത്തിന്റെ പ്രാരംഭഘട്ടത്തിലുണ്ടായ സ്വപ്നങ്ങൾ പൂർണ്ണമായും സാക്ഷാത്കരിച്ചോ എന്ന കാര്യത്തിൽ ചില സംശങ്ങളുണ്ട്.
എന്നിരുന്നാലും ജനകീയാസൂത്രണം വിപുലമായ മാറ്റങ്ങളാണ് കേരളത്തിന് സംഭാവന ചെയ്തത്. കോവിഡിന് ശേഷമുള്ള ഘട്ടത്തിൽ സംസ്ഥാനം ആവശ്യപ്പെടുന്ന മാറ്റങ്ങൾക്ക് അനുഗുണമായ വിധത്തിൽ ജനകീയാസൂത്രണ പ്രസ്ഥാനത്തെ മുന്നോട്ട് ചലിപ്പിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.