അഭിമാനത്തോടെ ‌ ട്രാന്‍സ്‌‌ജെന്‍ഡര്‍ വോട്ടര്‍മാര്‍ ; സംസ്ഥാനത്ത് ഇത്തവണ വോട്ടുചെയ്‌തത് 115 പേര്‍

0
85

 

സംസ്ഥാനത്ത് ഏപ്രിൽ ആറിന് നടന്ന നിയമസഭാ തെരെഞ്ഞെടുപ്പിൽ ആകെ ട്രാൻസ്‌ജെൻഡർ വിഭാഗക്കാരായ 115 പേർ വോട്ടുചെയ്തു. വോട്ടർപട്ടികയിൽ 289 ട്രാൻസ്‌ജെൻഡർമാരാണ് ഉണ്ടായിരുന്നത്.

2019 ലാണ് ഇവരെ പ്രത്യേക വിഭാഗമായി വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയത്. ആ തെരെഞ്ഞെടുപ്പിൽ പട്ടികയിൽ ഉണ്ടായിരുന്ന 174 പേരിൽ 62 പേരാണ് വോട്ടുചെയ്തത്.ഇത്തവണ ഏറ്റവും കൂടുതൽ ട്രാൻസ്‌ജെൻഡർമാർ വോട്ടുചെയ്തത് തിരുവനന്തപുരം മണ്ഡലത്തിലാണ് 11 പേർ. ഇവിടെ 23 പേർ പട്ടികയിൽ ഉണ്ടായിരുന്നു.

തിരൂരിൽ എട്ടിൽ ഏഴുപേരും കോഴിക്കോട് നോർത്തിൽ ആറിൽ ആറുപേരും വോട്ടുചെയ്തു. കയ്പ്പമംഗലത്ത് എട്ടിൽ അഞ്ചുപേർ വോട്ടു രേഖപ്പെടുത്തി. മറ്റ് മണ്ഡലങ്ങളിൽ അഞ്ചിൽ താഴെയാണ് വോട്ടുചെയ്ത ട്രാൻസ്‌ജെൻഡർമാരുടെ എണ്ണം.

ഏറ്റവും കൂടുതൽ പോളിംഗ് നടന്ന കുന്ദമംഗലം മണ്ഡലത്തിലായിരുന്നു സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വോട്ടർമാർ പട്ടികയിൽ ഉണ്ടായിരുന്നത്.-231284 പേർ. സ്ത്രീ വോട്ടർമാരും ഇവിടെയായിരുന്നു കൂടുതൽ-118842 പേർ. ഇവരിൽ 95926 സ്ത്രീകൾ വോട്ടുചെയ്തു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സ്ത്രീകൾ വോട്ടുചെയ്ത മണ്ഡലവും കുന്ദമംഗലമാണ് .

നിയമസഭാ തെരഞ്ഞെടുപ്പിൽ 74.06 ശതമാനം ആളുകൾ സമ്മതിദാനാവകാശം വിനിയോഗിച്ചതായാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ അന്തിമ കണക്ക്. കുന്ദമംഗലം മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്. 81.52 ശതമാനം. 61.85 ശതമാനം രേഖപ്പെടുത്തിയ തിരുവനന്തപുരമാണ് പോളിങ്ങിൽ ഏറ്റവും പിന്നിൽ.