ഇന്ത്യന്‍ വനിതാ ഗുസ്തി താരങ്ങളായ അന്‍ഷു മാലിക്കും സോനം മാലിക്കും ടോക്യോ ഒളിമ്പിക്‌സിന് യോഗ്യത നേടി. 57 കിലോ വിഭാഗത്തില്‍ അന്‍ഷു മാലിക്കും 62 കിലോ വിഭാഗത്തില്‍ സോനം മാലിക്കും യോഗ്യത നേടി.
ഏഷ്യന്‍ ഒളിമ്പിക് യോഗ്യതാ മത്സരങ്ങളില്‍ വിജയിച്ചാണ് ഇരുവരും ഒളിമ്പിക് യോഗ്യത നേടിയത്. കസാഖ്‌സ്താനിലെ അല്‍മാട്ടിയില്‍ നടന്ന മത്സരത്തില്‍ 19 കാരിയായ അന്‍ഷു ഉസ്‌ബെക്കിസ്താന്റെ അഖ്‌മെഡോമയെ സെമി ഫൈനലില്‍ കീഴടക്കിയാണ് യോഗ്യത നേടിയത്.
സോനം മാലിക്ക് അവിശ്വസനീയമായ തിരിച്ചുവരവ് നടത്തിക്കൊണ്ടാണ് സെമി ഫൈനലില്‍ വിജയം സ്വന്തമാക്കിയത്. കസാഖ്‌സ്താന്റെ അയാവുലിം കാസിമോവയെ 9-6 എന്ന സ്‌കോറിന് കീഴടക്കി താരം ഫൈനലിലെത്തി.
ഒരു ഘട്ടത്തില്‍ 0-6 എന്ന സ്‌കോറിന് പിന്നിട്ടുനിന്ന സോനം പിന്നീട് തുടര്‍ച്ചയായി ഒന്‍പത് പോയന്റുകള്‍ നേടിക്കൊണ്ട് ഫൈനലില്‍ ഇടം നേടി ഒളിമ്പിക് യോഗ്യത സ്വന്തമാക്കി. ഇതോടെ ടോക്യോ ഒളിമ്പിക്‌സില്‍ മൂന്ന് വനിതാതാരങ്ങള്‍ യോഗ്യത നേടി.