തദ്ദേശസ്ഥാപനങ്ങൾക്ക്‌ ചരിത്രനേട്ടം ; കാൽനൂറ്റാണ്ടിലെ ഉയർന്ന പദ്ധതിച്ചെലവ്; 95.31 ശതമാനം

0
103

പദ്ധതി നടത്തിപ്പിൽ സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കൈവരിച്ചത് കാൽ നുറ്റാണ്ടിനിടയിലെ ചരിത്ര നേട്ടം. പദ്ധതിതുകയുടെ 95.31 ശതമാനം ചെലവഴിച്ചാണ്‌ ഈ നേട്ടം‌. 2017–-18ലെ 85.45 ശതമാനമാണ്‌ ഇതിനു മുന്നിലത്തെ ഉയർന്ന കണക്ക്‌. കഴിഞ്ഞ വർഷം ബജറ്റ്‌ വിഹിതമായി അനുവദിച്ച 7276.66 കോടിയിൽ മാർച്ച്‌ 31 വരെ 6954.2 കോടി രൂപ ചെലവഴിച്ചു.

ബാക്കിയുണ്ടായിരുന്ന 39.22കോടിയുടെ ബില്ലുകൾക്കും പണം ലഭ്യമാക്കി. ഇതിലൂടെ 2,30,938 പദ്ധതികളാണ്‌ പൂർത്തിയാക്കിയത്‌. പൊതുവിഭാഗത്തിൽ 109.30 ശതമാനമാണ്‌ ചെലവ്‌. പട്ടികജാതി ഘടക പദ്ധതിയിൽ 92.07, പട്ടികവർഗ ഘടക പദ്ധതിയിൽ 91.11 ശതമാനവും ചെലവിട്ടു. ധന കമീഷൻ ഗ്രാന്റിൽ പദ്ധതിനേട്ടം 78.12 ശതമാനം. കോവിഡ്‌ പ്രതിസന്ധിയും തെരഞ്ഞെടുപ്പ്‌ പെരുമാറ്റച്ചട്ട തടസ്സവും മറികടന്നാണ്‌ ഈ നേട്ടം.

ജില്ലകളിൽ 100 ശതമാനം കടന്ന വയനാടാണ്‌ മുന്നിൽ. കൊല്ലവും തിരുവനന്തപുരവും ഒഴികെ ജില്ലകളെല്ലാം 90 ശതമാനത്തിലധികം ചെലവഴിച്ചു. 583 തദ്ദേശ സ്ഥാപനങ്ങൾ 100 ശതമാനം കടന്നു. 461 പഞ്ചായത്തും 77 ബ്ലോക്ക്‌ പഞ്ചായത്തും 38 മുനിസിപ്പാലിറ്റിയും ഏഴ്‌ ജില്ലാ പഞ്ചായത്തും ഉൾപ്പെടുന്നു. 414 സ്ഥാപനങ്ങൾ 90 ശതമാനത്തിനുമുകളിൽ ചെലവിട്ടു. പഞ്ചായത്ത്‌–- 318, ബ്ലോക്ക്‌ പഞ്ചായത്ത്‌–- 64, മുനിസിപ്പാലിറ്റി–- 26, ജില്ലാ പഞ്ചായത്ത്‌–-ആറ്.

ശരാശരി ചെലവ്‌ ശതമാനത്തിൽ: പഞ്ചായത്തുകൾ–- 99.72, ബ്ലോക്ക്‌ പഞ്ചായത്തുകൾ–-101.04, ജില്ലാ പഞ്ചായത്തുകൾ–-98.4, മുൻസിപ്പാലിറ്റികൾ–-95.42, കോർപറേഷനുകൾ–-72.79. ജില്ലാ പഞ്ചായത്തുകളിൽ കണ്ണൂർ, ബ്ലോക്ക്‌ പഞ്ചായത്തുകളിൽ ളാലം (കോട്ടയം), പഞ്ചായത്തുകളിൽ തകഴി, കോർപറേഷനുകളിൽ കണ്ണൂർ, മുനിസിപ്പാലിറ്റികളിൽ രാമനാട്ടുകര എന്നിവയാണ്‌ മുന്നിൽ.

ആദ്യഗഡു നൽകി; ഈവർഷത്തെ പദ്ധതികളും തുടങ്ങി

പദ്ധതിച്ചെലവിലെ ചരിത്ര നേട്ടത്തിന്‌ പിന്നാലെ ഈ സാമ്പത്തിക വർഷത്തെ പദ്ധതി നടപ്പാക്കലിലേക്കും തദ്ദേശ സ്ഥാപനങ്ങൾ ‌കടന്നു. ആദ്യഗഡുവായി 2806 കോടി രൂപ സർക്കാർ അനുവദിച്ചതോടെയാണിത്‌.

വികസന ഫണ്ടിൽ 1589 കോടിയും മെയിന്റനൻസ് ഫണ്ടിൽ 1056 കോടിയും പൊതുആവശ്യ ഫണ്ടിൽ ആദ്യമാസ ഗഡു 161 കോടിയുമാണ്‌ നൽകി‌യത്‌. 1157 സ്ഥാപനങ്ങൾ ജില്ലാ ആസൂത്രണ സമിതികൾക്ക്‌ പദ്ധതി സമർപ്പിച്ചു. 649 സ്ഥാപനത്തിന്റെ പദ്ധതി അംഗീകരിച്ചു. ഈ പദ്ധതികളാണ്‌ നടപ്പാക്കി തുടങ്ങിയത്‌.

ജനങ്ങളിലേക്ക്‌ നേരിട്ട്‌

പദ്ധതി വിഹിതത്തിന്റെ നല്ലൊരുപങ്ക്‌ കോവിഡ്‌ കാലത്ത്‌ തൊഴിൽ ദിനങ്ങളായും മറ്റു ധനസഹായങ്ങളായും ജനങ്ങളുടെ കൈയ്യിൽ നേരിട്ടെത്തി. കോവിഡ്‌ പ്രതിരോധം, ആശ്വാസ നടപടികൾ,‌ സുഭിക്ഷ കേരളം പദ്ധതിയിൽ കാർഷിക മേഖലയിലെ ഇടപെടൽ, പാൽ ഉൽപാദനത്തിൽ സ്വയംപര്യാപ്‌പത ഉറപ്പാക്കൽ, ഭവന നിർമ്മാണം, തുടങ്ങീ വൈവിധ്യമാർന്ന പദ്ധതികളാണ്‌ ഏറ്റെടുത്തത്‌.

–-വികസന ഫണ്ട്‌ പൂർണമായും ചെലവഴിച്ച സ്ഥാപനങ്ങൾക്ക്‌ സർക്കാർ അധിക സഹായവും നൽകി. പ്രളയ ബാധിത ഗ്രാമ പഞ്ചായത്തുകൾക്കും നഗരസഭകൾക്കും അധിക സഹായം ഉറപ്പാക്കി.