ക്ഷേത്രഭൂമി എൻഎസ്എസ് തട്ടിയെടുത്തെന്ന കേസ് തീർപ്പാകാതെ നീളുന്നു

0
83

മലബാർ ദേവസ്വം ബോർഡിന്റെ 66 ഏക്കർ ഭൂമി എൻഎസ്എസ് കൈവശപ്പെടുത്തിയെന്ന പരാതി തീർപ്പാകാതെ നീളുന്നു. അകത്തേത്തറ ചാത്തൻകുളങ്ങര ക്ഷേത്രത്തിന്റെ ഭൂമി‌ എൻഎസ്എസ് എൻജിനിയറിങ് കോളേജ് അനധികൃതമായി കൈവശം വയ്ക്കുന്നതായാണ്‌ പരാതി.

പാട്ടത്തിന്‌ നൽകിയ 50 ഏക്കർ കൈവശപ്പെടുത്തിയെന്നും 16 ഏക്കർ അനധികൃതമായി കൈയേറിയെന്നും ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നു. പാട്ടത്തിന്‌ നൽകിയ 50 ഏക്കർ ഭൂമി‌‌ എൻഎസ്എസ് ജനറൽ സെക്രട്ടറിയുടെ പേരിൽ പട്ടയം സ്വന്തമാക്കിയെന്ന പരാതി ഹൈക്കോടതിയുടെ പരി​ഗണനയിലാണ്. ഇതിനുപുറമെ‌ 16 ഏക്കർകൂടി പിന്നീട് കൈയേറിയെന്നും ഹർജിയിൽ പറയുന്നു.

1960ലാണ്‌ കോളേജ് തുടങ്ങാൻ എൻഎസ്എസിന് 50 ഏക്കർ പാട്ടത്തിന് നൽകിയത്‌. വർഷം 300 രൂപ നിരക്കിൽ 36 വർഷത്തേക്കായിരുന്നു പാട്ടക്കരാർ. 1996ൽ പാട്ടക്കാലാവധി തീർന്നു. എന്നാൽ 1991ൽ തന്നെ പാട്ടത്തുക നൽകുന്നത്‌ നിർത്തി. ഭൂമിക്ക്‌ പട്ടയം അനുവദിക്കണമെന്നാവശ്യപ്പെട്ട്‌ എൻഎസ്എസ് 1991ൽ സർക്കാരിന് അപേക്ഷ നൽകി. 1996ൽ പാട്ടക്കാലാവധി കഴിഞ്ഞതോടെ ഭൂമി വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് മലബാർ ദേവസ്വം ബോർഡ്‌ പാലക്കാട് സബ്‌ കോടതിയെ സമീപിച്ചു. കോടതി ലാൻഡ്‌ ട്രിബ്യൂണലിന്റെ പരിഗണനയ്‌ക്ക്‌ കേസ്‌ വിട്ടു.

2012ൽ ദേവസ്വം ബോർഡ്‌ ഹൈക്കോടതിയിൽ ഹർജി നൽകി. എന്നാൽ, 2015ൽ എൻഎസ്‌എസിന്‌ 50 ഏക്കറിനും 16 ഏക്കറിനും ‌പട്ടയം അനുവദിച്ചു. പട്ടയങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട്‌ ദേവസ്വം ബോർഡ്‌ അപ്പീൽ അതോറിറ്റിയെ സമീപിച്ചു.

50 ഏക്കറിന്റെ ഹർജി വീണ്ടും വിചാരണയ്ക്ക് പാലക്കാട് ലാൻഡ്‌ ട്രിബ്യൂണലിലേക്ക് അയച്ചു. 16 ഏക്കർ കൈയേറിയ ഹർജി പരിഗണിച്ചില്ല. തുടർന്ന്‌ രണ്ട് പട്ടയവും റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് 2016ൽ ദേവസ്വം ബോർഡ്‌ ഹൈക്കോടതിയെ സമീപിച്ചു. നിയമവിരുദ്ധമായാണ്‌ എൻഎസ്‌എസ്‌ പട്ടയം സംഘടിപ്പിച്ചതെന്ന്‌ ദേവസ്വം ബോർഡ്‌ പറയുന്നു. 66 ഏക്കറിൽ ഒരേക്കർ മാത്രമാണ് കോളേജിന് ഉപയോഗിക്കുന്നത്‌.

ചാത്തൻകുളങ്ങര ഭഗവതി ക്ഷേത്രത്തിൽ ഏഴ്‌ ജീവനക്കാരുണ്ട്‌. ഇവർക്ക്‌ ദൈനംദിന ചെലവുകൾക്കുപോലും വരുമാനമില്ല. രൂക്ഷമായ സാമ്പത്തിക പരാധീനതകൾക്കിടയിലും കേസുമായി മുന്നോട്ടു പോകാനാണ് തീരുമാനം. എന്നാൽ, നിയമപരമായി തങ്ങൾക്ക്‌ അവകാശപ്പെട്ട ഭൂമിയാണെന്നാണ് എൻഎസ്എസിന്റെ വാദം.