തിരുപ്പതി ലോക് സഭാ ഉപതെരഞ്ഞെടുപ്പ്: വർഗീയ ജനവിരുദ്ധ രാഷ്ട്രീയം തുറന്നുകാട്ടി സിപിഐ എം പോരാട്ടം

0
111

തെലങ്കാനയിലെ തിരുപ്പതി ലോക്‌സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ ബിജെപിയുടെയും വൈഎസ്ആർ കോൺഗ്രസിന്റെയും ടിഡിപിയുടെയും ജനവിരുദ്ധ അജണ്ടകൾ തുറന്നുകാട്ടി സിപിഐ എം പ്രചാരണം. പാർട്ടി സ്ഥാനാർത്ഥിയായി ഇവിടെ മത്സരിക്കുന്ന എൻ യാദഗിരിക്കു വേണ്ടി നൂറുകണക്കിന് പ്രവർത്തകരാണ് പ്രചാരണത്തിലുള്ളത്.

കർഷകർക്കും കർഷക തൊഴിലാളികൾക്കും ഇടയിൽ കർഷകവിരുദ്ധ കാർഷിക നിയമങ്ങൾക്കെതിരെ പ്രചാരണം നടത്താൻ പാർട്ടി തെരെഞ്ഞെടുപ്പ് പ്രയോജനപ്പെടുത്തുന്നു. വിശാഖപട്ടണം സ്റ്റീൽ പ്ലാന്റും ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രവും വരെ വിറ്റഴിക്കാൻ ഒരുങ്ങുന്ന കേന്ദ്രസർക്കാരിന്റെ നീക്കങ്ങൾ ജനങ്ങൾക്കിടയിൽ ചർച്ചയാക്കാനും സിപിഐ എം ശ്രമിക്കുന്നു.

ശക്തമായ ബോധവൽക്കരണത്തിന് തെരഞ്ഞെടുപ്പിനെ ഉപയോഗിക്കാനാണ് പാർട്ടി ലക്ഷ്യമിടുന്നതെന്ന് സംസ്ഥാന സെക്രട്ടറി പി മധു പറഞ്ഞു. കേന്ദ്രക്കമ്മിറ്റി അംഗം വി ശ്രീനിവാസ റാവുവും പ്രചാരണ രംഗത്തുണ്ട്.

വ്യവസായ കാർമ്മിക സംഘം നെല്ലൂർ ജില്ലാ സെക്രട്ടറിയാണ് എൻ യാദാഗിരിയാണ് സിപിഐ എം സ്ഥാനാർത്ഥിയായി തിരുപ്പതിയിൽ മത്സരിക്കുന്നത്. . നെല്ലൂർ ജില്ലയിലാണ് തിരുപ്പതി മണ്ഡലം. വൻപ്രചാരണ സന്നാഹമില്ലാതെ പരമാവധി പേരിലെത്താൻ ശ്രമിക്കുന്ന പാർട്ടി സ്ഥാനാർത്ഥിയെ നെല്ലും കാർഷികോല്പന്നങ്ങളും നൽകി ജനങ്ങൾ സ്വീകരിയ്ക്കുന്നു.

വൈഎസ്ആർ കോൺഗ്രസും ടിഡിപിയും തമ്മിലാണ് ഇവിടെ പ്രധാനമത്സരം. ബിജെപിയുടെ വിഭാഗീയ രാഷ്ട്രീയത്തെ മാറിമാറി പിന്തുണയ്ക്കുന്നവരാണ് ഈ രണ്ടുപാർട്ടികളും എന്ന് ശ്രീനിവാസ റാവു ചൂണ്ടിക്കാട്ടുന്നു.

സംവരണ മണ്ഡലമായ ഇവിടെ ഏപ്രിൽ 17 നാണ് വോട്ടെടുപ്പ്. വൈഎസ്ആർ കോൺഗ്രസിൽ നിന്ന് എം ഗുരുമൂർത്തിയും ടിഡിപിയിൽ നിന്ന് പനബക ലക്ഷ്മിയും മത്സരിക്കുന്നു.-ജനസേവ സ്ഥാനാർത്ഥിയായി രത്ന പ്രഭയും കോൺഗ്രസിൽ നിന്ന് മുൻ എം പി ചിന്താ മോഹനും പത്രിക നൽകിയിട്ടുണ്ട്. വൈ എസ് ആർ കോൺഗ്രസിലെ ബല്ലി ദുർഗാപ്രസാദിന്റെ നിര്യാണത്തെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്