വട്ടിയൂർക്കാവിലെ യുഡിഎഫ് സ്ഥാനാർഥി വീണ എസ് നായരുടെ പോസ്റ്റർ ആക്രിക്കടയിൽ കണ്ടെത്തിയത് കെപിസിസി അന്വേഷിക്കും. കെപിസിസി പ്രസിഡന്റിനേയും പ്രതിപക്ഷ നേതാവിനെയും പരാതി അറിയിച്ചിട്ടുണ്ടെന്ന് വീണ പറഞ്ഞു. വീഴ്ച ആരുടെ ഭാഗത്തെങ്കിലും ഉണ്ടായിട്ടുണ്ടെങ്കിൽ കർശന നടപടി എടുക്കുമെന്ന് നേതൃത്വം അറിയിച്ചതായും വീണ മാധ്യമങ്ങളോട് പ്രതികരിച്ചു.
നന്ദൻകോട്ടെ വൈഎംആർ ജങ്ഷനിലുള്ള ആക്രിക്കടയിലാണ് കോൺഗ്രസുകാർ പോസ്റ്ററുകൾ തൂക്കിവിറ്റത്. വ്യാഴാഴ്ച പകൽ പതിനൊന്നിനാണ് പോസ്റ്ററുകൾ കടയിൽ എത്തിച്ചത്. 50 കിലോവരുന്ന പോസ്റ്ററുകളാണ് വിറ്റത്. കിലോയ്ക്ക് പത്ത് രൂപ വീതം കടക്കാരൻ നൽകി.
‘നേമം മോഡൽ’ വോട്ടുകച്ചവടം ഇത്തവണ വട്ടിയൂർക്കാവിൽ നടപ്പാക്കുന്നതായുള്ള തെളിവുകൾ തെരഞ്ഞെടുപ്പിന്റെ തുടക്കം മുതൽ പുറത്തുവന്നിരുന്നു. വീണയുടെ സ്ഥാനാർഥിത്വം മുതൽ പ്രചാരണ രംഗത്തെ യുഡിഎഫിന്റെ നിർജീവാവസ്ഥവരെ ബിജെപിയുമായുള്ള കൂട്ടുകെട്ട് വ്യക്തമാക്കിയിരുന്നു. ഈ തെളിവുകളിൽ ഒടുവിലത്തേതാണ് പ്രചാരണത്തിന് ഉപയോഗിക്കാതെ കിലോ കണക്കിന് പോസ്റ്ററുകൾ ആക്രിക്കടയിൽ തൂക്കിവിറ്റ സംഭവം.
പ്രചാരണ രംഗത്തുൾപ്പെടെ യുഡിഎഫ് സജീവമല്ലായിരുന്നു. ”വട്ടിയൂർക്കാവിൽ കോൺഗ്രസിന്റെ സഹായത്തിന് തിരുവനന്തപുരത്ത് ബിജെപിയുടെ പ്രത്യുപകാരം” എന്നതായിരുന്നു ബിജെപിയുമായി ഉണ്ടാക്കിയ ഡീൽ.