ഇന്ത്യയുടെ കടം ജിഡിപിയുടെ 90 ശതമാനമായി: ഐഎംഎഫ്‌

0
94

കോവിഡ് സാഹചര്യത്തിൽ ഇന്ത്യയുടെ വായ്പ–- ജിഡിപി അനുപാതം 74 ശതമാനത്തിൽനിന്നും 90 ശതമാനമായി വർധിച്ചു. രാജ്യം സാമ്പത്തികമായി മെച്ചപ്പെടുമ്പോൾ ഇത് 80 ശതമാനമായി കുറയുമെന്ന് പ്രതീക്ഷിക്കുന്നതായും അന്താരാഷ്ട്ര നാണ്യ നിധി (ഐഎംഎഫ്) അറിയിച്ചു.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം, മഹാമാരിക്കുമുമ്പ് 2019 അവസാനം വായ്പയുടെ അനുപാതം മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ (ജിഡിപി) 74 ശതമാനമായിരുന്നുവെന്നും 2020 അവസാനത്തോടെ ഇത് ജിഡിപിയുടെ 90 ശതമാനമായെന്നും ഐഎംഎഫ് സാമ്പത്തികകാര്യ വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ പോളോ മൗറോ അറിയിച്ചു.

ഇത് വളരെ വലിയ വർധനവാണ്. പക്ഷേ വളർന്നുവരുന്ന വിപണികളും വികസിത സമ്പദ്‌വ്യവസ്ഥകളും ഈ ഘട്ടത്തിലൂടെ കടന്നുപോയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഇതിനിടെ ആഗോള വളർച്ച വേഗത്തിലായിട്ടുണ്ടെന്നും ഇത്‌ പ്രധാനമായും അമേരിക്കയും ചെെനയും ഇന്ത്യയുമാണ്‌ നയിക്കുന്നതെന്നും ലോക ബാങ്ക് പ്രസിഡന്റ് ഡേവിഡ് മാൽപാസ് പറഞ്ഞു. കോവിഡ് മൂലം വർധിച്ചുവരുന്ന അസമത്വത്തിൽ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.