സമരം ശക്തമാക്കാനൊരുങ്ങി കര്‍ഷകര്‍ ; ഏപ്രില്‍ 10 ന് കെഎംപി എക്സ്പ്രസ് ഹൈവെ ഉപരോധിക്കും

0
84

പുതുക്കിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യവുമായി ദില്ലി അതിർത്തികളിൽ നടക്കുന്ന കർഷക സമരം കൂടുതൽ ശക്തമാക്കാനൊരുങ്ങി കർഷകർ.

ഏപ്രിൽ 10ന് ഹരിയാനയിലെ കെഎംപി എക്സ്പ്രസ്സ്‌വേ കർഷകർ ഉപരോധിക്കും. രാസവള വിലകളിലെ അമിത ഉയർച്ച കേന്ദ്ര സർക്കാർ പിൻവലിക്കണമെന്ന ആവശ്യവുമായി അഖിലേന്ത്യ കിസാൻ സഭ രംഗത്തെത്തി.

സമരം തുടങ്ങി നാല് മാസം കഴിഞ്ഞിട്ടും കേന്ദ്ര സർക്കാർ ചർച്ചകൾക്കായി മുന്നോട്ട് വരാത്ത സാഹചര്യത്തിലാണ് കർഷകർ സമരം കൂടുതൽ ശക്തമാക്കാനൊരുങ്ങുന്നത്. ഏപ്രിൽ 10ന് ഹരിയനയിലെ കെഎംപി ദേശിയ പാത കർഷകർ ഉപരോധിക്കും. കെഎംപി ദേശിയ പാതയിലെ ടോൾ പ്ലാസകളും കർഷകർ ഉപരോധിക്കും.

ഏപ്രിൽ 13 ന് ദില്ലി അതിർത്തിയിൽ വൈശാഖി ഉത്സവവും കർഷകർ ആഘോഷിക്കും. അംബേദ്കറുടെ ജന്മവാർഷിക ദിന മായ ഏപ്രിൽ 14ന് കർഷകർ “സംവിധാൻ ബച്ചാവോ” ദിവസമായി ആചരിക്കും.

തൊഴിലാളി ദിനമായ മെയ്‌ 1ന് അതിർത്തിയിൽ നടക്കുന്ന സമരപരിപാടികൾ ലോക തൊഴിലാളികൾക്ക് കർഷകർ സമർപ്പിക്കും. മെയ്‌ മാസത്തിൽ കർഷകരുടെ നേതൃത്വത്തിൽ പാർലമെന്റിലേക്ക് മാർച്ച്‌ നടത്തുമെന്നും കർഷക നേതാക്കൾ വ്യക്തമാക്കി.

കർഷകർക്കും തൊഴിലാളികൾക്കും പുറമെ സ്ത്രീകൾ, ദലിത്-ആദിവാസി-ബഹുജനുകൾ, തൊഴിലില്ലാത്ത യുവാക്കൾ, ഉൾപ്പടെയുള്ളവർ മാർച്ചിന്റെ ഭാഗമാകും. അതേസമയം രാസവളങ്ങളുടെ വിലയിൽ വൻ വർധന നടത്താൻ രാസവള കമ്പനികളെ അനുവദിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിനെതിരെ അഖിലേന്ത്യാ കിസാൻ സഭ പ്രതിഷേധം രേഖപ്പെടുത്തി