സിപിഐ എം നേതാക്കൾക്കെതിരെ വധഭീഷണിയുമായി ബിജെപി–-കോൺഗ്രസ് പ്രവർത്തകർ

0
80

സിപിഐ എം നേതാക്കൾക്കെതിരെ വധഭീഷണിയുമായി ബിജെപി–-കോൺഗ്രസ് പ്രവർത്തകർ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ ചെമ്മരുതി പനയറ രാജേഷ് ഭവനിൽ രാഹുൽ, രാജേഷ്, അംബു എന്നിവരാണ്‌ സിപിഐ എം ഏരിയ കമ്മിറ്റി അംഗം ടി രാധാകൃഷ്ണൻ, പാളയംകുന്ന് ലോക്കൽ സെക്രട്ടറി ജി എസ് സുനിൽ, ബ്രാഞ്ച് സെക്രട്ടറി കുമാർ എന്നിവർക്കെതിരെ വധഭീഷണി മുഴക്കിയിരിക്കുന്നത്.

തെരഞ്ഞെടുപ്പ് ദിവസം പനയറ ഗവ. എൽപിഎസിൽ പ്രവർത്തിച്ചിരുന്ന 136––ാം നമ്പർ ബൂത്തിൽ വെളിച്ചക്കുറവ് അനുഭവപ്പെട്ടതിനാൽ വോട്ടർമാർക്ക് യന്ത്രത്തിലെ ചിഹ്നം വ്യക്തമായി കാണാൻ കഴിഞ്ഞില്ല.ഇത് തെരഞ്ഞെടുപ്പ് സെക്രട്ടറി പ്രിസൈഡിങ്‌ ഓഫീസറുടെ ശ്രദ്ധയിൽപ്പെടുത്തി. ഈ സമയം ബൂത്തിനുള്ളിൽ അതിക്രമിച്ച് കയറിയ മൂവർ സംഘം വോട്ടർമാരുടെ മുന്നിൽവച്ച് സിപിഐ എം നേതാക്കളെ അസഭ്യം പറയുകയും സംഘർഷം സൃഷ്ടിക്കുകയും കഴുത്തിനുപിടിച്ച് പുറത്തേക്ക് തള്ളുകയും ചെയ്‌തു.

വീട്ടിൽ കയറി വകവരുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പ്രതികൾ സഹോദരങ്ങളാണ്. കുറ്റവാളികൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം നേതാക്കൾ വർക്കല ഡിവൈഎസ്‌പിക്ക് പരാതി നൽകി.