മുരുകൻ കാട്ടാക്കടക്ക് നേരെ വധഭീഷണി : ശക്തമായി പ്രതിഷേധിക്കണമെന്ന് പുരോഗമന കലാസാഹിത്യ സംഘം

0
74

കവിയും ഗാന രചയിതാവുമായ മുരുകൻ കാട്ടാക്കടക്ക് നേരെയുണ്ടായ വധഭീഷണിയിൽ പ്രതിഷേധമുയരണമെന്ന് പുരോഗമന കലാസാഹിത്യ സംഘം. കവി മുരുകനെ വധിക്കാൻ ഒരു സംഘത്തെ നിയോഗിക്കുമെന്നാണ് പേര് വെളിപ്പെടുത്താത ഫോണിൽ ഭീഷണി മുഴക്കിയിട്ടുള്ളത്. ഏറെ ഹിറ്റായ ‘മനുഷ്യനാകണം’ എന്ന ഗാനം രചിച്ചതിനാണ് വധഭീഷണി.

മനുഷ്യതുല്യതക്ക് വേണ്ടി എഴുതുന്നവരെയും പാടുന്നവരെയും നിശബ്ദരാക്കാൻ മതവർഗീയ തീവ്രവാദികൾ ഇന്ത്യയിലുടനീളം വലിയ ശ്രമങ്ങൾ നടത്തുന്നുണ്ട്. ഇന്ത്യയിലെ പ്രതിഭാശാലികളായ എഴുത്തുകാരെയും ചിന്തകരെയും ശാരീരികമായി ആക്രമിക്കാനും കൊലപ്പെടുത്താനും അവർക്ക് കഴിഞ്ഞിട്ടുണ്ട്. കേരളത്തിലും ഇത്തരം ഭീഷണികൾ ഇതിനു മുമ്പും എഴുത്തുകാർക്ക് നേരെ ഉണ്ടായിട്ടുണ്ട്.

ഈ രീതിയിലുള്ള പ്രാകൃതമായ മനുഷ്യവിരുദ്ധനീക്കങ്ങൾക്കെതിരെ കേരളത്തിലെ എഴുത്തുകാരും, കലാകാരന്മാരും ചിന്തകരും സാംസ്‌കാരിക പ്രവർത്തകരും വലിയ പ്രതിരോധങ്ങൾ ഉയർത്തിയിട്ടുമുണ്ട്. ഉന്നതമായ മനുഷ്യസ്‌നേഹം മുന്നോട്ട്‌വെച്ച് ജനാധിപത്യത്തിനും സർഗാത്മകതക്കുമെതിരായ ഇത്തരം കടന്നാക്രമണങ്ങളെ കേരളം പ്രതിരോധിക്കുക തന്നെ ചെയ്യും.

മാനുഷികതയുടെയും മതനിരപേക്ഷതയുടെയും എഴുത്തുകാരൻ മുരുകൻ കാട്ടാക്കടയോടൊപ്പം സാംസ്‌കാരിക കേരളം ഒന്നിച്ചു നിൽക്കുന്നു. കവിക്ക് നേരെ നടന്ന വധഭീഷണിയിൽ കേരള മെമ്പാടും സർഗാത്മകപ്രതിഷേധങ്ങൾ ഉയർന്നുവരണമെന്നും പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അഭ്യർത്ഥിച്ചു.

‘ജ് നല്ല മനുശനാകാൻ നോക്ക് ‘ എന്ന നാടകത്തിന്റെ രചയിതാവ് ഇ കെ അയമുവിന്റെ ജീവിതം ചിത്രീകരിക്കുന്ന ‘ചോപ്പ്’ എന്ന ചലചിത്രത്തിനു വേണ്ടി എഴുതിയതാണ് ‘മനുഷ്യനാകണം’ എന്ന ഗാനം. ഉന്നതമായ മനുഷ്യത്വത്തെ ഇതിലെ വരികൾ ഉയർത്തിപ്പിടിക്കുന്നു. ‘മനുഷ്യനാകണം, മനുഷ്യനാകണം, ഉയർച്ചതാഴ്ചകൾക്കതീതമായ സ്‌നേഹമേ, നിനക്ക് ഞങ്ങൾ പേരിടുന്നു, അതാണ് മാർക്‌സിസം ‘ എന്ന വരികളുള്ള ഈ ഗാനം തെരഞ്ഞെടുപ്പ് കാലത്ത് വൈറലായി മാറിയിരുന്നു.