കൊലപാതകം അംഗീകരിക്കില്ല ; സമാധാനം പുന:സ്ഥാപിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ മുന്‍കൈയെടുക്കണം : കോടിയേരി ബാലകൃഷ്ണന്‍

0
81

എന്തെല്ലാം പ്രകോപനമുണ്ടായാലും കൊലപാതകത്തിലേക്ക് ഒരു സംഭവവും എത്താന്‍ പാടില്ലെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. കൊലപാതകം ആര് നടത്തിയാലും അംഗീകരിക്കില്ല. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ജാഗ്രതയുണ്ടാവണം. സമാധാനം പുന:സ്ഥാപിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ മുന്‍കൈയെടുക്കണം. ഒരു തരത്തിലുള്ള പ്രകോപനത്തിനും ആരും പെട്ടുപോകരുത്.

തലശേരിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയസംഘര്‍ഷമോ കൊലപാതകമോ എവിടെയും ഉണ്ടാകാന്‍ പാടില്ലെന്ന് പാര്‍ട്ടി സംസ്ഥാന സമ്മേളനം തന്നെ വ്യക്തമാക്കിയതാണ്. ഈ നിലപാട് മറ്റു രാഷ്ട്രീയപാര്‍ടികളില്‍ നിന്നുണ്ടാകണമെന്നും അഭ്യര്‍ഥിച്ചിരുന്നു. മറ്റുപാര്‍ട്ടികളില്‍ നിന്ന് അത്തരം പ്രതികരണം ഉണ്ടായില്ലെങ്കിലും ഞങ്ങള്‍ ആ നിലപാടില്‍ തന്നെയാണ്.

രാഷ്ട്രീയസംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ തുറന്ന ചര്‍ച്ചക്ക് ഞങ്ങള്‍ തയാറായിട്ടുണ്ട്. സിപിഐ എമ്മും ബിജെപിയും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കാന്‍ നേതാക്കള്‍ തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം രാഷ്ട്രീയ കൊലപാതകങ്ങള്‍ കുറഞ്ഞു. തെരഞ്ഞെടുപ്പ് ദിവസവും പോളിങ്ങ് സമാധാനപരമായിരുന്നു. പോളിങ്ങിന് ശേഷമാണ് ചില അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അത്തരം സംഭവങ്ങള്‍ ഉണ്ടാകാന്‍ പാടില്ലായിരുന്നു.

ഒരു കാരണവശാലും വീടുകളിലും പാര്‍ട്ടി ഓഫീസുകളിലും കയറിയുള്ള അക്രമമുണ്ടാവരുത്.സമാധാനയോഗം ബഹിഷ്‌കരിച്ചത് പോലുള്ള നിലപാടുകള്‍ ഉത്തരവാദപ്പെട്ട രാഷ്ട്രീയപ്രസ്ഥാനം സ്വീകരിക്കാന്‍ പാടില്ലാത്തതാണ്. ഞാന്‍ ജില്ലസെക്രട്ടറിയായ കാലത്താണ് പ്രിയപ്പെട്ട കെ വി സുധീഷിനെ മൃഗീയമായികൊലപ്പെടുത്തിയത്.

ശവ സംസ്‌കാരം കഴിഞ്ഞ ഉടനെയാണ് സമാധാനയോഗത്തില്‍ പങ്കെടുത്തത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ സമചിത്തതയോടെ പ്രവര്‍ത്തിക്കണം. സമാധാന ചര്‍ച്ചക്ക് സന്നദ്ധമാകണം. സമാധാനത്തിനായി ആരുമായി സഹകരിക്കാന്‍ സിപിഐ എം സന്നദ്ധമാണെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. നഗരസഭ വൈസ്ചെയര്‍മാന്‍ വാഴയില്‍ ശശിയും ഒപ്പമുണ്ടായിരുന്നു