തൃത്താലയിൽ തനിക്കെതിരെ യുഡിഎഫ് ഹീനമായ രീതിയിൽ വ്യക്തിഹത്യ നടത്തിയെന്ന് തൃത്താല മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി എം ബി രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു. വാളയാർ കേസുമായി ബന്ധപ്പെടുത്തി വ്യാപകമായി അപവാദപ്രചരണം നടത്തി.
പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ വാളയാർ കേസ് പരാമർശിച്ചില്ല. തെരഞ്ഞെടുപ്പിന്റെ അവസാന ആഴ്‌ചയാണ് വ്യക്തിഹത്യ നടത്തുംവിധം പ്രചാരണമുണ്ടായത്. എന്തും ചെയ്യാൻ മടിയില്ലാത്ത ആളാണ് യുഡിഎഫ് സ്ഥാനാർഥിയെന്ന് ബോധ്യമായി. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എം ബി രാജേഷ് പറഞ്ഞു.
തൃത്താലയിൽ യുഡിഎഫും ബിജെപിയുമായി അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കി. ബിജെപിയുമായി രക്തബന്ധം ഉള്ളത് തനിക്കല്ല, ആർക്കാണെന്ന് എല്ലാവർക്കുമറിയാം. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ വോട്ട് ബിജെപിക്ക് തൃത്താലയിൽ നിലനിർത്താൻ കഴിഞ്ഞാൽ അത്ഭുതമാണ്.
പാർലമെന്റ് തെരഞ്ഞെടുപ്പിലെ വോട്ട് ബിജെപിക്ക് കിട്ടില്ലെന്ന് ഉറപ്പാണ്. എത്രത്തോളം വോട്ട് ബിജെപി മറിച്ചുകൊടുത്തുവെന്ന് അവസാന കണക്കു വരുമ്പോൾ അറിയാം. വോട്ട് കൊടുത്തുവെന്നത് ഉറപ്പാണ്. അതെല്ലാം മറികടന്ന് എൽഡിഎഫിനാണ് തൃത്താലയിൽ വിജയ സാധ്യതയെന്നും -എം ബി രാജേഷ് പറഞ്ഞു.