കടൽക്കൊലപാതക കേസിൽ ഇറ്റാലിയൻ സൈനികർക്ക്‌ എതിരായ നടപടി അവസാനിപ്പിക്കണമെന്ന്‌ കേന്ദ്രം

0
114

കടൽക്കൊലപാതക കേസിൽ ഇറ്റാലിയൻ സൈനികർക്ക്‌ എതിരായ നിയമനടപടി അവസാനിപ്പിക്കണമെന്ന അപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്ന്‌ കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ.

കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക്‌ മതിയായ നഷ്ടപരിഹാരം ലഭിച്ചെന്നും ഇന്ത്യ, ഇറ്റലി സർക്കാരുകൾ തമ്മിലുള്ള പ്രശ്നമായി മാറിയതിനാൽ ഉടൻ ഇടപെടണമെന്നും സോളിസിറ്റർജനറൽ തുഷാർ മെഹ്‌ത അഭ്യർഥിച്ചു.

സർക്കാരിന്റെ അപേക്ഷ വെള്ളിയാഴ്‌ച പരി​ഗണിക്കാമെന്ന് ചീഫ്‌ജസ്‌റ്റിസ്‌ എസ്‌ എ ബോബ്‌ഡെ അധ്യക്ഷനായ മൂന്നംഗബെഞ്ച്‌ അറിയിച്ചു.

ഇറ്റാലിയൻ സൈനികരെ പ്രോസിക്യൂട്ട്‌ ചെയ്യാൻ ഇന്ത്യക്ക്‌ അധികാരമില്ലെന്ന്‌ ഹേഗിലെ അന്താരാഷ്ട്ര തർക്കപരിഹാര കോടതി കഴിഞ്ഞവർഷം ഉത്തരവിട്ടു. കേന്ദ്രസർക്കാർ അയഞ്ഞ നിലപാട്‌ സ്വീകരിച്ചതാണ് ഹേ​ഗിൽ ഇന്ത്യക്ക് തിരിച്ചടിയായത്. ഈ വിധിക്ക് എതിരെ അപ്പീൽ പോകാനും കേന്ദ്രസർക്കാർ തയ്യാറായില്ല.

പിന്നാലെ, നിയമനടപടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം ജൂലൈയിൽ സുപ്രീംകോടതിയിൽ അപേക്ഷ നൽകി. സൈനികരെ ഇറ്റലിയിൽ പ്രോസിക്യൂട്ട്‌ ചെയ്യാമെന്നും കുടുംബങ്ങൾക്ക്‌ നഷ്ടപരിഹാരം നൽകാമെന്നും ഇറ്റലി ഉറപ്പുനൽകിയെന്നും കേന്ദ്രം വാദിച്ചു.

ഇരകളുടെ കുടുംബങ്ങളുടെ നിലപാട്‌ അറിയണമെന്നും മതിയായ നഷ്ടപരിഹാരം ഉറപ്പാക്കാതെ നിയമനടപടി അവസാനിപ്പിക്കാനാകില്ലെന്നും കോടതി അറിയിച്ചിരുന്നു.ഇറ്റാലിയൻ സൈനികരുടെ വെടിയേറ്റ്‌ 2012 ഫെബ്രുവരിയിലാണ്‌ രണ്ട്‌ മത്സ്യത്തൊഴിലാളികൾ കൊല്ലപ്പെട്ടത്‌.