മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ നിര്‍ബന്ധിക്കല്‍ : സന്ദീപ് നായരുടെ വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നത് – ഹൈക്കോടതി

0
92

മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ ഇഡി ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചെന്ന സന്ദീപ് നായരുടെ വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നതാണന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചു. സന്ദീപ് ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴി മുദ്രവച്ച കവറില്‍ ഹാജരാക്കാമെന്നും ക്രൈംബ്രാഞ്ചിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ഹരേന്‍ പി റാവല്‍ വ്യക്തമാക്കി.

കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരമുള്ള അന്വേഷണം, കേസുമായി ബന്ധമില്ലാത്ത ഒരാള്‍ക്കെതിരെ തെളിവുണ്ടാക്കാനോ കേസിലേക്ക് വലിച്ചിഴക്കാനോ ഉള്ള ലൈസന്‍സല്ലെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.

സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിക്കെതിരെ തെളിവുനല്‍കാന്‍ നിര്‍ബന്ധിച്ചെന്ന മൊഴികളില്‍, പൊലിസ് എടുത്ത കേസുകള്‍ റദ്ദാക്കണമെന്ന ഇഡി യുടെ
ഹര്‍ജിയിലാണ് ക്രൈംബ്രാഞ്ച് നിലപാട് വ്യക്തമാക്കിയത്.

സ്വപ്നയുടെ ശബ്ദരേഖയുടെയും സന്ദീപ് നായര്‍ കോടതിക്ക് എഴുതിയ കത്തിന്റെയും അടിസ്ഥാനത്തിലാണ് കേസെടുത്തിട്ടുള്ളത്.കള്ളപ്പണം വെളുപ്പിക്കല്‍ കേസിനെ പൊലിസ് അന്വേഷണം ബാധിക്കില്ല. ഇഡിക്കെതിരായ ആരോപണം ശരിയാണങ്കില്‍ അത് അതീവ ഗുരുതരമാണന്നും രാജ്യത്തെ ഒരു പൗരനും സുരക്ഷിതനല്ലെന്നും ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടി. ഒരാള്‍ക്കെതിരെ കള്ളത്തെളിവുണ്ടാക്കാന്‍ കേന്ദ്ര ഏജന്‍സിയായ ഇഡിക്ക് അവകാശമില്ല.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പൊലീസ് ഇടപെടുകയാണന്ന തരത്തില്‍ ഇഡി പുകമറ സൃഷ്ടിക്കുകയാണ്. ശബ്ദരേഖയുടെ നിജസ്ഥിതി പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഇഡി പൊലീസ് മേധാവിക്ക് കത്തയച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണവും എഫ്‌ഐആറും.

പൊലിസന്വേഷണം ഫെഡറലിസത്തെ ദുര്‍ബലപ്പെടുത്തുന്നതാണന്ന ഇഡി യു ടെ വാദം ക്രൈംബ്രാഞ്ച് തള്ളി. കേന്ദ്ര ഏജന്‍സി ഉദ്യോസ്ഥര്‍
കേസന്വേഷിക്കുന്ന സംസ്ഥാന ഉദ്യോഗസ്ഥരെ വിശ്വാസത്തിലെടുക്കേണ്ടതുണ്ടെന്നും ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടി.

അന്വേഷണം പ്രാരംഭ ഘട്ടത്തിലാണന്നും അന്വേഷണ ഉദ്യോഗസ്ഥനെ തിരുമാനമെടുക്കാന്‍ അനുവദിക്കണമെന്നും കോടതി ഇടപെടരുതെന്നും
ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. പ്രാരംഭ ഘട്ടത്തില്‍ അന്വേഷണത്തില്‍ ഇടപെടരുതെന്ന് സുപ്രീംകോടതിയുടെ ഉത്തരവുണ്ടെന്നും ക്രൈംബ്രാഞ്ച് ചുണ്ടിക്കാട്ടി.

ഇഡി യുടെ ഹര്‍ജി അപക്വമാണന്നും നിലനില്‍ക്കില്ലെന്നും അറിയിച്ചു.സമാന കേസില്‍ രണ്ട് പ്രഥമവിവര റിപ്പോര്‍ട്ടുകള്‍ പാടില്ലെന്നാണ് ഹര്‍ജിക്കാരുടെ
വാദമെന്നും എന്നാല്‍ കേസിലെ കുറ്റങ്ങള്‍ ഒന്നാണോ എന്നതാണ് ചോദ്യമെന്നും ഹരേന്‍ പി റാവല്‍ ചുണ്ടിക്കാട്ടി. കേസ് കൂടുതല്‍ വാദത്തിനായി വെള്ളിയാഴ്ചത്തേക്ക് മാറ്റി.