ഐഎംഎഫിന്റെ വിവേചനം – പ്രഭാത് പട്നായ്ക് എഴുതുന്നു

0
117

 

കോവിഡ്‌–-19 മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയിൽനിന്നും കരകയറാൻ വികസിത രാജ്യങ്ങൾ സ്വീകരിച്ച നിലപാടിൽനിന്നും വ്യത്യസ്‌തമായ സമീപനമാണ്‌‌ മൂന്നാം ലോകരാജ്യങ്ങളിൽ നിന്നുണ്ടായത്‌. ഈ പ്രതിസന്ധിയിൽനിന്ന്‌ കരകയറാൻ വികസിത രാജ്യങ്ങൾ പ്രത്യേക സാമ്പത്തിക പാക്കേജുകൾ പ്രഖ്യാപിച്ച്‌ നടപ്പാക്കിയപ്പോൾ മൂന്നാം ലോകരാജ്യങ്ങൾ കഠിനമായ സാമ്പത്തിക അച്ചടക്കത്തിന്റെ കെണിയിൽപ്പെട്ടു. മൂന്നാം ലോകരാജ്യങ്ങളിൽ ഏറ്റവും ലുബ്‌ധമായ സാമ്പത്തിക പാക്കേജാണ് ഇന്ത്യ നടപ്പാക്കിയത്‌.

അതായത്‌ മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിന്റെ (ജിഡിപി) ഒരു ശതമാനത്തിൽ താഴെമാത്രം മൂല്യംവരുന്ന പാക്കേജായിരുന്നു ഇന്ത്യയിൽ പ്രഖ്യാപിച്ചത്‌. മറ്റ്‌ മൂന്നാം ലോകരാജ്യങ്ങളുടെ‌ സ്ഥിതിയും ഇതിൽനിന്ന്‌ വിഭിന്നമല്ല. എന്നാൽ, ഇതിന്‌ വിരുദ്ധമായി ട്രംപ്‌ പ്രസിഡന്റായിരിക്കെ അമേരിക്ക ‌ രണ്ട്‌ ലക്ഷം കോടി ഡോളറിന്റെ സാമ്പത്തിക പാക്കേജാണ്‌ പ്രഖ്യാപിച്ചത്‌. ഇത്‌ അമേരിക്കൻ ജിഡിപിയുടെ 10 ശതമാനമാണ്‌. ജോ ബൈഡൻ പ്രസിഡന്റായി ചുമതലയേറ്റശേഷം 1.9 ലക്ഷം കോടി ഡോളറിന്റെ പാക്കേജ്‌കൂടി പ്രഖ്യാപിച്ചു.

ഇതിൽ ഒരു ലക്ഷം കോടി ഡോളറും ജനങ്ങളുടെ കൈകളിലേക്ക്‌ പണമായി നൽകുകയായിരുന്നു. രണ്ട്‌ പാക്കേജുംകൂടി കണക്കിലെടുത്താൽ ജിഡിപിയുടെ 20 ശതമാനമാണ്‌ ഒരു വർഷത്തിനിടയിൽ ഉത്തേജക പാക്കേജായി നടപ്പാക്കിയത്‌. മഹാമാരി സൃഷ്ടിച്ച മാന്ദ്യത്തിൽനിന്ന്‌ കരകയറാൻ യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങളും ഇതിന്‌ സമാനമായ സാമ്പത്തിക പാക്കേജുകൾ‌ നടപ്പാക്കി‌.

മൂന്നാം ലോകരാജ്യങ്ങൾക്ക്‌ മാത്രം നിബന്ധന

ഇത്തരം പാക്കേജുകൾ നടപ്പാക്കിയപ്പോൾ അന്താരാഷ്ട്ര നാണ്യനിധി ഇതിനെ സജീവമായി പിന്തുണയ്‌ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്‌തു. ഐഎംഎഫ്‌ ഇതുവരെ തുടർന്നുവന്ന സാമ്പത്തിക കാർക്കശ്യത്തിൽ നിന്നുള്ള ഒരു പിൻവലിയലായിരുന്നു ഇതെന്നാണ്‌ എല്ലാവരും ധരിച്ചിരുന്നത്‌. സാമ്പത്തികപ്രതിസന്ധി മറികടക്കാൻ മൂന്നാം ലോകരാജ്യങ്ങളും വൻതോതിൽ പൊതുചെലവുകൾ വർധിപ്പിക്കാൻ പിന്തുണയ്‌ക്കുന്നതായി ഐഎംഎഫ്‌ പരസ്യമായ നിലപാടെടുത്തു.

എന്നാൽ, ഓക്‌സ്‌ഫാമിന്റെ പഠന നിരീക്ഷണത്തിൽ മഹാമാരിക്കാലത്തും മൂന്നാം ലോകരാജ്യങ്ങൾക്ക്‌ വായ്‌പകൾ അനുവദിക്കുമ്പോൾ കർക്കശമായ വ്യവസ്ഥകൾ ഏർപ്പെടുത്തിക്കൊണ്ട്‌ ഐഎംഎഫ്‌ അതിന്റെ നിലപാടുകളിൽനിന്ന്‌ പിൻമാറിയതായി കണ്ടെത്തി. വായ്‌പ ലഭിക്കാൻ സാമ്പത്തികരംഗത്ത്‌ കാർക്കശ്യവ്യവസ്ഥകൾ അടിച്ചേൽപ്പിച്ചു. ജനപക്ഷ സാമ്പത്തികനയങ്ങൾ പൊളിച്ചെഴുതണമെന്നുവരെ നിർദേശങ്ങൾ മുന്നോട്ടുവച്ചു. ഓക്‌സ്‌ഫാമിന്റെ അവലോകനപ്രകാരം 2020 മർച്ചിനുശേഷം 81 രാജ്യവുമായി 91 വായ്‌പയ്‌ക്ക്‌ കൂടിയാലോചനകൾ നടത്തിയപ്പോൾ 76 വായ്‌പ അനുവദിക്കാനും കർക്കശമായ വ്യവസ്ഥകൾ മുന്നോട്ടുവച്ചു.

ആരോഗ്യമേഖലയിൽ ഉൾപ്പെടെ പൊതുചെലവുകൾ വെട്ടിക്കുറയ്‌ക്കുക എന്നതായിരുന്നു പ്രധാന നിർദേശം. മഹാമാരിക്കാലത്ത്‌ പൊതുആരോഗ്യ സംവിധാനത്തിന്റെ തകർച്ചയ്‌ക്ക്‌ വഴിവയ്‌ക്കുന്ന നിർദേശങ്ങൾ മനുഷ്യത്വപരമായ സമീപനമല്ല. ഡോക്ടർമാർ, നേഴ്‌സുമാർ, ആരോഗ്യമേഖലയിലെ മറ്റ്‌ ജീവനക്കാരുടെയും വേതനവർധന മരവിപ്പിക്കുകയോ വെട്ടിക്കുറയ്‌ക്കുകയോ ചെയ്യാനാണ്‌ ആവശ്യപ്പെട്ടത്‌. തൊഴിൽരഹിതർക്കും രോഗികൾക്കും നൽകുന്ന ആനുകൂല്യങ്ങളും വെട്ടിക്കുറയ്‌ക്കണമെന്ന വ്യവസ്ഥകളും മുന്നോട്ടുവച്ചു.

ഐഎംഎഫിന്റെ വിരുദ്ധ സമീപനം

അടുത്തിടെ ഇക്വഡോറിന്‌‌ 650 കോടി ഡോളറിന്റെ വായ്‌പ അനുവദിക്കാൻ ഐഎംഎഫ്‌ തീരുമാനിച്ചപ്പോൾ ആരോഗ്യമേഖലയിലെ ചെലവ്‌ വെട്ടികുറയ്‌ക്കാനാണ്‌ ആവശ്യപ്പെട്ടത്‌. ഇന്ധനസബ്‌സിഡി എടുത്തുകളയുക, തൊഴിൽ ചെയ്യാൻ കഴിയാത്തവർക്ക്‌ നൽകുന്ന സഹായം നിർത്തലാക്കുക തുടങ്ങിയ വ്യവസ്ഥകളും അടിച്ചേൽപ്പിച്ചു. അംഗോള, നൈജീരിയ ഉൾപ്പെടെയുള്ള ഒമ്പത്‌ രാജ്യത്തോട്‌ ഭക്ഷ്യധാന്യം, ടെക്‌സ്‌റ്റൈൽ ഉൽപ്പന്നങ്ങൾ, ഗൃഹോപകരണങ്ങൾ തുടങ്ങിയവയുടെ നികുതി വർധിപ്പിക്കാൻ ആവശ്യപ്പെട്ടു.

പാവപ്പെട്ടവരെയാണ്‌ ഇത്‌ ഏറെ പ്രതികൂലമായി ബാധിക്കുക‌. 14 രാജ്യത്തോട്‌ സർക്കാർ മേഖലയിലെ വേതനവും ജീവനക്കാരുടെ എണ്ണവും വെട്ടിക്കുറയ്‌ക്കാൻ ആവശ്യപ്പെട്ടു. ഇത്തരം വെട്ടിക്കുറയ്‌ക്കൽ നടപ്പാക്കിയാൽ സർക്കാർ ഡോക്ടർമാരുടെയും നേഴ്‌സുമാരുടെയും മറ്റ്‌ ആരോഗ്യപ്രവർത്തകരുടെയും എണ്ണം കുറയ്‌ക്കാൻ നിർബന്ധിതമാകും. ഇപ്പോൾത്തന്നെ പിന്നണിയിൽ കിടക്കുന്ന ആരോഗ്യമേഖലയിൽ കൂടുതൽ പ്രശ്‌നങ്ങളുണ്ടാകും. രോഗം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങൾ രൂക്ഷമാക്കും.

വായ്‌പകൾക്ക്‌ കർശനവ്യവസ്ഥകൾ അടിച്ചേൽപ്പിക്കുന്ന ഐഎംഎഫിന്റെ സമീപനത്തിൽനിന്ന്‌ രണ്ട്‌ കാര്യം വ്യക്തമാകുന്നുണ്ട്‌. ഒന്ന്‌: സമ്പന്നരാജ്യങ്ങളോടും ദരിദ്ര രാജ്യങ്ങളോടും രണ്ട്‌ വ്യത്യസ്‌ത സമീപനം സ്വീകരിച്ച്‌ വിവേചനം കാണിക്കുന്നു. സമ്പന്നരാജ്യങ്ങളോട്‌ സാമ്പത്തിക കാർക്കശവ്യവസ്ഥകൾ പാലിക്കാൻ ആവശ്യപ്പെടുന്നില്ല. അവികസിത രാജ്യങ്ങൾക്ക്‌ വായ്‌പ അനുവദിക്കുമ്പോൾ ഈ ഇളവ്‌ ഒരിക്കലും ലഭിക്കുന്നില്ല.

രണ്ട്‌: മൂന്നാം ലോകരാജ്യങ്ങളിലെ സ്ഥിതി മനസ്സിലാക്കാതെ എല്ലായ്‌പ്പോഴും ഒരേ അജൻഡ നടപ്പാക്കാൻ സമ്മർദം ചെലുത്തുന്നു. പൊതുചെലവുകൾ വെട്ടിക്കുറയ്‌ക്കുന്നതുൾപ്പെടെയുള്ള നിർദേശങ്ങൾക്കൊപ്പം തന്ത്രപ്രധാന മേഖലകളിൽ ഉൾപ്പെടെ സ്വകാര്യവൽക്കരണത്തിന്‌ സമ്മർദം ചെലുത്തുന്നു. മനുഷ്യത്വപരമായ സമീപനം സ്വീകരിക്കാൻ മഹാമാരിക്കാലത്തും ഐഎംഎഫ്‌ തയ്യാറാകുന്നില്ല.

അനിവാര്യമായ ഒരു ആശങ്ക ഇവിടെ ഉയർന്നുവരികയാണ്‌. മഹാമാരിയുടെ സാഹചര്യത്തിലും ഐഎംഎഫ്‌ വികസിത രാജ്യങ്ങളോടും അവികസിത രാജ്യങ്ങളോടും ഭിന്നമായ സമീപനമാണ്‌ സ്വീകരിച്ചിരിക്കുന്നത്‌. നവ ഉദാരവൽക്കരണ മുതലാളിത്തം തുറന്നുവിട്ട സാമ്പത്തികപ്രതിസന്ധിയിൽനിന്ന്‌ കരകയറി പുതിയൊരു അന്താരാഷ്ട്രക്രമം കെട്ടിപ്പടുക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിത്‌.

മുന്നോക്ക രാജ്യങ്ങളെ സാമ്പത്തികപ്രതിസന്ധിയിൽനിന്നുള്ള വീണ്ടെടുപ്പിന് സഹായിക്കുന്നതിന്‌ അനുയോജ്യമായ വ്യവസ്ഥയാണ്‌ നടപ്പാക്കുന്നത്‌. എന്നാൽ, മൂന്നാം ലോകരാജ്യങ്ങളിൽ സാമ്പത്തിക കാർക്കശ്യം തുടർന്നുകൊണ്ടിരിക്കും. ഇത്‌ വ്യാപകമായ തൊഴിലില്ലായ്‌മയും വരുമാന ഇടിവിനും കാരണമാകും. ഇത്‌ നേട്ടമാക്കിക്കൊണ്ടും വർധിച്ചുവരുന്ന നാണ്യപ്പെരുപ്പം ബാധിക്കാതെയും വികസിത രാജ്യങ്ങൾ സാമ്പത്തികപ്രതിസന്ധിയിൽനിന്ന്‌ കരകയറും. വികസിത രാജ്യങ്ങൾ മൂന്നാം ലോകരാജ്യങ്ങളിലെ സാമ്പത്തികമേഖലയെ വേർതിരിച്ചുനിർത്തുക എന്ന തന്ത്രമാണ്‌ സ്വീകരിച്ചിരിക്കുന്നത്‌.

ആഭ്യന്തര ഉൽപ്പന്നങ്ങൾക്ക്‌ പരിരക്ഷ ഏർപ്പെടുത്തിക്കൊണ്ടാണിത്‌ ചെയ്യുന്നത്‌. ട്രംപ്‌‌ അമേരിക്കയിൽ നടപ്പാക്കിയ ഈ രീതി ഇന്ന്‌ വികസിത മുതലാളിത്ത രാജ്യങ്ങൾ പൊതുവായി നടപ്പാക്കാൻ തുടങ്ങി. ഒപ്പം ആഭ്യന്തര സമ്പദ്‌വ്യവസ്ഥയ്‌ക്ക്‌ ഉത്തേജക പാക്കേജുകളും നടപ്പാക്കുന്നു. മറ്റൊരു തരത്തിൽ പറഞ്ഞാൽ വികസിത രാജ്യങ്ങളുടെ വരുമാനം വർധിച്ചുകൊണ്ടിരിക്കുമ്പോൾ മൂന്നാം ലോകരാജ്യങ്ങൾക്ക്‌ സാമ്പത്തിക കാർക്കശ്യം തുടരേണ്ടതിനാലും വികസിത രാജ്യങ്ങളിലെ വിപണിയിലേക്ക്‌ കടക്കാൻ സാധ്യത കുറയുന്നതുമൂലവും വരുമാനം ഇടിയുന്നു.

ഉദാരവൽക്കരണ മുതലാളിത്തത്തിന്‌ കീഴിൽ വികസിത രാജ്യങ്ങളിലെ ഉൽപ്പാദന പ്രവർത്തനകേന്ദ്രങ്ങൾ മൂന്നാം ലോകരാജ്യങ്ങളിലേക്ക്‌ പറിച്ചുനടുന്ന പ്രവണതയുണ്ടായിരുന്നു. പ്രത്യേകിച്ച്‌ ഏഷ്യൻ രാജ്യങ്ങളിലേക്ക്‌. സമ്പന്നരാജ്യങ്ങൾക്ക്‌ ലാഭം ഉണ്ടാക്കുന്നതിനായി കുറഞ്ഞ വേതനം, നികുതിയിളവ്‌ തുടങ്ങിയവ ലഭിക്കുന്നതിന്‌‌ പ്രേരകമായ രീതിയിലുള്ള നയങ്ങൾ നടപ്പാക്കാനാണ്‌ ഐഎംഎഫ്‌ മൂന്നാം ലോകരാജ്യങ്ങളെ നിർബന്ധിക്കുന്നത്‌. എന്നാൽ, അടുത്തിടെയായി ഇത്തരം പറിച്ചുനടീൽ കുറഞ്ഞിട്ടുണ്ട്‌.

വൻകിട കോർപറേറ്റുകൾ നിയന്ത്രിക്കുന്ന വികസിത രാജ്യങ്ങൾ സാമ്പത്തിക പ്രത്യാഘാതം നിയന്ത്രിക്കാൻ ഒരു ഭാഗത്ത്‌ സാമ്പത്തിക ഉത്തേജക പാക്കേജുകൾ നടപ്പാക്കി തൊഴിലില്ലായ്‌മ കുറയ്‌ക്കാനും തൊഴിലാളികൾക്കിടയിലുള്ള അസംതൃപ്‌തി കുറയ്‌ക്കാനും ശ്രമിക്കുന്നു. എന്നാൽ, മറുവശത്ത്‌ മൂന്നാം ലോകരാജ്യങ്ങളിലെ തൊഴിലെടുക്കുന്നവർ നിശ്ചലാവസ്ഥയിലും മാന്ദ്യം നേരിടുന്ന സമ്പദ്‌‌വ്യവസ്ഥയിലുമാണ്‌ ജീവിക്കുന്നത്‌.

ഇവരെ ചൂഷണം ചെയ്‌തുകൊണ്ട്‌ സമ്പന്നരാജ്യങ്ങളിലെ വൻകിട ബൂർഷ്വാസികൾ അവരുടെ സമ്പത്ത്‌ വർധിപ്പിച്ച്‌ സ്വന്തം രാജ്യത്തുതന്നെ വൻനിക്ഷേപങ്ങൾ നടത്തുന്നു. ഇത്‌ പഴയ കൊളോണിയൽ രീതി തിരിച്ചുകൊണ്ടുവരികയാണ്‌. മൂന്നാം ലോകരാജ്യങ്ങളിലെ തൊഴിലാളികൾ മതിയായ പോഷകാഹാരം കിട്ടാതെ ദാരിദ്ര്യത്തിലാണ്‌.

പാശ്ചാത്യരാജ്യങ്ങളിലെ സാമ്പത്തികവിദഗ്‌ധർ ഇത്തരം വിവേചനങ്ങൾ തുറന്നുകാട്ടുകയും ഇതിനെതിരെ ശബ്ദമുയർത്തുകയും ചെയ്യുന്നുണ്ട്‌. ഐഎംഎഫ്‌ ഉൾപ്പെടെ അന്താരാഷ്ട്ര ഏജൻസികൾ ഈ സമീപനം‌ തുടരുകയാണെങ്കിൽ മൂന്നാം ലോകരാജ്യങ്ങൾ ഇത്തരം വിവേചനപരമായ ആഗോള ക്രമവുമായുള്ള ബന്ധം വിച്ഛേദിച്ച്‌ അവരുടെ വളർച്ചയ്‌ക്ക്‌ ബദൽ സംവിധാനങ്ങൾ വളർത്തിക്കൊണ്ടുവരണം.

മൂന്നാം ലോകരാജ്യങ്ങളിലെ അധ്വാനിക്കുന്നവരോട്‌ വിവേചനം കാട്ടുന്നതാണ്‌ ആഗോളക്രമം. രാഷ്‌ട്രങ്ങൾ തമ്മിൽ ഒത്തൊരുമിച്ച്‌ നിന്നുകൊണ്ട് സമ്പന്നരാഷ്ട്രങ്ങൾ പാവപ്പെട്ട രാജ്യങ്ങളെ സഹായിച്ച്‌ ഇപ്പോഴത്തെ പ്രതിസന്ധിയിൽനിന്ന്‌ കരകയറ്റണമെന്നാണ്‌ പുരോഗമന സാമ്പത്തികവിദഗ്‌ധർ നിർദേശിക്കുന്നത്‌. പക്ഷേ, നിലവിലുള്ള മുതലാളിത്ത ക്രമത്തിൽ ഇത്‌ അസാധ്യമാണ്‌. ഈ മഹാമാരിക്കാലത്തും ഐഎംഎഫ്‌ കാട്ടിയ ഇരട്ടത്താപ്പ്‌ മഹാമാരിക്കുശേഷവും തുടരുകതന്നെ ചെയ്യും. അത്‌ മൂന്നാം ലോകരാജ്യങ്ങളെ കൂടുതൽ പ്രതിസന്ധിയിലാക്കും.