തൃക്കാരിയൂരിൽ ഡിവൈഎഫ്‌ഐ നേതാക്കളെ വാഹനമിടിപ്പിച്ചു വീഴ്‌ത്തി വെട്ടിക്കൊല്ലാൻ ആർഎസ്എസ് ശ്രമം. ഡിവൈഎഫ്ഐ ബ്ലോക്ക് ട്രഷററും സിപിഐ എം ലോക്കൽ കമ്മിറ്റി അംഗവും ബ്രാഞ്ച് സെക്രട്ടറിയുമായ കെ എൻ ശ്രീജിത്, തൃക്കാരിയൂർ ക്ഷേത്ര ഉപദേശക കമ്മിറ്റി സെക്രട്ടറിയും ഡിവൈഎഫ്ഐ തൃക്കാരിയൂർ മേഖലാ ജോയിന്റ് സെക്രട്ടറിയുമായ സി എസ് സൂരജ് എന്നിവരെയാണ് ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇരുവരും കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ്.
തെരഞ്ഞെടുപ്പിനുശേഷം സാമൂഹ്യമാധ്യമങ്ങളിലെ പോസ്റ്റ് സംബന്ധിച്ച് തർക്കമുണ്ടായിരുന്നു. പൊലീസും നേതാക്കളുമെത്തി പ്രശ്‌നം പറഞ്ഞുതീർത്ത് വീട്ടിലേക്ക് പോകുന്നതിനിടെ രാത്രി ഒമ്പതോടെ തടത്തിക്കവലയിൽ വച്ച് സ്വിഫ്‌റ്റ് കാറിലെത്തിയ സംഘം കാറിടിപ്പിച്ച് ശ്രീജിത്തിനെ വീഴ്‌ത്തിയശേഷം വടിവാൾ ഉൾപ്പെടെയുള്ള മാരകായുധങ്ങൾകൊണ്ട് ആക്രമിക്കുകയായിരുന്നു.
ഒട്ടേറേ ക്രിമിനൽ കേസുകളിലെ പ്രതികളായ ശരത്ത് ബാബു, വി പി അഭിമന്യു, വി പി അതുൽ, ദാസൻ എന്നിവർ തൃക്കാരിയൂർ ആറാം വാർഡ് അംഗം സനൽ പുത്തൻപുരയ്ക്കലിന്റെ നേതൃത്വത്തിലാണ് ആക്രമിച്ചത്. ഇതിനുപിന്നാലെ വാർഡ് അംഗം സ്വന്തം വീട് തകർത്തശേഷം വീട് ആക്രമിച്ചു എന്ന് പ്രചരിപ്പിക്കുകയും ചെയ്‌തു.
തൃക്കാരിയൂർ ക്ഷേത്ര ഉപദേശക കമ്മിറ്റി സെക്രട്ടറിയും ഡിവൈഎഫ്ഐ തൃക്കാരിയൂർ മേഖലാ ജോയിന്റ് സെക്രട്ടറിയുമായ സി എസ് സൂരജിനെ ബുധനാഴ്‌ച ഉച്ചയോടെ വീടിനു സമീപത്താണ് ആർഎസ്‌എസ് സംഘം ആക്രമിച്ചത്. ബൈക്ക് ഇടിപ്പിച്ചു വീഴ്‌ത്തിയശേഷം വടിവാളുകൊണ്ട് തലയ്‌ക്ക് വെട്ടുകയായിരുന്നു. പിണ്ടിമന ചെമ്മനാൽ ദിനൂപ് മോഹനൻ, മനു തൃക്കാരിയൂർ എന്നിവരുടെ നേതൃത്വത്തിലുള്ള ക്രിമിനൽ സംഘമാണ് സൂരജിനെ ആക്രമിച്ചത്.
സിപിഐ എം പ്രവർത്തകർക്കുനേരെ ആർഎസ്എസ് സംഘം നടത്തുന്ന ആസൂത്രിത ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് സിപിഐ എം ഏരിയ സെക്രട്ടറി ആർ അനിൽകുമാർ ആവശ്യപ്പെട്ടു. കേസിലെ മുഴുവൻ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ് ആവശ്യപ്പെട്ടു. തൃക്കാരിയൂർ മേഖലയിലെ സിപിഐ എം–-ഡിവൈഎഫ്‌ഐ പ്രവർത്തകർക്കു നേരെയുള്ള ആർഎസ്എസ്–-ബിജെപി ആക്രമണത്തെ എൽഡിഎഫ് സ്ഥാനാർഥി ആന്റണി ജോൺ അപലപിച്ചു.
നാടിന്റെ സമാധാനാന്തരീക്ഷം തർക്കാനുള്ള ബോധപൂർവമായ ശ്രമമാണ് അക്രമങ്ങൾക്കു പിന്നിലെന്നും ഗുണ്ടാ-ക്രിമിനൽ സംഘങ്ങളെ വളർത്തുന്ന തൃക്കാരിയൂരിലെ ആർഎസ്എസ് നേതൃത്വത്തിന്റെ നടപടി അവസാനിപ്പിക്കണമെന്നും സിപിഐ എം തൃക്കാരിയൂർ ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.
തുറവൂരിൽ കോൺഗ്രസുകാർ സിപിഐ എം പ്രവർത്തകനെ വെട്ടി
തുറവൂർ പഞ്ചായത്തിലെ ആനപ്പാറ ഫാത്തിമമാതാ എൽപി സ്കൂളിലെ 101-ാം നമ്പർ ബൂത്തിൽ എൽഡിഎഫ് സ്ഥാനാർഥിയുടെ ഏജന്റായിരുന്ന സിപിഐ എം പ്രവർത്തകനെ വെട്ടിക്കൊല്ലാൻ ശ്രമം. നെല്ലാട്ടി ലിന്റോ ജോണിനെയാണ് യുഡിഎഫുകാർ വെട്ടിയത്. തലയ്ക്കും മുഖത്തും സാരമായ പരിക്കേറ്റ ലിന്റോ എൽഎഫ് ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമണം തടയാൻ ശ്രമിച്ച മറ്റു രണ്ടുപേർക്കും പരിക്കേറ്റു.
പോളിങ് നടക്കുമ്പോൾ ഉച്ചമുതൽ കോൺഗ്രസ് പ്രവർത്തകനായ കോളാട്ടുകുടി പൗലോസ് വാക്കത്തിയുമായി എത്തി എൽഡിഎഫ് പ്രവർത്തകരെ ഭീഷണിപ്പെടുത്തിയിരുന്നു. വോട്ടിങ് കഴിഞ്ഞ് ബൂത്തിൽനിന്ന് ഇറങ്ങിവന്ന ലിന്റോയെ പൗലോസും സംഘവും ആക്രമിക്കാൻ ശ്രമിച്ചു.
പൗലോസിന്റെ കൈയിൽനിന്നു വാക്കത്തി വാങ്ങി പാലാട്ടി കുനത്താൻ ഷിന്റോയാണ് ലിന്റോ ജോണിനെ വെട്ടിയത്. തടയാൻചെന്ന ബെന്നി വർഗീസിനും ദേവഗിരി വേലംപറമ്പിൽ ജോബിക്കും പരിക്കേറ്റു. ഇരുവരും ചികിത്സതേടി.
പരിക്കേറ്റവരെ അങ്കമാലി പൊലീസാണ് ആശുപത്രിയിലെത്തിച്ചത്. പൊലീസ് കേസെടുത്തു. അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് തെരഞ്ഞെടുപ്പു കമ്മിറ്റി സെക്രട്ടറി കെ വൈ വർഗീസ് ആവശ്യപ്പെട്ടു.