എൽഡിഎഫിന് കേരളം ചരിത്ര വിജയം സമ്മാനിക്കും: മുഖ്യമന്ത്രി

0
106

എൽഡിഎഫിന് കേരളം ചരിത്ര വിജയം സമ്മാനിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാൾ ഭൂരിപക്ഷത്തിൽ എൽഡിഎഫ് അധികാരത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു. പിണറായി ആർസി അമല ബേസിക് യുപി സ്കൂളിൽ വോട്ടുചെയ്തശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ഒട്ടേറെ കാര്യങ്ങൾ നടന്നു. എന്നാൽ, ഇതൊന്നും ജനം മുഖവിലക്കെടുത്തിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ എല്ലാ ദുരാരോപണങ്ങളും അപവാദപ്രചാരണങ്ങളും തള്ളിക്കളഞ്ഞിരുന്നു. ജനങ്ങൾ ഇതേ സമീപനമാണ് ഈ തെരഞ്ഞെടുപ്പിൽ തുടക്കം മുതൽ സ്വീകരിച്ചത്. ഇതിന്റെ തുടർച്ചയായി ഇന്ന് അന്തിമ വിധി രേഖപ്പെടുത്തും. ജനങ്ങളിൽ പൂർണ വിശ്വാസമാണെന്നും പിണറായി പറഞ്ഞു.

2016 മുതൽ എൽഡിഎഫ്‌ സർക്കാർ ചെയ്‌ത എല്ലാ പ്രവർത്തനങ്ങൾക്കും ഒപ്പം ജനങ്ങൾ നിന്നിട്ടുണ്ട്‌. ദുരന്തങ്ങളെയും മഹാമാരിയെയും നേരിടാനും പിന്തുണയുണ്ടായി. തദ്ദേശ തെരഞ്ഞെടുപ്പിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ യുഡിഎഫും ബിജെപിയും പലതും പയറ്റിനോക്കി.

ഈ തെരഞ്ഞെടുപ്പിൽ അതിനേക്കാൾ ശക്തമായാണ്‌ കളിച്ചത്‌. ബോംബ്‌ പൊട്ടിക്കുമെന്നൊക്കെ പറഞ്ഞിരുന്നു. കരുതിവച്ചത്‌ പുറത്തെടുക്കാനായോ എന്നറിയില്ല. നേമത്തെ ബിജെപിയുടെ അക്കൗണ്ട്‌ ക്ലോസ്‌ ചെയ്യുമെന്ന്‌ നേരത്തെ പറഞ്ഞതാണ്‌.മറ്റെവിടെയൊക്കെയാണ്‌ യുഡിഎഫും ബിജെപിയും ധാരണയുണ്ടാക്കിയതെന്ന്‌ തെരഞ്ഞെടുപ്പ്‌ കഴിഞ്ഞാലേ പറയാനാവൂ.

ജനങ്ങൾ കൃത്യമായി ബോധ്യമുള്ളവരാണ്‌. അയ്യപ്പനടക്കമുള്ള ദേവഗണങ്ങളും ആരാധനാമൂർത്തികളും സർക്കാരിനോടൊപ്പമാണെന്നും ചോദ്യത്തിന്‌ മറുപടിയായി പിണറായി പറഞ്ഞു‌. ജനങ്ങൾക്ക്‌ ഗുണം ചെയ്യുന്നവർക്കൊപ്പമാണ്‌ എല്ലാ ദേവഗണങ്ങളും ഉണ്ടാവുക. എൽഡിഎഫിന്റെ ജനകീയാടിത്തറ വിപുലമാണെന്നും പിണറായി പറഞ്ഞു.