ചെങ്കടലിൽ വർഷങ്ങളായി നങ്കൂരമിട്ട ഇറാൻ ചരക്കുകപ്പലിനു നേരെ ആക്രമണം

0
75

യെമനിനോട് ചേർന്ന് ചെങ്കടലിൽ വർഷങ്ങളായി നങ്കൂരമിട്ട ഇറാൻ ചരക്കുകപ്പലിനു നേരെ ആക്രമണം. അർധ സൈനിക റവല്യൂഷണറി വിഭാഗത്തിൻറെ താവളമായി ഉപയോഗിച്ചുവന്നതെന്നു കരുതുന്ന എം.വി സാവിസിനുനേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിനു പിന്നിൽ ഇസ്രായേലാണെന്നാണ് വിലയിരുത്തൽ.

ഇറാനും വൻശക്തി രാജ്യങ്ങളും ആണവ കരാർ ചർച്ച പുനരാരംഭിച്ച ചൊവ്വാഴ്ചയാണ് കപ്പൽ ആക്രമിക്കപ്പെട്ടത്. ആക്രമണം ഇസ്രായേൽ സ്ഥിരീകരിച്ചതായി ന്യൂയോർക് ടൈംസ് റിപ്പോർട്ട് ചെയ്തു.

സാവിസ് കപ്പലിനു മുകളിൽ സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ചതായാണ് റിപ്പോർട്ടുകൾ. ആക്രമണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്ന് ഇറാൻ വാർത്താ ഏജൻസി വ്യക്തമാക്കി.

അതേസമയം,രണ്ടു വർഷത്തെ ഇടവേളക്കു ശേഷം ഇറാൻ ആണവ കരാർ പുനരുജ്ജീവിപ്പിക്കാനുള്ള നിർണായക ഉച്ചകോടി കഴിഞ്ഞ ദിവസം നടക്കാനിരിക്കെ ഉണ്ടായ ആക്രമണം സമാധാന നീക്കങ്ങൾ അട്ടിമറിക്കാനുള്ള ഇസ്രായേൽ ഗൂഢാലോചനയായാണ് വിലയിരുത്തുന്നത്