സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിക്കുന്നു: ആദ്യ മണിക്കൂറുകളിൽ കനത്ത പോളിംഗ്

0
91

സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള നിർണായക വോട്ടെടുപ്പ് പുരോഗമിക്കുന്നു. ആദ്യ മണിക്കൂറിൽ കനത്ത പോളിംഗാണുണ്ടായത്. ആദ്യ അരമണിക്കൂറിൽ രേഖപ്പെടുത്തിയത് മൂന്ന് ശതമാനത്തിൽ അധികം വോട്ടാണ്. മിക്ക പോളിംഗ് ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിരയാണുള്ളത്. അതേസമയം കേരളത്തിലെ പോളിംഗ് ഏഴ്ശതമാനത്തിലേക്ക് എത്തി. 7.2 ആണ് ഇപ്പോഴത്തെ പോളിംഗ് ശതമാനം.

140 നിയമസഭാ നിയോജക മണ്ഡലങ്ങളിലായി 2,74,46,039 വോട്ടർമാരാണ് ഇത്തവണ ജനവിധിയെഴുതുന്നത്. 40,771 പോളിംഗ് സ്റ്റേഷനുകളാണ് തയ്യാറാക്കിയിട്ടുള്ളത്. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ഒരു ബൂത്തിൽ പരമാവധി 1000 വോട്ടർമാരെ മാത്രമാണ് അനുവദിക്കൂ. 957 സ്ഥാനാർത്ഥികളാണ് മത്സര രംഗത്ത് ഉള്ളത്.

രാവിലെ ഏഴ് മണി മുതൽ വൈകീട്ട് ഏഴ് വരെയാണ് വോട്ടെടുപ്പ്. അവസാന ഒരു മണിക്കൂറിൽ കൊവിഡ് രോഗികൾക്കും പ്രാഥമിക സമ്പർക്കപട്ടികയിൽ ഉള്ളവർക്കും വോട്ട് രേഖപ്പെടുത്താൻ അവസരം ഒരുക്കിയിട്ടുണ്ട്. മെയ് രണ്ടിനാണ് വോട്ടെണ്ണൽ.

അതേസമയം ഇരട്ട വോട്ട് ചെയ്താൽ ഐപിസി 171 ഡി വകുപ്പ് പ്രകാരം നടപടി നേരിടേണ്ടി വരുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ മുന്നറിയിപ്പ് നൽകി. ഒരു വർഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണ് ഇരട്ട വോട്ട്.