Thursday
18 December 2025
22.8 C
Kerala
HomePolitics‘തേരിത്‌ തെളിച്ചീടുക ധീരനാം സാരഥേ, നേരുന്നു നിങ്ങൾക്ക്‌ ഞങ്ങൾ അഖില ഭാവുകം; പിണറായി വിജയനോട് ടി...

‘തേരിത്‌ തെളിച്ചീടുക ധീരനാം സാരഥേ, നേരുന്നു നിങ്ങൾക്ക്‌ ഞങ്ങൾ അഖില ഭാവുകം; പിണറായി വിജയനോട് ടി പത്മനാഭൻ

‘തേരിത്‌ തെളിച്ചീടുക ധീരനാം സാരഥേ, നേരുന്നു നിങ്ങൾക്ക്‌ ഞങ്ങൾ അഖില ഭാവുകം –-കുറച്ചുമുമ്പ്‌ ഒരു വാരികയിൽ ഞാൻ എഴുതിയ ലേഖനം അവസാനിപ്പിച്ചത്‌ എൻ വി കൃഷ്‌ണവാരിയർ ജവഹർലാൽ നെഹ്‌റുവിനെക്കുറിച്ച്‌ എഴുതിയ ഈ വരികളോടെയാണ്‌. പിണറായി വിജയനെന്ന ധീരനായ സാരഥിയോടും എനിക്ക്‌ ഇതുതന്നെയാണ്‌ പറയാനുള്ളത്–- ‌ഒരിക്കൽകൂടി തേര്‌ തെളിച്ചീടുക’.

ശനിയാഴ്‌ച ചിറക്കുനിയിൽ സ്വരലയ സംഘടിപ്പിച്ച ‘വിജയം’ കലാസന്ധ്യയിൽ കഥാകാരൻ ടി പത്മനാഭന്റെ വാക്കുകൾ കരഘോഷത്തോടെയാണ്‌ കലാകേരളത്തിന്റെ അഭിമാനതാരങ്ങളടക്കം അണിനിരന്ന സദസ്‌‌ സ്വീകരിച്ചത്‌.തെറ്റുകൾ മനസ്സിലാക്കി തിരുത്തി ലക്ഷ്യസ്ഥാനത്തെത്തുകയെന്നതാണ്‌ മനുഷ്യന്റെ മഹത്വം. മുഖ്യമന്ത്രിയുടെ കുറ്റങ്ങളെക്കുറിച്ചും കുറവുകളെക്കുറിച്ചും ഏറെ കോലാഹലങ്ങളുണ്ടാക്കുന്നവരോട്‌ ഒന്നേ പറയാനുള്ളൂ. പ്രവൃത്തിക്കുന്നയാൾക്കേ തെറ്റുപറ്റൂ. വെറുതെയിരിക്കുന്നവർക്ക്‌ അതുണ്ടാവില്ല.

കുമാരനാശാൻ ഒരിക്കൽ പാടുകയുണ്ടായി–-‘ചില വീഴ്‌ചകൾ മഹാനുശോഭയാം മലയിൽ കന്ദരമെന്നപോലവെ’. കന്ദരമെന്നാൽ ഗുഹ. ഹിമാലയത്തിന്റെ ഔന്നത്യത്തെക്കുറിച്ച്‌ പറയാതെ അടിയിലുള്ള എലികളും പെരുച്ചാഴികളും തുരന്ന മാളങ്ങളെക്കുറിച്ച്‌ പറയുക. ആ മാളങ്ങൾമാത്രം കാണുക. അത്‌ അങ്ങേയറ്റം ജുഗുപ്‌സാവഹമായ കാര്യമാണ്‌.

അഞ്ചുവർഷംമുമ്പ്‌ ദേശാഭിമാനി വാരികയിൽ ഞാൻ ഒരു ലേഖനമെഴുതി. അതിന്റെ തലക്കെട്ട്‌ ‘രക്ഷകന്റെ വരവ്‌’ എന്നായിരുന്നു. അന്ന്‌ പിണറായി വിജയൻ മുഖ്യമന്ത്രിയായിട്ടില്ല. പ്രളയമോ നിപായോ മഹാമാരികളോ കോവിഡോ വന്നിരുന്നില്ല. ഇനിയും നമ്മൾ ഉദ്ദിഷ്‌‌ട സ്ഥാനത്തെത്തിയിട്ടില്ല. ലക്ഷ്യം വളരെ അകലെയൊന്നുമല്ല‌–- ടി പത്മനാഭൻ പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments