വൈദ്യുതി വാങ്ങല്‍ : യുഡിഎഫ് സര്‍ക്കാര്‍ സംസ്ഥാനത്തിന് വരുത്തിയ നഷ്ടം 10,000 കോടി : എ കെ ബാലന്‍

0
80

ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് നാല് സ്വകാര്യ കമ്പനികളുമായി 25 വർഷത്തേക്ക് സൗരോര്‍ജം വാങ്ങാനുണ്ടാക്കിയ കരാർ വഴി സംസ്ഥാനത്തിന് 10,000 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടാക്കിയതെന്ന് മന്ത്രി എ കെ ബാലൻ പറഞ്ഞു. വർഷം തോറും 800 മെഗാവാട്ട്‌ വൈദ്യുതി വാങ്ങാൻ യൂണിറ്റിന്‌ 4.25 രൂപ നിരക്കിലാണ്‌ കരാറിൽ ഏർപ്പെട്ടത്‌.

66,225 കോടി രൂപയുടെ കരാറിൽ വർഷം 427 കോടി രൂപയാണ്‌ കെഎസ്‌ഇബിക്ക്‌ നഷ്ടമുണ്ടാകുക. ഇതിൽ 500 മെഗാവാട്ടിന്റെ കരാറിന്‌ വൈദ്യുതി റഗുലേറ്ററി കമീഷന്റെ അനുമതിയില്ല. മുൻ യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ ഉമ്മൻചാണ്ടി നടത്തിയ അഴിമതികൾ ചർച്ചയാക്കാനാണ്‌ പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നതെന്നും മന്ത്രി എ കെ ബാലൻ പറഞ്ഞു.

സംസ്ഥാനത്തിന് നഷ്ടമുണ്ടാക്കുന്ന കരാറിൽ യുഡിഎഫ് സർക്കാർ ഏർപ്പെടുമ്പോൾ കെപിസിസി പ്രസിഡന്റായിരുന്നു രമേശ് ചെന്നിത്തല.
എൽ വൺ, എൽ ടു വിഭാഗങ്ങളിൽ യൂണിറ്റിന്‌ 50 പൈസ വ്യത്യാസമുണ്ട്‌. ഇതുകാണാതെ രണ്ടിനും ഒുരേ തുകയാണ്‌ കരാറിൽ രേഖപ്പെടുത്തിയത്. ഈ വ്യത്യാസം റഗുലേറ്ററി കമീഷൻ അംഗീകരിച്ചിട്ടില്ല.

യുഡിഎഫ് സര്‍ക്കാര്‍ ഇത്തരത്തില്‍ കരാറില്‍ ഏർപ്പെട്ടത് കെപിസിസി പ്രസിഡന്റ്‌ അറിയാതെയാണോ എന്ന്‌ ചെന്നിത്തല വ്യക്തമാക്കണം. അങ്ങനെയൊരു കരാർ ഉണ്ടാക്കിയിട്ടില്ല എന്ന്‌ പ്രതിപക്ഷ നേതാവ്‌ പറയുകയാണെങ്കിൽ താൻ പൊതുപ്രവർത്തനം അവസാനിപ്പിക്കുമെന്നും എ കെ ബാലൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

എൽഡിഎഫ്‌ സർക്കാർ മൂന്ന്‌ മാസത്തേക്ക്‌ 2.58 രൂപയ്‌ക്കാണ്‌ വൈദ്യുതി വാങ്ങാൻ കരാർ ഉണ്ടാക്കിയത്‌. 300 മെഗാവാട്ടിന്റെ കരാറിൽ 75 മെഗാവാട്ട്‌ മാത്രമാണ്‌ അദാനിയുടെ കമ്പനി നൽകുന്നത്‌. 4.25 രൂപയ്‌ക്ക്‌ 25 വർഷത്തേക്ക്‌ വൈദ്യുതി വാങ്ങാൻ കരാർ ഉണ്ടാക്കിയവരാണ്‌ 2.58 രൂപയ്‌ക്ക്‌ വൈദ്യുതി വാങ്ങുന്നതിനെ എതിർക്കുന്നത്‌.

2019ൽ കരാർ ഉണ്ടാക്കിയത്‌ ഇപ്പോഴാണ്‌ പ്രതിപക്ഷ നേതാവ്‌ ഉയർത്തുന്നത്‌. ഇത്രയും കാലം എന്തുകൊണ്ട്‌ പുറത്തുവിട്ടില്ല. എൽഡിഎഫ്‌ സർക്കാരിനെതിരെ പൊട്ടിച്ച ബോംബ്‌ ഫലത്തിൽ ഉമ്മൻചാണ്ടിക്കാണ്‌ കൊണ്ടത്. പിണറായി സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ്‌ കൊണ്ടുവന്ന ഏതെങ്കിലും ആരോപണം ശരിയായിട്ടുണ്ടോയെന്നും എ കെ ബാലൻ ചോദിച്ചു.