മുഖ്യമന്ത്രിയുടെ വെല്ലുവിളിയിൽ വിരണ്ടോടി പ്രതിപക്ഷം

0
90

നിയമസഭാ തെരഞ്ഞെടുപ്പിൽ വിവാദങ്ങൾ ഉയർത്തി ജനങ്ങളെ കബളിപ്പിച്ച് വോട്ട് തേടാമെന്ന യു ഡി എഫിന്റെ കണക്കു കൂട്ടലുകൾ എല്ലാം മുഖ്യമന്ത്രി പിണറായി വിജയൻ തട്ടിത്തെറിപ്പിച്ചു. യു ഡി എഫിന് ഒപ്പം കൂടി വികസനം ചർച്ചയാകാതിരിക്കാൻ മാധ്യമങ്ങളും മത്സരിച്ചെങ്കിലും ഒടുവിൽ ചിലർക്കെങ്കിലും വികസന വഴിയിലേക്ക് വരേണ്ടി വന്നു.

പരസ്യ പ്രചാരണത്തിന്റെ അവസാന നാളുകളിൽ സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് വർഷം നടന്ന വികസന ക്ഷേമ പ്രവർത്തനങ്ങൾ തന്റെ ദിവസേനയുള്ള വാർത്ത സമ്മേളനങ്ങളിൽ അക്കമിട്ട് നിരത്തി മറുപടിയുണ്ടോ എന്ന് മുഖ്യമന്ത്രി പ്രതിപക്ഷത്തെ വെല്ലുവിളിച്ചപ്പോൾ, പ്രതിപക്ഷ നേതാവ് അടക്കം ഒളിച്ചോടി. 2016ന് മുൻപുള്ള അഞ്ച് വർഷക്കാലം വോട്ടർമാർ ഓർക്കുമോ എന്ന ഭയമായിരുന്നു ആ ഒളിച്ചോട്ടത്തിന് പിന്നിൽ.

പ്രതിപക്ഷ നേതാവ് ഒളിച്ചോടിയെങ്കിലും അറിഞ്ഞോ അറിയാതെയോ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി പിണറായി വിജയന്റെ വികസന ചലഞ്ചിന് മറുപടിയുമായി എത്തി. മനോരമയുൾപ്പടെ മാധ്യമങ്ങൾ മുഖ്യമന്ത്രിയുടെ വെല്ലുവിളി ഏറ്റെടുത്ത് ഉമ്മൻ ചാണ്ടിയെന്ന തലക്കെട്ടടിച്ചെങ്കിലും അതും പൊളിഞ്ഞു പോയി. കാരണം മുഖ്യമന്ത്രിക്ക് ഉമ്മൻ ചാണ്ടി നൽകിയ മറുപടികളെല്ലാം വസ്തുതാ വിരുദ്ധവും ശുദ്ധ നുണകളുമാണെന്ന് കണക്കുകൾ നിരത്തി മുഖ്യമന്ത്രി തിരിച്ചടിച്ചു.

ഉമ്മൻ ചാണ്ടിയുടെ അവകാശ വാദങ്ങൾ പൊള്ളയാണെന്ന് യഥാർത്ഥ കണക്കുകൾ നിരത്തി പ്രതികരണമുയർന്നു. അതോടെ തലയിൽ മുണ്ടിട്ട് മുങ്ങേണ്ട അവസ്ഥയിലായി മുൻ മുഖ്യമന്ത്രി.

വയനാട് എം പി യെ ഉയർത്തിയായിരുന്നു അവസാന ദിവസങ്ങളിൽ യു ഡി എഫിന്റെ പ്രചാരണ പ്രവർത്തനം. എന്നാൽ അതും പണ്ടേ പോലെ ഇത്തവണ ഫലിച്ചില്ല.കേരളത്തിൽ വന്ന് ന്യായ് പദ്ധതി നടപ്പാക്കുമെന്ന് രാഹുൽ ഗാന്ധി പ്രഖ്യാപിക്കുമ്പോൾ കോൺഗ്രസ്സ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ എന്തുകൊണ്ട് ഈ പദ്ധതി ഇനിയും നടപ്പാക്കിയില്ലെന്ന് ചോദ്യം ഉയർന്നു.

ലോക് സഭ തെരഞ്ഞെടുപ്പ് വേളയിലും ന്യായ് എന്ന കണ്ണിൽ പൊടിയിടൽ തന്ത്രവുമായി കോൺഗ്രസ്സ് അവതരിച്ചിരുന്നു. 600 രൂപയായിരുന്ന പെൻഷൻ ഒന്നര കൊല്ലം കുടിശ്ശികയാക്കിയവരുടെ ന്യായങ്ങൾ ഒന്നും കേരളത്തിലെ ജനങ്ങൾ ചെവിക്കൊളളുന്നില്ല.

വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാനുള്ള അന്യായ കരുവായിട്ടാണ് പൊതു സമൂഹം ഇതിനെ കാണുന്നത് അതുകൊണ്ട് തന്നെ പോളിങ് ബൂത്തിൽ പ്രതിഫലിക്കുക ഉറപ്പുള്ള വാഗ്ദാനങ്ങളും നിശ്ചയദാർഢ്യത്തിൽ കൂടി നടപ്പാക്കിയ വികസന ക്ഷേമ പ്രവർത്തനങ്ങളുടെ നേർ അനുഭവങ്ങളുമായിരിക്കും.