യുഡിഎഫ്‌ തകർത്തെറിഞ്ഞു എൽഡിഎഫ്‌ കെട്ടിപ്പടുത്തു

0
72

സ്വയം സംസാരിക്കുന്ന കണക്കുകളിലൂടെയും ജനങ്ങൾക്ക് സ്വയം കാണാൻ കഴിയുന്ന നേട്ടങ്ങളിലൂടെയുമാണ് എൽഡിഎഫ് സർക്കാരിന്റെ പൊതുജനങ്ങളുടെ അംഗീകാരം നേടിയതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. യുഡിഎഫ് സർക്കാരുമായി താരതമ്യം ചെയ്താൽ ഏതുമേഖലയിലും എൽഡിഎഫ് സർക്കാർ വളരെ മുന്നിലാണ്. നുണകൾകൊണ്ട് ഇതൊന്നും മറികടക്കാനാകില്ല. വികസനചലഞ്ച്‌ ഏറ്റെടുത്ത്‌ ഉമ്മൻചാണ്ടി ഉയർത്തിയ വാദങ്ങൾക്ക്‌ മുഖ്യമന്ത്രി അക്കമിട്ട്‌ മറുപടി നൽകി.

ക്ഷേമ പെൻഷനുകൾ

യുഡിഎഫ് സർക്കാരിന്റെ കാലത്ത്‌ ക്ഷേമ പെൻഷൻ 600 രൂപയായിരുന്നു. 18 മാസത്തെ കുടിശ്ശികയും ബാക്കി. എൽഡിഎഫ് സർക്കാർ ഇത് 1600 രൂപയാക്കി. ഇപ്പോൾ 60 ലക്ഷം പേർക്ക് ക്ഷേമ പെൻഷൻ നൽകുന്നു. യുഡിഎഫ് സർക്കാരിന്റെ കാലത്ത് 9,311 കോടി രൂപ നൽകിയപ്പോൾ എൽഡിഎഫ് സർക്കാർ 33,500 കോടി ചെലവഴിച്ചു.

സൗജന്യ അരി

യുഡിഎഫ് സർക്കാർ എപിഎൽ ഒഴികെ മറ്റെല്ലാവർക്കും അരി സൗജന്യമാക്കി എന്ന വാദം വിചിത്രമാണ്. എഎവൈ വിഭാഗത്തിന് കേന്ദ്ര സർക്കാർ സൗജന്യമായി നൽകുന്ന അരി വിതരണം ചെയ്ത കാര്യമാണ് പറയുന്നത്. ബിപിഎല്ലിൽ കേന്ദ്രം ഒഴിവാക്കിയ വിഭാഗങ്ങളെ ഉൾപ്പെടുത്തി വിപുലീകരിച്ചത് ഈ സർക്കാരാണ്. പ്രളയവും കോവിഡും അടക്കമുള്ള പ്രതിസന്ധികളിൽ സൗജന്യ റേഷനും ജനങ്ങൾക്ക് അവകാശപ്പെട്ട ഭക്ഷ്യക്കിറ്റും പൂർണമായും സൗജന്യമായി നൽകി. യുഡിഎഫ് സർക്കാർ എപിഎൽ വിഭാഗത്തിന് ഒരുകാലത്തും സൗജന്യമായി അരി നൽകിയിരുന്നില്ല.

മെഡിക്കൽ കോളേജ്

യാതൊരുവിധ സൗകര്യങ്ങളുമില്ലാതെ ബോർഡ് മാറ്റി നടത്തിയ പ്രഖ്യാപനങ്ങളാണ് യുഡിഎഫ് കാലത്തേത്. എല്ലാത്തിനുമൊപ്പം അഴിമതി ആരോപണങ്ങളും. ബോർഡ് മാറ്റുന്നതല്ല, സൗകര്യങ്ങൾ ഒരുക്കി മെഡിക്കൽ കോളേജ് നിലവാരത്തിലേക്ക് ഉയർത്തുകയായിരുന്നു ഈ സർക്കാർ.

ആശ്വാസകിരണം പദ്ധതി

വി എസ് സർക്കാരിന്റെ കാലത്ത് 2010 ലാണ് ‘ആശ്വാസകിരണം’ പദ്ധതി ആരംഭിച്ചത്. യുഡിഎഫ് കാലത്ത് ഗുണഭോക്താക്കളുടെ എണ്ണം 63,544 ആയിരുന്നു. നിലവിൽ 1.14 ലക്ഷം ഗുണഭോക്താക്കൾക്കായി 338 കോടി രൂപ ചെലവഴിച്ചു. ‘സ്നേഹപൂർവം’ പദ്ധതിയിൽ നിലവിൽ 50,642 ഗുണഭോക്താക്കളുണ്ട്. ‘വികെയർ’ പദ്ധതിയിൽ കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് 17 ഗുണഭോക്താക്കൾ ഉണ്ടായിരുന്നത് ഇന്ന്‌ 1250 ആയി. ‘സമാശ്വാസം’ പദ്ധതിയിൽ യുഡിഎഫ് സർക്കാർ ചെലവഴിച്ചത് 13 കോടി രൂപ. ഈ സർക്കാർ 40.5 കോടി ചെലവഴിച്ചു.

രാഷ്ട്രീയ കൊലപാതകങ്ങൾ

യുഡിഎഫ്‌ ഭരണകാലത്ത്‌ വെറും 11 രാഷ്‌ട്രീയ കൊലപാതകമേ നടന്നിട്ടുള്ളൂവെന്നാണ്‌ ഉമ്മൻചാണ്ടി അവകാശപ്പെടുന്നത്‌. എന്നാൽ ആ സർക്കാരിന്റെ അവസാനകാലത്ത്‌ നിയമസഭയിൽ അന്നത്തെ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല നൽകിയ മറുപടിയിൽ 29 രാഷ്‌ട്രീയ കൊലപാതകം നടന്നുവെന്ന് പറയുന്നുണ്ട്.

പിഎസ്‌സി നിയമനം

യുഡിഎഫ് കാലത്ത്‌ 1,50,353 പേർക്കാണ്‌ നിയമനം നൽകിയത്‌. എൽഡിഎഫ് സർക്കാർ 1,63,131 പേർക്ക് നിയമനം നൽകി. യുഡിഎഫ് കാലത്ത് നിയമനം നൽകാത്ത 4,031 കെഎസ്ആർടിസി കണ്ടക്ടർമാർക്ക് ഈ സർക്കാരാണ് നിയമനം നൽകിയത്.

റബർ സബ്സിഡി

യുഡിഎഫ് കാലത്ത് 381 കോടി രൂപയാണ്‌ റബർ സബ്സിഡിയായി വിതരണം ചെയ്തത്. എൽഡിഎഫ് കാലയളവിൽ 1382 കോടി രൂപ വിതരണം ചെയ്‌തു. യുഡിഎഫ് അവസാന വർഷം 300 കോടി നീക്കിവച്ചെങ്കിലും 219 കോടി കുടിശ്ശികയായിരുന്നു.

വൻകിട പദ്ധതികൾ, ബൈപാസുകൾ, പാലങ്ങൾ

യുഡിഎഫ് കാലത്തെ കെടുകാര്യസ്ഥതയുടെയും അഴിമതിയുടെയും സ്‌മാരകസ്തൂപമായിരുന്ന പാലാരിവട്ടം പാലം എൽഡിഎഫ് കാലത്ത് പുതുക്കിപ്പണിതു. കണ്ണൂർ വിമാനത്താവളം, കൊച്ചി മെട്രോ പൂർത്തിയാക്കൽ, ദീർഘിപ്പിക്കൽ, കൊച്ചി വാട്ടർ മെട്രോ, ദേശീയ ജലപാത, ദേശീയപാതാ വികസനം, റെയിൽവേ വികസനം, മലയോര ഹൈവേ, തീരദേശ ഹൈവേ, കെ റെയിൽ, കെ ഫോൺ, ഗെയി‌ൽ പൈപ്പ്‌ ലൈൻ, എൽഎൻജി ടെർമിനൽ, പെട്രോ കെമിക്കൽസ് പാർക്ക്, ലൈഫ് സയൻസസ് പാർക്ക്, ഹൈടെക്ക് ഇൻഡസ്ട്രിയൽ കോറിഡോർ തുടങ്ങി സർക്കാർ നടപ്പാക്കിയ ഒട്ടനവധി പദ്ധതികളുണ്ട്‌‌.

 

ഭവനനിർമാണം

യുഡിഎഫ് സർക്കാരിന്റെ കാലത്ത് 4,43,449 വീട്‌ നിർമിച്ചുഎന്നാണ് അവകാശവാദം. യുഡിഎഫ് സർക്കാർ വച്ചുനൽകിയ വീടുകളുടെ എണ്ണം 3,141 എന്നാണ് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി നിയമസഭയിൽ പറഞ്ഞത്‌. എൽഡിഎഫ് സർക്കാർ ഇതിനകം 2.75 ലക്ഷത്തിൽപ്പരം വീട്‌ നിർമിച്ചു നൽകി.

ജനസമ്പർക്ക പരിപാടി

മേളകളും ഒച്ചപ്പാടുമില്ലാതെ ഫലപ്രദമായ സംവിധാനത്തിലൂടെ 3,43,050 അപേക്ഷ ലഭിച്ചതിൽ 2,86,098 എണ്ണം തീർപ്പാക്കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ ലഭിച്ച 7,70,335 അപേക്ഷയിൽ 1800 കോടിയോളം രൂപയുടെ ധനസഹായം നൽകി.

പട്ടയവിതരണം

യുഡിഎഫ് സംസ്ഥാനത്താകെ 89,884 പട്ടയം വിതരണം ചെയ്തു. എൽഡിഎഫ് കാലത്ത്‌ 1,77,011 പട്ടയം നൽകി. ലാൻഡ്‌ ട്രിബ്യൂണലുകളിൽ നിലവിലുണ്ടായിരുന്ന 1,53,062 കേസ്‌ തീർപ്പാക്കി 78,071 പട്ടയവും ക്രയ സർട്ടിഫിക്കറ്റുകളും അനുവദിച്ചു.

ശബരിമല

ശബരിമല തീർഥാടനത്തിനായി യുഡിഎഫ് സർക്കാർ 341.21 കോടി രൂപ അനുവദിച്ചപ്പോൾ എൽഡിഎഫ് സർക്കാർ 1487.17 കോടി രൂപ അനുവദിച്ചു. മാസ്റ്റർ പ്ലാൻ നടപ്പാക്കുന്നതിന് യുഡിഎഫ് സർക്കാർ 115 കോടി രൂപയാണെങ്കിൽ എൽഡിഎഫ് സർക്കാർ 135.9 കോടി രൂപ അനുവദിച്ചു. ശബരിമല ഇടത്താവളം നിർമിക്കാൻ കിഫ്ബി മുഖാന്തരം 118.35 കോടി രൂപയൂം വരുമാന കുറവ് നികത്താൻ 120 കോടി രൂപയും അനുവദിച്ചു.

 

പൊതുമേഖലാ സ്ഥാപനങ്ങൾ

2015–-16 ൽ പൊതുമേഖലാ സ്ഥാപനങ്ങളുടെ ആകെ നഷ്ടം 213 കോടി രൂപ. 2019–-20 ൽ 102 കോടി രൂപയുടെ ആകെ ലാഭം. വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തനമാരംഭിച്ചു.

പ്രവാസിക്ഷേമം

പ്രവാസി വെൽഫെയർ ഫണ്ടിലെ അംഗത്വം 1.1 ലക്ഷത്തിൽനിന്നും 5.6 ലക്ഷമായി. പ്രവാസി ക്ഷേമത്തിനായി മയുഡിഎഫ് സർക്കാർ 68 കോടി രൂപ ചെലവാക്കിയപ്പോൾ എൽഡിഎഫ് 180 കോടി ചെലവാക്കി.

സാമ്പത്തിക വളർച്ച

യുഡിഎഫ് കാലത്ത് ശരാശരി സാമ്പത്തിക വളർച്ച 4.85 ശതമാനമാണ്. എൽഡിഎഫ് കാലത്ത് 4 വർഷത്തെ സാമ്പത്തിക വളർച്ച 5.44 ശതമാനം.

മറ്റു ചില കണക്കുകൾകൂടി

മുൻ യുഡിഎഫ് സർക്കാർ 7780 കി.മീ റോഡ്‌ പൂർത്തിയാക്കിയപ്പോൾ എൽഡിഎഫ് സർക്കാർ 11,580 കി.മീ റോഡ്‌ 2021 ജനുവരിവരെ പൂർത്തീകരിച്ചു. 4530 കി.മീ കൂടി പൂർത്തിയാക്കും. യുഡിഎഫ് കാലത്ത്‌ 4.9 ലക്ഷം ശുദ്ധജലവിതരണ കണക്ഷൻ നൽകിയപ്പോൾ എൽഡിഎഫ് സർക്കാർ 11.02 ലക്ഷം കണക്ഷൻ നൽകി.